ആറ്റുകാൽപൊങ്കാലയ്ക്കും കുത്തിയോട്ടത്തിനുമെതിരെ ഒറ്റയാൾ സമരവുമായി പി. പി.സുമനൻ

ആറ്റുകാൽ ഉത്സവത്തിന്റെ ഭാഗമായി നടുറോഡിൽ അടുപ്പ് കൂട്ടുന്നതിനെതിരെയും കുഞ്ഞുങ്ങൾക്കെതിരായി നടക്കുന്ന അതിക്രമത്തിരെയും ആർട്ടിസ്റ്റ് പി. പി.സുമനൻ കളക്ടർക്ക് പരാതിനൽകി. കുത്തിയോട്ടം തടയണമെന്ന 2014 ലെ ബാലാവകാശ കമ്മീഷണറെ ഉത്തരവുപോലും കാറ്റിൽ പറത്തിക്കൊണ്ട് ഒരുകുടുംബക്ഷേത്രം അവരുടെ സാമ്പത്തീക നേട്ടത്തിനുവേണ്ടി നടത്തുന്ന പ്രാകൃത ആചാരങ്ങൾ ഒരു ജനാധിപത്യ ഭരണകൂടം അനുവദിച്ചുകൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ തട്ടിപ്പു കൾക്ക് പ്രൊമോഷൻ നൽകാനായി ആവിഷ്ക്കരിച്ച പൊങ്കാല എന്ന കലാപരിപാടിക്ക് സർക്കാർ ഒത്താശ ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു കുടുംബക്ഷേത്ര ട്രസ്റ്റിന് അന്ധവിശ്വാസം പ്രചരി പ്പിച്ച്, കോടിക്കണക്കിനു പണം തട്ടിയെടുക്കുന്നതിനു വേണ്ടി മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു കൊണ്ടു, 65 കിലോമീറ്റർ ചുറ്റളവിൽ നടുറോഡിൽ പൊങ്കാല ഇടുന്നതിനു് കളക്ടർ അനുമതി കൊടുത്താൽ ഇനി താൻ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ചെങ്ങന്നൂർ അമ്മയുടെ തീണ്ടാരിത്തുണി കച്ചവടം നിർത്തിച്ചത് ഇദ്ദേഹമാണ്. 2011 ൽ അദ്ദേഹം നിയമ നടപടി സ്വീകരിച്ചപ്പോൾ ചെങ്ങന്നൂരമ്മ ദേവപ്രശ്നത്തിലൂടെ ഇനി മേലിൽ തീണ്ടാരി ആകില്ലെന്ന് സ്വയം പ്രഖ്യാപിച്ചു.അങ്ങനെ ദേവപ്രശ്ന വിധിപ്രകാരം തീണ്ടാരിത്തുണി കച്ചവടം നിർത്തിയതായി അന്നത്തെ മനോരമയും മാതൃഭൂമിയും ഉൾപ്പെടെ വാർത്ത നൽകുകയും ചെയ്തിരുന്നു.എന്നാൽ ബ്ളാക്കിൽ പൂജാരിമാർ ഇപ്പോഴും തീണ്ടാരിത്തുണി കച്ചവടം നടത്തുന്നതായിട്ടും ചെങ്ങന്നൂരമ്മ തീണ്ടാരിയാകുന്നുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത്.

അതിന് ശേഷം തുപ്പൂത്താറാട്ട് നടത്തിവരുന്നുണ്ടെങ്കിലും തീണ്ടാരി തുണി കച്ചവടം ഔദ്യോഗികമായി നിർത്തി. എന്തായാലും വിവരാവകാശ നിയമപ്രകാരം ഈ വർഷം തീണ്ടാരിത്തുണി വിറ്റവകയിലുള്ള വരവെത്ര എന്ന് കാർട്ടുണിസ്റ്റും റിട്ടയേർഡ് അദ്ധ്യാപകനുമായ സുമനൻ സാർ തന്നെ നൽകിയ ചോദ്യത്തിന് തീണ്ടാരിത്തുണി കച്ചവടം ഇപ്പോൾ ഇല്ലെന്നാണ് ദേവസ്വം ബോർഡ് മറുപടി നൽകിയത്.

ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ശബ്ദ മലിനീകരണത്തിനെതിരെ സുപ്രീംകോടതിയിൽ പോയി വിധി സമ്പാദിച്ചതും ഇദ്ദേഹമാണ്. ഈവിധിയുടെപേരിൽ കളർകോട് ദൈവത്തിന് മൈക്ക് വേണമെന്ന ആവശ്യവുമായി അദ്ദേഹത്തിൻറെ വീടിനുമുന്നിൽ എൻ എസ് എസ് വനിതാസംഘം നിരാഹാര സത്യാഗ്രഹം വരെ നടത്തിയിരുന്നു

ആറ്റുകാൽ പൊങ്കാലയ്ക്കും കുത്തിയോട്ടത്തിനെതിരെ നവോത്ഥാന കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ഈ പ്രാകൃതാചാരം തടയാൻ സർക്കാരും ജില്ലാ ഭരണകൂടവും തയാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.