ജിഗ്‌നേഷ് മേവാനിക്ക് വിലക്ക്; അഹമ്മദാബാദിലെ കോളജില്‍ പ്രിൻസിപ്പാളുൾപ്പെടെ കൂട്ട രാജി

READ IN ENGLISH: Principal, VP quit after Gujarat college says no Jignesh Mevani event

ദളിത‌് ആക്ടിവിസ്റ്റും എംഎൽയുമായ ജിഗ‌്നേഷ‌് മേവാനി മുഖ്യാതിഥിയായ പരിപാടിക്ക് അഹമ്മദാബാദിലെ എച്ച്‌കെ ആർട്‌സ് കോളേജ് അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് കോളേജ് പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും രാജിവച്ചു. പ്രിൻസിപ്പൽ ഹേമന്ത് കുമാർ ഷായും വൈസ് പ്രിൻസിപ്പൽ മോഹൻഭായ് പാർമറും കോളേജ് മാനേജ്‌മെന്റ് ആയ ബ്രഹ്മചാരി വാദി ട്രസ്റ്റിന് രാജി നൽകി. ഒരു രാഷ‌്ട്രീയ പാർടിയുടെ ഭീഷണിക്ക‌് വഴങ്ങി ട്രസ‌്റ്റ‌് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഹനിച്ചെന്ന‌് ചൂണ്ടിക്കാട്ടിയാണ‌് ഹേമന്ത് കുമാർ ഷാ രാജി നൽകിയത‌്.

ഭീഷണിയുടെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യം അടിയറവു വയ‌്ക്കുന്നത‌് അപമാനമാണെന്ന‌് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. ബിജെപിയുടെ ഭീഷണിയെ തുടർന്ന‌് ക്യാമ്പസിൽ പരിപാടി നടത്തുന്നത‌് ട്രസ‌്റ്റ‌് വിലക്കുകയായിരുന്നു. കോളേജിലെ പൂർവ വിദ്യാർഥി കൂടിയായ മേവാനിയെ വാർഷിക പരിപാടിക്ക‌് മുഖ്യാതിഥിയായാണ‌് ക്ഷണിച്ചിരുന്നത‌്. അംബേദ്കറുടെ ജീവിതവും ദൗത്യവും എന്ന വിഷയത്തിൽ സംസാരിക്കാനാണ് മേവാനിയെ ക്ഷണിച്ചത്. ബിജെപി അക്രമികളുടെ ഭീഷണിമൂലമാണ് പരിപാടി റദ്ദാക്കിയതെന്ന‌് മേവാനി പറഞ്ഞു.

ബിജെപിയുടെയും എബിവിപിയുടെയും അക്രമങ്ങൾക്കെതിരെ നിൽക്കാൻ പത്മ അവാർഡ‌് ജേതാക്കളടങ്ങുന്ന ട്രസ‌്റ്റ‌് തയ്യാറാകുന്നില്ല. ഇത‌് അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അപമാനമാണ‌്. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ നിരവധി ആൾക്കാർ നട്ടെല്ലില്ലാത്തവരായിമാറി. നിർഭാഗ്യമെന്നുപറയട്ടെ ഈ കോളേജ‌് ട്രസ്‌റ്റിന്റെ ഭാരവാഹികളും ആ വിഭാഗത്തിൽ ഉൾപ്പെട്ടു എന്ന‌് മേവാനി ട്വീറ്റ‌് ചെയ‌്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഓഡിറ്റോറിയം ഈ പരിപാടിക്ക് വിട്ടുനൽകാനാവില്ല എന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. വിവിധ രാഷ‌്ട്രീയ പാർടികളുടെ നേതാക്കളെ കോളേജിലെ പരിപാടിയിൽ പങ്കെടുപ്പിച്ചിട്ടുണ്ടെന്നും മേവാനിയെ വിളിച്ചത‌് തെറ്റല്ലെന്നും ഹേമന്ത് കുമാർ ഷാ രാജി കത്തിൽ പറഞ്ഞു. നിലവിലെ രാഷ‌്ട്രീയ സാഹചര്യത്തിൽ ചിന്തിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ഭരണഘടന നൽകുന്ന അവകാശം അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്ന‌് അദ്ദേഹം പറഞ്ഞു.

പത്മശ്രീ പുരസ്‌കാര ജേതാക്കളായ പ്രമുഖ ആർക്കിടെക‌്ട‌് ബാലകൃഷ്ണ ദോഷി, കുമാർപാൽ ദേശായ്, ജ്ഞാനപീഠ ജേതാവായ എഴുത്തുകാരൻ രഘുവീർ ചൗധരി തുടങ്ങിയവരുള്ളതാണ‌് ട്രസ‌്റ്റ‌്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622