കനകദുർഗ്ഗ ഹീറോയിൻ ആവുന്നത്‌ അവർ ശബരിമല കയറിയതുകൊണ്ടല്ല

ലിബി. സി.എസ്

കനകദുർഗ്ഗ എനിക്ക്‌ ഹീറോയിൻ ആവുന്നത്‌ അവർ ശബരിമല കയറിയതുകൊണ്ടല്ല. ചാണകങ്ങളോട് മാപ്പുപറയാൻ കൂട്ടാക്കാതെ ആണത്ത നിർമ്മിത ലോകത്ത്‌ നെഞ്ചുയർത്തി നിന്നുകൊണ്ടാണ്.

സത്യമായും കേരളത്തിലെ ഒരു ഫെമിനിസ്റ്റിന്റെയും വാളിൽ ഇങ്ങനെയൊരു കുറിപ്പ് കണ്ടില്ല. തീർച്ചയായും വീടുകൾ തിരിച്ചു പിടിക്കുവാൻ അവർക്കു അവകാശമുണ്ട് എന്ന് എഴുതാൻ കമ്യൂണിസ്റ് പാർട്ടിയുടെ മുഖ പത്രത്തതിന് പോലും കഴിഞ്ഞില്ല. കേരളത്തിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളിൽ ഒന്നിൻറെ മുഖപത്രത്തിൻറെ തലക്കെട്ട് ജനം, ജന്മഭൂമി എന്നിങ്ങനെ ‘ജ’ പ്രസിദ്ധീകരണങ്ങളുടെ നിലവാരം കാത്തു. എല്ലാം ‘ജ’ യിൽ തുടങ്ങുന്നതിനാൽ ഒന്നുകൂടി ഇതേതു പത്രമെന്ന് നോക്കി ഉറപ്പുവരുത്തിയിരുന്നു “കോടതിയില്‍ വിജയിച്ച കനകദുര്‍ഗക്കു ‘കുടുംബത്തെ കോടതി’യില്‍ പരാജയം” എങ്ങനുണ്ട് ? ജന്മഭൂമിയെ കടത്തിവെട്ടി.ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ ഭര്‍തൃമാതാവ് നടത്തിയ കയ്യാങ്കളിക്കും പട്ടികയ്ക്കടിക്കും ശേഷം പരുക്കേറ്റ കനക ദുര്‍ഗ ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ് സംരക്ഷണ കേന്ദ്രത്തിൽ കഴിയുകയും ചെയ്തശേഷം ഹിന്ദുസമൂഹത്തോട് മാപ്പുപറയാതെ വീട്ടിൽകയറ്റില്ലെന്ന ഭർത്താവിൻറെ ബന്ധുക്കളുടെ നിലപാട് അംഗീകരിക്കാൻ തയാറാകാതെ നിയമനടപടി സ്വീകരിച്ച് തിരികെ വീട്ടിലെത്തിയ വാർത്തയുടെ കമ്യൂണിസ്റ്റ് മുഖപത്രത്തിൻറെ ഹെഡ്‌ലൈൻ ആണ് ഇത്.

ഡി വി ആക്ടിനെക്കുറിച്ചോ, രാമനെ പ്പോലെ അങ്ങനെ തോന്നുമ്പോൾ ഭാര്യയെ ഉപേക്ഷിക്കാൻ ഇത് രാമരാജ്യമല്ലെന്നും റെസിഡൻസ് ഓർഡർ ലഭിക്കുമെന്നുമുള്ള പ്രാഥമീക നിയമപരിജ്ഞാനമോ പോലുമില്ലാത്ത സംഘികളായ ആക്രമണ പ്രമുഖ് മാരുടെ ഉപദേശപ്രകാരം മരുമകളെ പട്ടികയ്ക്കടിച്ച് ഓടിക്കാമെന്ന് കരുതിയ അമ്മായിയമ്മയും മോനും ദുരഭിമാനത്താൽ വീടുവിട്ട താണത്രേ കനക ദുർഗ്ഗയുടെ കുടുംബത്തെ കോടതിയിലെ പരാജയം!

അവരെയെല്ലാം ഒരുവഴിക്കാക്കി ‘ആ രമ’ പറഞ്ഞു സ്ഥലം വിട്ട ആക്രമണ പ്രമുഖ് ൻറെ അതേ മനോഘടന തന്നെയാണ് കനകയെ ‘കുടുംബത്തെ കോടതിയിൽ’ എങ്കിലും പരാജയപ്പെടുത്തി നിർവൃതികൊണ്ട ഈ ലേഖകനും എന്ന് വ്യക്തം. എന്നാൽ അവിടെയും കനകയുടെ മറുപടി വേറിട്ട് നിൽക്കുന്നു.”കാലം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അ വര്‍ക്ക്‌ എന്റെ ഒപ്പം താമസിക്കാന്‍ താത്പര്യമില്ലാത്തു കൊണ്ടാണല്ലോ മറ്റ് വീടുകളിലേക്ക് പോയത്.അതിലെനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. അവരുടെ കൂടെ ജീവിക്കാന്‍ ഞാന്‍ തയ്യാറാണ് . എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും”- ഇതായിരുന്നു കനക ദുര്‍ഗയുടെ വാക്കുകൾ.

കുഞ്ഞൂട്ടി തെന്നലയുടെ വാക്കുകൾ കടമെടുത്ത് പറയട്ടെ ‘ഭർത്തൃ വീടിന്റെ അവകാശം തിരിച്ചു പിടിച്ചപ്പോൾ ഭർത്താവിനു തന്റെ വീട്ടിൽനിന്നും ഓടിപ്പോവേണ്ടി വന്നതും ശബരിമല ദർശ്ശനം പോലെത്തന്നെ മറ്റൊരു ചരിത്ര നിർമ്മിതി തന്നെ… . ‘

കനകദുർഗ്ഗ എനിക്ക്‌ ഹീറോയിൻ ആവുന്നത്‌ അവർ ശബരിമല കയറിയതുകൊണ്ടല്ല കുടുംബം എന്ന ആണത്ത നിർമ്മിത ലോകത്ത്‌ നെഞ്ചുയർത്തി നിൽക്കുന്ന സ്ത്രീകളെ പടിയടച്ചു പുറത്താക്കി അരക്ഷിതയാക്കി തളർത്താനുള്ള അതിന്റെ എക്കാലത്തേയും ഗൂഢതാൽപര്യത്തെ വ്യവസ്ഥിതിക്കകത്തു നിന്നുകൊണ്ട്‌ തന്നെ നിയമത്തിന്റെ വഴിയിലൂടെ ചെറുത്തു തോൽപ്പിച്ചു എന്നതുകൊണ്ടാണ്‌…