അഭിമന്യുവിന്റെ വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി

കേരള മനസാക്ഷിയിലും വിദ്യാർഥി സമൂഹത്തിന്റെ മനസിലുംഎക്കാലവും നിറഞ്ഞുനിൽക്കുന്ന വിപ്ലവകാരിയാണ്‌ അഭിമന്യു. അഭിമന്യുവിന്റെ കുടുംബത്തിന് എല്ലാ ഘട്ടത്തിലും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംരക്ഷണവും പിന്തുണയും ഉണ്ടാകുമെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ. അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐ എം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു പിണറായി.

കൊലയാളികൾക്കു വേണ്ടത്‌ നാം ഭയന്നുവിറങ്ങലിച്ച്‌ മാറി നിൽക്കലാണ്‌. അതിലൂടെ അവർക്കു കടന്നുവരാമെന്നാണ്‌ വ്യാമോഹം. എന്നാൽ ഒരിടത്തും ഇത്തരം കൊലയാളികൾക്ക്‌ അതിനു നാം അവസരം നൽകിയിട്ടില്ല. വേദന കടിച്ചമർത്തിക്കൊണ്ടു തന്നെ അതിശക്തമായ പ്രതിരോധം എല്ലായിടങ്ങളിലും ഉയർന്നുവന്നിരുന്നു എന്നു നാം ഓർക്കണം.

അഭിമന്യുവിന്റെ നഷ്‌ടം നികത്താനാകാത്തതാണ്‌. ആ ഓർമ്മ എക്കാലവും നിലനിൽക്കും. അഭിമന്യുവിന്റെ വേർപാടിൽ വേദനിച്ചുകഴിയുന്ന അച്ഛനോടും അമ്മയോടും കുടുംബാംഗങ്ങളോടും പറയാനുള്ളത് അഭിമന്യുവിനെ നിങ്ങൾക്ക്‌ നഷ്‌ടപ്പെട്ട അതേ പ്രായത്തിൽ തന്നെ തുടർന്നുള്ള എല്ലാ കാലവും ഈ നാട്ടിലെ ഇടതുപക്ഷ മനസിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമായി മാറുകയാണ്‌. ഉത്തമമായ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ജീവൻ ബലികൊടുക്കേണ്ടി വന്ന സന്താനമാണ്‌ അഭിമന്യു എന്ന അഭിമാനബോധം നിങ്ങളിൽ എക്കാലവും ഉയർന്നു നിൽക്കണം. വേദനയോടൊപ്പം ഇനി ഉയരേണ്ടത്‌ ആ ശക്തികൾക്കെതിരായ കഠിനമായ രോഷമാണ്‌. വേദന കടിച്ചമർത്തി ആ രോഷം സമൂഹത്തിൽ പടർത്തുന്നതിനുള്ള ശ്രമമായിരിക്കണം നിങ്ങൾ നടത്തുന്നത്‌‐ പിണറായി പറഞ്ഞു.

അഭിമന്യുവിന്റെ ഓർമ്മ പല രീതിയിലാണ്‌ നിലനിൽക്കാൻ പോകുന്നത്‌. വട്ടവടയിൽ അഭിമന്യു സ്‌മാരക വായനശാലയും എറണാകുളത്ത്‌ നല്ല രീതിയിലുള്ള സ്‌മാരകവും വരാൻ പോകുന്നു. ഇതിനെല്ലാം അപ്പുറം വരുംകാലങ്ങളിലും വിദ്യാർഥി സമൂഹത്തിന്റെ മനസിലും കേരള മനസാക്ഷിയിലും നിറഞ്ഞുനിൽക്കുന്ന വിപ്ലവകാരിയാണ്‌ അഭിമന്യു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

യാദൃശ്‌ചികമായ ഒരു കൊലപാതകമായിരുന്നില്ല അഭിമന്യുവിന്റേത്‌. കൃത്യമായ ആസൂത്രണം അതിനുപിന്നിലുണ്ടായിരുന്നു. ക്യാമ്പസുകളിൽ നിറഞ്ഞു നിൽക്കുന്ന സംഘടനയാണ്‌ എസ്‌എഫ്‌ഐ. എന്നാൽ കേരളത്തിലെ ക്യാമ്പസുകളിൽ അത്രയൊന്നും സ്വാധീനമില്ലാത്ത കൂട്ടരാണ്‌ കൊലപാതക്കതിലൂടെ തങ്ങൾക്ക്‌ സ്വാധീനം വർധിപ്പിക്കാനാകുമോ എന്ന്‌ നോക്കുന്നത്‌. എന്തിനെയും വർഗീയതയുടെ അടിസ്ഥാനത്തിൽ കാണുക, എന്തിനെയും വർഗീയവൽക്കരിക്കുക എന്നതാണ്‌ അവരുടെ രീതി.

വിദ്യാർഥി സംഘടന എന്ന പേരുണ്ടെങ്കിലും അഭിമന്യുവിനെ കൊലചെയ്യാൻ പുറത്തുനിന്നുള്ള ക്രിമിനലുകളുടെയടക്കം സഹായം ലഭിച്ചിരുന്നു. എസ്‌എഫ്‌ഐയെ ക്ഷീണിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ്‌ അഭിമന്യുവിനെ കൊലചെയ്‌തത്‌. എസ്‌എഫ്‌ഐയുടെ കരുത്ത്‌ തങ്ങളുടെ വളർച്ചയ്‌ക്ക്‌ തടസമാണ്‌ എന്ന്‌ തിരിച്ചറിയുന്നതുകൊണ്ടാണിത്‌. അഭിമന്യു എന്ന ചെറുപ്പക്കാരനെ അവർ ലക്ഷ്യമിട്ടത്‌ ഇടതുപക്ഷത്തെ വിദ്യാർഥി സംഘടനയുടെ പ്രധാന പ്രവർത്തകനായതുകൊണ്ടാണ്‌. അതുകൊണ്ടു തന്നെ അഭിമന്യുവിന്റെ കുടുംബത്തിന് എല്ലാ ഘട്ടത്തിലും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംരക്ഷണവും പിന്തുണയും ഉണ്ടാകും‐ അദ്ദേഹം പറഞ്ഞു.

അഭിമന്യു എന്ന കുട്ടിയെ കോളേജ്‌ അങ്കണത്തിൽവെച്ച്‌ കൊലപ്പെടുത്തി എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ നാടാകെ ഒരേ രീതിയിൽ അതിനെതിരെ പ്രതിഷേധിച്ചു. വർഗീയ ശക്തികളെ അകറ്റി നിർത്തണമെന്ന അഭിപ്രായമുയർന്നു. ഇടതുപക്ഷക്കാർ മാത്രമല്ല, ഇടതുപക്ഷ വിരുദ്ധരായവർ പോലും ആ കൊലപാതകം അതിക്രൂരമായി എന്ന്‌ പറയാനിടയായി. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള പ്രവർത്തനവും അഭിമന്യുവിന്റെ സ്‌മരണ നിലനിർത്താനുള്ള പ്രവർത്തനവുമെല്ലാം സ്വയമേവ പൊട്ടിപ്പുറപ്പെട്ടു. പാർടിയുടെ ഇടുക്കി, എറണാകുളം ജില്ലാ കമ്മിറ്റികൾ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. മഹാരാജാസിലെ മുൻ ഇടതുപക്ഷ വിദ്യാർഥി സംഘടനാ പ്രവർത്തകരും ഇത്തരം കാര്യങ്ങളിൽ പങ്കുവഹിച്ചു. അഭിമന്യുവിന്റെ സംഘടനയായ എസ്‌എഫ്‌ഐ നേതൃത്വം കൊടുത്ത പ്രവർത്തനത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സഹായഹസ്‌വുമായെത്തിയവരെയും ഈ ഘട്ടത്തിൽ ഓർക്കണം. നമ്മുടെ നാട്ടിൽ ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള ഒട്ടേറെ നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരം ഇടപെടലുകളെന്നും നാം പ്രത്യേകം ഓർക്കണം.