പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം: രാഹുലിന്റെ പ്രഖ്യാപനം സ്വപ്‌ന പദ്ധതി: കമല്‍ഹാസന്‍

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം നല്‍കുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ സ്വപ്‌ന പദ്ധതിയായി വിശേഷിപ്പിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി തലവനുമായ കമല്‍ഹാസന്‍. മികച്ച പദ്ധതിയാണെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ഏറെ പ്രയാസകരമാണതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും രാഹുല്‍ അതു നടപ്പിലാക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

തന്റെ പാര്‍ട്ടിയുടെ പുതുച്ചേരി ഘടകത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. പ്രിയങ്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ എങ്ങനെ കാണുന്നു എന്നു ചോദിച്ചപ്പോള്‍ ‘സ്വാഗതം സഹോദരീ’ എന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

രാജ്യത്തു സാഹോദര്യവും ഐക്യവും പുലര്‍ന്നു കാണുന്നതിനാണ് താനെപ്പോഴും നിലകൊള്ളുന്നതെന്ന് രാമക്ഷേത്ര പ്രശ്‌നവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയവെ എം എന്‍ എം നേതാവ് വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു. എന്നാല്‍, മറ്റുള്ളവരുടെ വിഴുപ്പു ചുമക്കേണ്ടതില്ലെന്നതു വളരെ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.