ഇന്ത്യ അമിത് ഷായുടെ അച്ഛന്‍റെ കുടുംബ സ്വത്തല്ല: പ്രകാശ് രാജ്

ഇന്ത്യ അമിത് ഷായുടെ അച്ഛന്‍റെ കുടുംബ സ്വത്തല്ല.തന്‍റെ അച്ഛന്‍റെ സ്വത്താണ് ഇന്ത്യ എന്നത് പോലെയാണ് അമിത് ഷാ സംസാരിക്കുന്നതെന്നും ആര് അധികാരത്തില്‍ വരണമെന്ന് നിങ്ങളല്ല ജനങ്ങളാണ് തീരുമാനിക്കുകയെന്നും നടന്‍ പ്രകാശ് രാജ്. കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവേ അടുത്ത തവണ അധികാരത്തിലേറിയാല്‍ ബി ജെ പി തുടര്‍ന്നുള്ള അമ്പത് വര്‍ഷം രാജ്യം ഭരിക്കും എന്നുള്ള അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഓരോ ഗിമ്മിക്കുകള്‍ പുറത്തേക്ക് എടുക്കുകയാണ്. മുന്നോക്ക വിഭാഗത്തിന് ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണത്തിന് നോട്ട് നിരോധനത്തിന്റെയും ജി എസ് ടി യുടെയുടേയും ഭാവിയേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മനുഷ്യനേക്കാള്‍ വില പശുവിനാണോ എന്ന് ബി ജെ പി നേതാക്കള്‍ പറയണം. പശുവിനും ഗോമൂത്രത്തിനും ചാണകത്തിനും വരെ അമിത പ്രാധാന്യം നല്‍കുന്ന നേതാക്കളുടെ തലയിലും ചാണകമാണ്. എന്തുകൊണ്ട് ഇവര്‍ മൂന്ന് നേരം ഗോമൂത്രം കുടിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. താന്‍ പ്രസംഗിക്കുന്ന ഇടങ്ങളിലെല്ലാം ശുദ്ധികര്‍മ്മം നടത്തുകയാണ്. അങ്ങിനെയെങ്കിലും സ്വച്ഛ് ഭാരത് നടപ്പിലാകട്ടെ എന്നും അദ്ദേഹം പരിഹസിച്ചു.

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ കയറിയത് കൊണ്ട് ശുദ്ധികര്‍മ്മം നടത്തിയവരുടെ മനസ്സാണ് ആദ്യം ശുദ്ധീകരിക്കേണ്ടത്. പ്രളയകാലത്ത് ഒന്നിച്ച്‌ നിന്ന മനുഷ്യര്‍ ശബരിമല വിഷയത്തില്‍ തമ്മിലടിക്കുന്ന കാഴ്ചയാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു ആചാരത്തെ എങ്ങിനെയാണ് മലയാളികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുക.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. തനിക്ക് ലഭിക്കുന്നത് ഒരു വോട്ട് ആണെങ്കില്‍ കൂടി അതിന് മൂല്യമുണ്ട്. ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.