ബത്തേരിയിൽ ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവം; ഐഎൻടിയുസി നേതാവിനെതിരെയും കേസ്‌

ആദിവാസി ബാലികയെ പീടിപ്പിച്ച കേസിൽ കോൺഗ്രസ‌് നേതാവ‌ിനെ രക്ഷിക്കാൻ ആദിവാസി പെൺകുട്ടിയുടെ കുടുബത്തെ സ്വാധീനിക്കാൻ ശ്രമിച്ച ഐൻഎൻടിയുസി ജില്ലാ ട്രഷറർക്കെതിരെയും കേസ‌്. ഐഎൻടിയുസി വയനാട് ജില്ലാ ട്രഷറർ ബത്തേരി കുപ്പാടി കുണ്ടാട്ടിൽ ഉമ്മറിനെതിരെയാണ‌് (47) ആദിവാസി വിഭാഗങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ‌്പെഷ്യൽ മൊബൈൽ സ‌്ക്വാഡ‌്(എസ‌്എംഎസ‌്) കേസെടുത്തത‌്. പെൺകുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരമാണ‌് കേസ‌്.

പെൺകുട്ടിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക‌് പരാതി നൽകി മണിക്കൂറുകൾക്കകം കേസ‌് രജിസ‌്റ്റർ ചെയ‌്തു. വയനാട‌് ഡിസിസി അംഗവും ബത്തേരി പഞ്ചായത്ത‌് മുൻ പ്രസിഡന്റുമായ ഒ എം ജോർജാണ‌് ആദിവാസി ബാലികയെ പീഡിപ്പിച്ചത‌്. റിമാൻഡിലായ ജോർജിനെ കസ‌്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

ജോർജിനെതിരെ പരാതി നൽകാതിരിക്കാനായി ഉമ്മർ പെൺകുട്ടിയുടെ പിതാവിനെ മറ്റൊരു പ്രാദേശിക കോൺഗ്രസ‌് നേതാവിന്റെ വീട്ടിലേക്ക‌് വിളിച്ചുവരുത്തി പണം വാഗ‌്ദാനം ചെയ‌്തു. ഇതിന‌് വഴങ്ങാതിരുന്ന പിതാവിനെ പിന്നീട‌് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട‌്.

ജോർജിന്റെ നാട്ടുകാരൻകൂടിയാണ‌് ഉമ്മർ. മോട്ടോർ തൊഴിലാളി യൂണിയന്റെ (ഐഎൻടിയുസി) ജില്ലാ ജനറൽ സെക്രട്ടറിയും പ്രവാസി കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റും കൂടിയാണ‌് ഉമ്മർ. ഇയാൾ പെൺകുട്ടിയുടെ പിതാവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഓഡിയോയും പൊലീസിന‌് ലഭിച്ചിട്ടുണ്ട‌്.

പ്രതി ജോർജ‌് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നരവർഷത്തോളമാണ‌് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത‌്. പെൺകുട്ടിയോട‌് മൊബൈലിൽ ജോർജ‌് അശ്ലീല സംഭാഷണം നടത്തിയത‌് ഫോണിൽ റെക്കോഡ‌് ചെയ്യപ്പെട്ടിരുന്നു. ഈ ഫോൺ തട്ടിയെടുക്കാനും ഉമ്മർ ശ്രമിച്ചു. പൊലീസ‌് കേസ‌് എടുത്തതോടെ ഉമ്മർ ഒളിവിലാണ‌്. ഇയാളുടെ വീട്ടിൽ ഞായറാഴ്ച പൊലീസ‌് പരിശോധന നടത്തി.