പഴയൊരു ശൂദ്രലഹളയിൽ പ്രസ്‌ തകർക്കപ്പെട്ട അവര്‍ണ്ണരുടെ ഇടയിലെ ആദ്യത്തെ പത്രാധിപർ

ജനുവരി 10: അവര്‍ണ്ണരുടെ ആദ്യത്തെ വര്‍ത്തമാനപത്രത്തിൻറെ പത്രാധിപർ പരവൂര്‍ വി. കേശവനാശാൻറെ ഓർമ്മദിനം

ലിബി. സി.എസ്

കേശവനാശാന്‍ ആരായിരുന്നുവെന്ന ഇന്നത്തെ തലമുറയുടെ ചോദ്യത്തിനുള്ള ഉത്തരം ആശാന്‍റെ സതീര്‍ത്ഥ്യനും പണ്ഡിതകവിയുമായ അഴകത്ത് പത്മനാഭക്കുറുപ്പ് നല്‍കുന്നു: “ആശാന്‍ ഒരു വൈയാകരണനോ, താര്‍ക്കികനോ, കവിയോ, പത്രാധിപരോ ആരായിരുന്നു എന്നൊരാള്‍ ചോദിക്കുന്നതായാല്‍ എല്ലാറ്റിനും ‘ആശാനാ’യിരുന്നു എന്ന് ഒറ്റവാക്കുകൊണ്ട് ഉത്തരം പറയത്തക്കവണ്ണം വേണ്ട കോപ്പും ശിഷ്യസമ്പത്തുമുള്ള ആളായിരുന്നു. പരവൂർ കേശവനാശാന്‍”

ശ്രീനാരായണ ഗുവിനോടൊപ്പം എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യ നയരൂപീകരണ സമിതിയില്‍ അംഗമായിരുന്നുകൊണ്ട് നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ബഹുമുഖ പ്രതിഭയായിരുന്നു പരവൂര്‍ വി.കേശവനാശാൻ. കേരള നവോത്ഥാനശില്പികള്‍ക്കിടയിലെ അർഹിക്കുന്ന പരിഗണന ലഭിക്കാതെപോയ പലരിൽ ഒരു പ്രധാനിയും പണ്ഡിതനു’മായിരുന്നു അദ്ദേഹം “അപാരമായ പാണ്ഡിത്യത്തിനും പ്രതിഭാവിലാസത്തിനും അനുഗുണമായി ഉന്നതസംസ്കാരവും ആരാധ്യമായ സമുദായ സ്നേഹവും ഉറഞ്ഞു നിന്നിരുന്ന അപൂര്‍വ്വം ചില മഹാന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. സംസ്കൃതപണ്ഡിതന്‍, മാതൃകാധ്യാപകന്‍, ആയുർവേദ വൈദ്യന്‍, നിസ്വാര്‍ത്ഥനായ സമുദായ സേവകന്‍, നിര്‍ഭയനായ പത്രപ്രവര്‍ത്തകന്‍, എന്നിങ്ങനെവിവിധ നിലകളില്‍ അദ്ദേഹം സമാര്‍ജ്ജിച്ചിട്ടുള്ള സല്‍കീര്‍ത്തി അന്യാദൃശമാണ്.

അദ്ദേഹത്തിന്‍റെ അടങ്ങാത്ത സ്വാതന്ത്ര്യദാഹവും അന്വേഷണ ത്വരയും അസാധാരണ പ്രതിഭാശേഷിക്കൊപ്പം ചേര്‍ന്നപ്പോള്‍ കേരള നവോത്ഥാനത്തിനു ലഭിച്ച ‘ജ്ഞാനോദയ’മായിരുന്നു ‘സുജനാനന്ദിനി’ എന്ന പത്രം.ഭാരതീയ സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം പിടിച്ചുപറ്റാന്‍ ശ്രമിച്ച ഈഴവരുടെയെന്നല്ല കേരളത്തിലെ മുഴുവന്‍ അവര്‍ണ്ണരുടെയുമിടയിലെ ആദ്യത്തെ വര്‍ത്തമാനപത്രമായിരുന്നു അത്. ശ്രീബുദ്ധനെയും ശ്രീനാരായണ ഗുരുവിനേയുമൊക്കെ അദ്ദേഹം മാനവികതയുടെ മുഖം നല്‍കി ‘സുജനാനന്ദിനി’ യിൽ അവതരിപ്പിച്ചു. ശൂദ്ര ലഹളക്കാർ അദ്ദേഹത്തിൻറെ പ്രസ് നശിപ്പിക്കുകയായിരുന്നു.

പരവൂരിലെ ആദ്യത്തെ ഭാഷാകവിയായിരുന്ന എഴിയത്ത് കൊച്ചമ്പാളി ആശാന്‍റെ അനന്തിരവനും പ്രശസ്ത ഭിഷഗ്വരനുമായിരുന്ന എഴിയത്ത് വൈരവന്‍ വൈദ്യന്‍റെയും തയ്യില്‍ കുഞ്ഞുക്കുറുമ്പയമ്മയുടെയും പുത്രനായി 1034 കുംഭം 17-ാം തീയതി (1859) കൊല്ലം പരവൂരില്‍ 160 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേശവന്‍ ഭൂജാതനായി.

വി.കേശവനാശാനെന്ന സാമൂഹിക പരിഷ്കർത്താവിനു വേണ്ടത്ര ആദരവ് കേരള സമൂഹം നൽകിയിട്ടില്ല. നവോത്ഥാന പ്രസ്ഥാനത്തിന്റെ നായകന്മാരായ വേലുക്കുട്ടി അരയനെയും മഹാകവി കെ.സി.കേശവപിള്ളയെയും വാർത്തെടുക്കുന്നതിൽ കേശവനാശാന്റെ ഗുരുകുല കളരി വലിയ പങ്കാണു വഹിച്ചത്. കേശവനാശാൻറെ 102 ആം ചരമവാർഷികദിനമാണ്‌ ഇന്ന്. കേരളം നവോത്ഥാനമൂല്യങ്ങളുടെ കാലികപ്രസക്തി ചർച്ചചെയ്യുന്ന വർത്തമാന കാലഘട്ടത്തിൽ ഓർക്കാൻ വിസ്മരിക്കരുതാത്ത നാമമാണ് പത്രാധിപർ പരവൂര്‍ വി. കേശവനാശാന്റേത്.