നീരവ് മോദിക്ക് 35,000 കോടി, അംബാനിക്ക് 30,000, മല്യയ്ക്ക് 10,000 കോടി; കര്‍ഷകന് വെറും 3.5 രൂപ: രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ എണ്ണിപ്പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബീഹാറിലെ പാറ്റ്‌നയില്‍ പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാജ്യത്തെ പറ്റിച്ച് മുങ്ങിയവരെകുറിച്ചും കോടിപതികളെ കുറിച്ചും രാഹുല്‍ മോദി സര്‍ക്കാരിന്റെ പിടിപ്പുകേടില്‍ ആഞ്ഞടിച്ചത്.പത്തു ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ കടം എഴുത്തള്ളുമെന്ന വാഗ്ദാനം മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് നടപ്പാക്കിയെന്നും രാഹുല്‍ പറഞ്ഞു

വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ കയ്യിലെടുക്കുന്നതില്‍ മോദിയുടെ മിടുക്ക് പ്രശസ്തമാണ്. എന്നാല്‍, സത്യത്തില്‍ അദ്ദേഹം ചെയ്യുന്നത് എന്താണ്? കര്‍ഷകന് ദിവസം 17 രൂപയാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. അതായത് ഒരു കര്‍ഷക കുടുംബത്തിന് ഒരംഗത്തിന് ലഭിക്കുന്നത് വെറും മൂന്നര രൂപ. എന്നാല്‍ അനില്‍ അംബാനിക്ക് 30,000 കോടി രൂപയും നീരവ് മോദിക്ക് 35,000 കോടി രൂപയും വിജയ് മല്യയ്ക്ക് 10,000 കോടി രൂപയുമാണ് മോദി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

ജനങ്ങളുടെ കീശയില്‍ നിന്ന് പണമെടുത്താണ് മോദി മല്യയ്ക്കും മെഹുല്‍ ചോക്സിക്കും നീരവ് മോദിക്കും നല്‍കിയത്. മോദി എല്ലാവര്‍ക്കും 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ആ 15 ലക്ഷം കിട്ടിയ ആരെങ്കിലും ഈ റാലിയില്‍ ഉണ്ടോ?- രാഹുല്‍ ഗാന്ധി ചോദിച്ചു.

മോദി ഇപ്പോഴും മാര്‍ക്കറ്റ് ചെയ്യുന്ന തിരക്കിലാണെന്നും രാഹുല്‍ പറഞ്ഞു. അടിസ്ഥാനമില്ലാത്ത പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. വിഡ്ഢിത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ യുവാക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും അദ്ദേഹം നല്‍കിയില്ല- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ രാമക്ഷേത്ര വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ മടിച്ച് രാഹുല്‍ ഗാന്ധി. ഉത്തരാഖണ്ഡില്‍ ശനിയാഴ്ച ബിജെപി പ്രചാരണ യോഗത്തിലാണ് നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിച്ചത്. എത്രയും വേഗം ക്ഷേത്രം നിര്‍മിക്കണമെന്നാണ് ബിജെപിയുടെ നിലപാടെന്നും അമിത് ഷാ പറഞ്ഞു. ഞായറാഴ്ച ഡല്‍ഹിയില്‍ ബിജെപി സംഘടിപ്പിച്ച ‘ഭാരത് കെ മന്‍ കി ബാത്ത്, മോഡി കെ സാത്ത്’ എന്ന പരിപാടിയിലും ഷാ വെല്ലുവിളി ആവര്‍ത്തിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്. 1993 ല്‍ ഏറ്റെടുത്ത രാമജന്മഭൂമി ന്യാസിന്റെ ഭൂമി മടക്കിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് നടത്തിപ്പില്‍ തടസ്സമാകരുതെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുകയാണ്. അയോധ്യയില്‍ അതേസ്ഥലത്ത് തന്നെ എത്രയും വേഗം രാമക്ഷേത്രം നിര്‍മിക്കണം. ഇക്കാര്യത്തില്‍ ബിജെപിക്ക് അവ്യക്തതയില്ല. എല്ലാ പാര്‍ടികളും നിലപാട് വ്യക്തമാക്കണം– അമിത് ഷാ പറഞ്ഞു.

അയോധ്യാ വിഷയത്തില്‍ അമിത് ഷാ വെല്ലുവിളി നടത്തി രണ്ടുദിവസം പിന്നിട്ടിട്ടും രാഹുല്‍ ഗാന്ധി മൗനം തുടരുകയാണ്. കോടതി വിധി അംഗീകരിക്കുമെന്ന നിലപാടായിരുന്നു ഇതേവരെ. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ നിലപാട് ആവര്‍ത്തിക്കാന്‍ രാഹുല്‍ മടിക്കുന്നു. കോണ്‍ഗ്രസ് സമീപകാലത്തായി സ്വീകരിച്ചുവരുന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ മൗനവും. മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് ബിജെപിയെ പോലും ഞെട്ടിക്കും വിധമാണ് ഹിന്ദുത്വ നയങ്ങള്‍ നടപ്പാക്കുന്നത്.

ബിജെപി സര്‍ക്കാരുകള്‍ നടപ്പാക്കി വന്നിരുന്ന ഗോസംരക്ഷണ പദ്ധതികളും മറ്റും അതേപടി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളും. പശുക്കളെ ദത്തെടുക്കല്‍ പദ്ധതിക്കാണ് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാര്‍ തുടക്കമിട്ടത്. പശുസംരക്ഷണത്തിനായി ആയിരം ഗോശാലകള്‍ നാലുമാസംകൊണ്ട് നിര്‍മിക്കുമെന്നാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ പ്രഖ്യാപനം. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വ ബില്ലിന്റെ കാര്യത്തിലും കോണ്‍ഗ്രസ് മൗനത്തിലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ പൗരത്വ ബില്ലിനെതിരായി പ്രക്ഷോഭം ശക്തിപ്പെടുമ്പോഴും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നില്ല.