പൊയ്കയിൽ യോഹന്നാൻ’ അപ്പനില്ലാത്തവരുടെ അപ്പൻ, കുമാരഗുരുദേവൻ

ഹിന്ദുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ക്രിസ്തുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ഹിന്ദുമതത്തിലും ചേർത്തില്ലല്ലോ നമ്മെ
ക്രിസ്തുമതത്തിലും ചേർത്തില്ലല്ലോ നമ്മെ’!”

-പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനം നിരവധി ധാരകളുടെ കൂടിച്ചേരലാണ്. ഓരോ സമുദായത്തിനുമുള്ളിൽ നിലനിന്ന അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും എതിരെയും വിവിധ സമുദായങ്ങൾതമ്മിൽ നിലനിന്ന വിവേചനങ്ങൾക്കെതിരെയും നടന്ന പരിഷ്കരണശ്രമങ്ങൾ ചേർന്നതാണ് നവോത്ഥാനപ്രസ്ഥാനം. പലപ്പോഴും കേരളത്തിന്റെ നവോത്ഥാനചരിത്രം ഹിന്ദുമതത്തിനുള്ളിലെ സമുദായപരിഷ്കരണശ്രമങ്ങളിൽമാത്രം ഒതുങ്ങുന്ന വിധത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

വൈകുണ്ഠസ്വാമികൾ, ശ്രീനാരായണഗുരു, അയ്യൻകാളി, ചട്ടമ്പിസ്വാമികൾ, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയ നവോത്ഥാനനായകരെക്കുറിച്ചാണ് നവോത്ഥാന ചരിത്രകാരന്മാർ കൂടുതൽ വാചാലരാകുന്നത്. ഇതര മതങ്ങൾക്കുള്ളിലെ വിവേചനങ്ങൾക്കെതിരെ പോരാടിയവരുടെ പേരുകൾ വിരളമായേ ചരിത്രരേഖകളിൽ കാണുന്നുള്ളൂ. അർഹിക്കുന്ന അംഗീകാരം ചരിത്രരേഖകളിൽ ലഭിക്കാതെപോയവരും ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് വലിയ സംഭാവന നൽകിയവരുമായ നവോത്ഥാന നായകരിൽ ശ്രീ കുമാരഗുരുദേവനുമുൾപ്പെടുന്നു.

തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ ഗ്രാമത്തിൽ പറയസമുദായത്തിലാണ് 1878 കുംഭം അഞ്ചിന് കുമാരൻ ജനിച്ചത്. ക്രിസ്ത്യൻ ജന്മിമാരായ ശങ്കരമംഗലം കുടുംബക്കാരുടെ അടിമപ്പണിക്കാരായിരുന്നു കുമാരന്റെ മാതാപിതാക്കൾ. കടുത്ത ജാതിവിവേചനം നിലനിന്ന കാലമാണല്ലോ അത്. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനശ്രമങ്ങൾ കേരളത്തിൽ വിജയിച്ചതിന് ഒരു കാരണം ഈ ജാതിവിവേചനമായിരുന്നു. അടിമപ്പണി സഹിക്കാനാകാതെ കൗമാരകാലത്തുതന്നെ മാർത്തോമാസഭയിൽ ചേർന്ന കുമാരൻ, യോഹന്നാൻ എന്ന പേര് സ്വീകരിച്ചു. ഉപദേശിമാരുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായ യോഹന്നാൻ പിന്നീട് പ്രഭാഷകനും മതപ്രചാരകനുമായി മാറി.

കുട്ടിക്കാലത്തുതന്നെ കുമാരൻ അയിത്തത്തെയും അന്ധവിശ്വാസത്തെയും ചോദ്യംചെയ്തു. മന്ത്രവാദത്തിനുവന്ന മടവതിയുടെ ശംഖും മണിയും കുറ്റിക്കാട്ടിൽ എറിഞ്ഞതും അടിയാളർക്ക് ഭക്ഷണം നൽകിയിരുന്ന പട്ടപ്പാള എറിഞ്ഞുടച്ചതും കുട്ടിക്കാലത്തെ സംഭവങ്ങളാണ്. ജാതിക്കെതിരെ ശക്തമായ പ്രസംഗങ്ങൾ നടത്തി ദളിതരെ ബോധവൽക്കരിക്കാനും അവകാശബോധമുള്ളവരാക്കിമാറ്റാനും ശ്രമിച്ചു. സ്കൂളുകളും തൊഴിൽകേന്ദ്രങ്ങളും സ്ഥാപിച്ച്് വിദ്യാഭ്യാസത്തിനും സ്വതന്ത്രമായ തൊഴിലിനുമുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിച്ചു.

ഹിന്ദുമതത്തിനുള്ളിലെ ജാതികൾക്കും ഉപജാതികൾക്കുമുള്ളിൽ തുടർന്നുവന്ന ഉച്ചനീചത്വങ്ങൾകാരണം മതപരിവർത്തനത്തിന് തയ്യാറായ ‘അധഃസ്ഥിത’ർക്ക് ക്രിസ്തുമതത്തിനുള്ളിലും വിവേചനം അനുഭവിക്കേണ്ടിവന്നു. സവർണാവർണവിവേചനം മാർത്തോമാസഭയ്ക്കുള്ളിലും നിലനിൽക്കുന്നത് യോഹന്നാൻ തിരിച്ചറിഞ്ഞു. സമൂഹത്തിൽ നിലനിന്ന ജാതിവിവേചനത്തിന്റെയും തൊട്ടുകൂടായ്മയുടെയും പ്രശ്നങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കി. പുലയ‐പറയ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനംചെയ്യപ്പെട്ടവർ ദളിതക്രിസ്ത്യാനികളായി അറിയപ്പെട്ടതും അവർക്ക് സവർണപള്ളികളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതും ദളിതർക്കായി പ്രത്യേകം പള്ളികൾ സ്ഥാപിക്കപ്പെട്ടതും യോഹന്നാനെ അലട്ടി.

വിവേചനങ്ങൾക്കെതിരെ സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ഏർപ്പെടാൻ അദ്ദേഹം തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ക്രിസ്തുമതത്തിനുള്ളിലെ സവർണ‐അവർണവിവേചനം ഇല്ലാതാക്കാൻ ദളിതക്രൈസ്തവരും സവർണക്രൈസ്തവരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. തന്റെ പരിഷ്കരണശ്രമങ്ങൾ മാർത്തോമാസഭയ്ക്കുള്ളിൽ മാറ്റം സൃഷ്ടിക്കുന്നില്ലെന്നു മനസ്സിലാക്കിയ യോഹന്നാൻ ബ്രദറൻസഭയിൽ ചേർന്നു. എന്നാൽ, അവിടെയും വിവേചനങ്ങൾ കണ്ട യോഹന്നാൻ സ്വന്തമായി മറ്റൊരു സഭയ്ക്ക് രൂപംനൽകി. അതാണ് 1910ൽ രൂപീകരിച്ച പ്രത്യക്ഷരക്ഷാദൈവസഭ (പിആർ ഡിഎസ്).

ജാതിവിവേചനങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നടന്ന പ്രക്ഷോഭങ്ങൾ സാമ്രാജ്യത്വവിരുദ്ധ കലാപങ്ങളായി വികസിച്ചുവെന്നതാണ് കേരള നവോത്ഥാനത്തിന്റെ സവിശേഷത.

ആധുനിക കേരളസൃഷ്ടിക്കു കാരണമായ സംയുക്തരാഷ്ട്രീയസഭയും നിവർത്തനപ്രക്ഷോഭവും അയിത്തവിരുദ്ധപോരാട്ടങ്ങളും ക്ഷേത്രപ്രവേശനസമരങ്ങളും കർഷകത്തൊഴിലാളിപ്രക്ഷോഭങ്ങളും മറ്റും രൂപപ്പെടുന്നതിനും വിജയിക്കുന്നതിനും പശ്ചാത്തലമൊരുക്കുന്നതിൽ പൊയ്കയിൽ കുമാരഗുരുദേവന്റെ പ്രവർത്തനങ്ങൾ നിർണായകപങ്കുവഹിച്ചു.

താനടക്കമുള്ള സമുദായങ്ങൾ അനുഭവിക്കേണ്ടിവന്ന ക്രൂരമായ വിവേചനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽമാത്രം ഒതുങ്ങുകയായിരുന്നില്ല കുമാരഗുരുദേവൻ. സ്ത്രീകൾ തലച്ചുമടേന്തി നടത്തിയിരുന്ന പുല്ലുകച്ചവടം അവസാനിപ്പിക്കുക, ചന്തയിൽ പ്രവേശിക്കുന്നതിൽ ദളിതർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രക്ഷോഭങ്ങൾക്കും ആരാധനാലയങ്ങൾ സ്ഥാപിക്കുക, തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കുക, വനഭൂമി വെട്ടിത്തെളിച്ച് കൃഷിചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും യോഹന്നാൻ നേതൃത്വംനൽകി. ഒന്നാംലോകമഹായുദ്ധകാലത്ത് ആയിരക്കണക്കിന് ദളിതരെ പങ്കെടുപ്പിച്ച് സമാധാനജാഥ സംഘടിപ്പിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുതലപ്ര എന്ന സ്ഥലത്ത് അദ്ദേഹം നടത്തിയ പ്രസംഗം സാമ്രാജ്യത്വാധിനിവേശത്തിനെതിരായ നിലപാട് വ്യക്തമാക്കുന്നു. “കടൽകടന്നുവന്നവന്റെ വള്ളവും ചരക്കും വന്നപോലെ തിരിച്ചുപോകും” എന്നാണ് യോഹന്നാൻ പ്രസംഗിച്ചത്. പ്രസംഗത്തെത്തുടർന്ന് പൊലീസ് അറസ്റ്റ്ചെയ്യാനെത്തുകയുണ്ടായി.

കേരളനവോത്ഥാനത്തിന്റെ സവിശേഷത ജാതിക്കും മതത്തിനും അതീതമായി മാനവികത ഉയർത്തിപ്പിടിച്ചു എന്നതാണ്. അതിൽ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകരുടെ പങ്ക് നിർണായകമാണ്.അദ്ദേഹം നടത്തിയ ധീരമായ ജാതിമേധാവിത്തവിരുദ്ധ പോരാട്ടങ്ങളും സാമ്രാജ്യത്വവിരുദ്ധനിലപാടുകളും പുനരുത്ഥാന പ്രവണതകൾ ശക്തിപ്രാപിക്കുന്ന ഈ നവ ഫ്യൂഡൽ കാലഘട്ടത്തിൽ പുനർവായനക്ക് വിധേയമാക്കേണ്ടതാണ്.

കേരള നവോത്ഥാനപ്രക്രിയയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ. സ്വയം ദൈവമെന്ന് പ്രഖ്യാപിച്ച് പിആർഡിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘പ്രത്യക്ഷ രക്ഷാദൈവസഭ’യുടെ സ്ഥാപകൻ. ക്രിസ്തുമതവുമായി ചേർന്നുനിന്ന ‘പൊയ്കയിൽ യോഹന്നാൻ’ പിന്നീട് ക്രിസ്തുമതം ഉപേക്ഷിച്ച് അപ്പനില്ലാത്തവരുടെ അപ്പനും കുമാരഗുരുദേവനുമായി മാറി.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913