നായരീഴവ ലഹളയും, ഈഴവരുടെ സ്‌കൂള്‍ പ്രവേശനവും

1902ല്‍ ഹരിപ്പാട് ഇംഗ്ലീഷ് ഹൈസ്‌ക്കൂളില്‍ രണ്ട് ഈഴവ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടുന്നതിനായി ടി കെ മാധവന്‍ ശ്രമിച്ചു. നിയമം അനുകൂലമായിരുന്നു. എന്നാല്‍, സവര്‍ണരുടെ എതിര്‍പ്പു ഭയന്ന് ഹെഡ് മാസ്റ്റര്‍ പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് എഴുത്തുകുത്തുകള്‍ വഴി സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ എം രാജരാജവര്‍മ്മ ഇടപെട്ട് പ്രവേശനം നല്‍കി. ഇതിനെ തുടര്‍ന്ന് ലഹളയുണ്ടായി.ഈ ലഹളയാണ് ഈഴവ ലഹളയായി തിരുവിതാംകൂറിൽ പടർന്നത്.1905 ജനുവരി 22ന് ലഹള രൂക്ഷമായി. നായരീഴവ ലഹളയുടെ അടിസ്ഥാന കാരണം ഈഴവരുടെ സ്‌കൂള്‍ പ്രവേശനം ആയിരുന്നു.

കൊല്ലം, കാര്‍ത്തികപള്ളി പ്രദേശങ്ങളിലും ഹരിപ്പാടും ആയിരുന്നു കലാപം. നായര്‍ സ്ത്രീകളെ പോലെ ഈഴവ പെണ്ണുങ്ങള്‍ വസ്ത്രധാരണം നടത്തുന്നതു പ്രശ്‌നമായി. കായംകുളത്തിനടുത്തുള്ള ഒരു ഈഴവസ്ത്രീ മുട്ടിന് താഴെ ഇറങ്ങുന്ന മുണ്ട് ഉടുത്തുപോയപ്പോള്‍ നായന്മാര്‍ എതിര്‍ത്തു. അപ്പോള്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ഈഴവപ്രമാണി ഇടപെട്ടു. തുടര്‍ന്ന് നടന്ന അടിലഹളക്ക് ശേഷം ഈഴവര്‍ നായന്മാരുടെ കൃഷിസ്ഥലങ്ങളില്‍ ഉള്‍പ്പെടെയുള്ള എല്ലാ ജോലികളും ബഹിഷ്‌കരിച്ചു. മറ്റ് അവര്‍ണ ജാതിക്കാരായ തൊഴിലാളികളും ഈഴവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോലിയില്‍ നിന്നും വിട്ടു നിന്നു.

ഈഴവര്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള മേഖലകളില്‍ നായന്മാരെ വഴിയില്‍ തടയുക, അവരുടെ കുടമടക്കിക്കുക, ഏത്തംഇടീക്കുക ഇവയെല്ലാം നിര്‍ബന്ധിച്ചു ചെയ്യിച്ചു. പകരം നായന്മാരുടെ ശക്തി കേന്ദ്രങ്ങളില്‍ അവരും ഈഴവരോട് ഈവിധമൊക്കെ പെരുമാറി..

നായന്മാരുടെ ഏറ്റവും വലിയ വിദ്വേഷത്തിന് ഇരകളാക്കപ്പെട്ടത് ഈഴവ സമുദായം ആയിരുന്നു..കേരളം ഒരു ജാതിരഹിതസമൂഹമാണെന്നും മതേതരത്വം ആണ് തങ്ങളുടെ ലക്ഷ്യമെന്നും രണ്ടാം നവോത്ഥാനവും വനിതാമതിലും ഒക്കെ ജാതിസ്പര്‍ധ വളര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് കുടിലതന്ത്രമാണെന്നും ഒക്കെ വെറുതെ അങ്ങു തട്ടിവിടുന്നവരും വില്ലുവണ്ടിയെ പിറകോട്ടുപായിക്കാൻ അച്ചാരംവാങ്ങിയവരും, പഴയ ചരിത്ര താളുകളൊക്കെ ഒന്ന് മറിച്ച് നോക്കുന്നത് നല്ലതാണ്. പലതും കൈവിട്ടുപോയി. അതൊന്നും ഇനി വീണ്ടു കിട്ടില്ലെന്നറിഞ്ഞുകൊണ്ടു തന്നെയാണീവക കണ്ണടച്ചിരുട്ടാക്കല്‍.

സവര്‍ണ ന്യൂനപക്ഷത്തിന്റെ പീഡനങ്ങള്‍ കണ്ണുംപൂട്ടി സഹിച്ചിരുന്ന അവര്‍ണ ഭൂരിപക്ഷം കാര്യങ്ങള്‍ തിരമിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തങ്ങള്‍ പുറപ്പെട്ടതെവിടെ നിന്നു? എവിടെ എത്തിനില്‍ക്കുന്ന്? എത്തിച്ചേര്‍ന്ന ലക്ഷ്യം എന്ത്? എന്നൊക്കെയുള്ള സൂക്ഷ്മ പഠനത്തിന് ഇപ്പോഴത്തെ ഈ കോലാഹലങ്ങള്‍ വഴിയൊരുക്കിയിരിക്കുന്നു. തീര്‍ച്ചയായും ഇതൊരു നല്ലൊരു കാര്യമാണ്.

പറവൂര്‍ കേശവനാശാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സുജനനന്ദിനി നായന്മാരുടെ അസഹിഷ്ണുതയെ പറ്റി മുഖപ്രസംഗം എഴുതി. ക്ഷുഭിതരായ നായര്‍ പ്രമാണിമാര്‍ പത്രാഫീസും അത് അച്ചടിച്ചിരുന്ന കേശവനാശാന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളഭൂഷണം അച്ചുകൂടവും കത്തിച്ചു പകരം വീട്ടി. ഡോക്ടര്‍ പല്‍പ്പു മുന്‍കൈ എടുത്ത് സര്‍ക്കാറില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ദിവാന്‍ മാധവറാവ് ഈഴവന്മാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. കാവാലം നീലകണ്ഠപ്പിള്ളയായിരുന്നു സമ്മേളനത്തിന് അധ്യക്ഷം വഹിച്ചത്. ആ യോഗ തീരുമാനപ്രകാരമാണ് ഇരുകൂട്ടരും അന്യോന്യമുള്ള അക്രമത്തിന് വിരാമം ഇട്ടത്.ശ്രീനാരായണ ഗുരുദേവനോടൊപ്പം എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യ നയരൂപീകരണ സമിതിയില്‍ അംഗമായിരുന്നുകൊണ്ട് നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ബഹുമുഖ പ്രതിഭയായിരുന്നു പരവൂര്‍ വി.കേശവനാശാൻ.

ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് ചരിത്രത്തിന്റെ ഏടുകളില്‍ നിന്നു പൊങ്ങി വരുന്നത്. ഇതൊന്നും ഏറെ പഴയ വൃത്താന്തങ്ങളല്ല. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും ഇങ്ങനെ ഒക്കെ ആയിരുന്നു നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ അവസ്ഥയെങ്കില്‍, അതിനു മുമ്പത്തെ അവസ്ഥ എന്തായിരിക്കും? ചരിത്രം വെറുതെ വായിച്ചുതള്ളാനുള്ളതല്ല. അതു ഭാവിയിലേക്കുള്ള ദിശാസൂചകങ്ങള്‍ കൂടിയാണ്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622