ഫെബ്രുവരി: 20 സഖാവ് ഗോവിന്ദ് പൻസാരെ രക്തസാക്ഷിദിനം

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഭരണഘടനയെ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ അക്രമികള്‍ക്കു മുന്നില്‍ മൗനം അവലംബിക്കുന്നു. ചിലപ്പോഴെല്ലാം പ്രോല്‍സാഹനവും നല്‍കുന്നു. അതിനു കാരണം അക്രമിസംഘങ്ങള്‍ക്ക് അവരുടേതായ ആശയങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്നുള്ളതാണ്.

വെറുപ്പിന്റെ രാഷ്ട്രീയം അരങ്ങുതകര്‍ത്താടുകയാണ് രാജ്യമെമ്പാടും. ഹിംസ മുഖമുദ്രയാക്കിയ അക്രമിസംഘം എപ്പോള്‍ വേണമെങ്കിലും ഏതൊരു പൗരന്റെയും തലയറുക്കാന്‍ എത്താം എന്ന അവസ്ഥ. ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്.

സംഘപരിവാരത്തിന്റെ പ്രത്യയശാസ്ത്ര അജണ്ട നടപ്പാക്കാന്‍ ഭരണകൂടത്തെ ഉപയോഗിക്കുന്നു. നവ ആശയങ്ങളെയും പുരോഗമന വീക്ഷണത്തെയും അസഹിഷ്ണുതയോടെയാണ് അവര്‍ കാണുന്നത്. ബൗദ്ധികതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെപ്പോലും കൊലപ്പെടുത്തുന്നു. അങ്ങനെ കൊലചെയ്യപ്പെട്ട എഴുത്തുകാരനാണ് ഗോവിന്ദ് പന്‍സാരെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായിരുന്ന പന്‍സാരെ ഭാര്യയോടൊപ്പം പ്രഭാതസവാരി നടത്തുമ്പോള്‍ ബൈക്കില്‍ എത്തിയ അക്രമികള്‍ ഇരുവരെയും വെടിവച്ചു വീഴ്ത്തുകയാണുണ്ടായത്.

2015 ഫെബ്രുവരി 16നാണ് സംഭവം നടന്നത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പന്‍സാരെ ഫെബ്രുവരി 20ന് അന്ത്യശ്വാസം വലിച്ചു. ജനാധിപത്യത്തിന്റെ ആത്മാവിനെ തകര്‍ക്കാന്‍ തീവ്രഹിന്ദുത്വവാദികള്‍ നടത്തിയ ആസൂത്രിതമായ ഗൂഢനീക്കമാണ് പന്‍സാരെയുടെ ജീവന്‍ കവര്‍ന്നെടുത്തത്. എന്തിനാണ് അവര്‍ വന്ദ്യവയോധികനായ പന്‍സാരെയെ തേടിവന്നത്? മരണവിവരം കേട്ട മാത്രയില്‍ പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുകേട്ട ചോദ്യമായിരുന്നു അത്.

സാമൂഹിക പ്രതിബദ്ധതയുടെയും മതനിരപേക്ഷ ജനാധിപത്യ നിലപാടുകളുടെയും പ്രതീകമായിരുന്നു ഗോവിന്ദ് പന്‍സാരെ. മാര്‍ക്‌സിസത്തില്‍ അഗാധ പാണ്ഡിത്യമുള്ള പന്‍സാരെ രാഷ്ട്രീയനേതാവ് മാത്രമായിരുന്നില്ല, മറാഠി ഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരനുമായിരുന്നു. അദ്ദേഹം രചിച്ച ‘ആരായിരുന്നു ശിവജി’ എന്ന പുസ്തകം മറാഠി സാഹിത്യത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും മഹാരാഷ്ട്രയില്‍ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. ഹിന്ദുത്വ വര്‍ഗീയവാദികളില്‍ പുസ്തകം ഉണ്ടാക്കിയ അസഹിഷ്ണുതയായിരുന്നു കോളിളക്കത്തിനു കാരണം.

17ാം നൂറ്റാണ്ടിലെ മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന ശിവജിയെക്കുറിച്ച് സംഘപരിവാര ശക്തികള്‍ നടത്തിക്കൊണ്ടിരുന്ന പ്രചാരണത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പന്‍സാരെയുടെ ഗ്രന്ഥത്തിനു സാധിച്ചു. മുസ്‌ലിംവിരുദ്ധതയുടെയും സങ്കുചിത ദേശീയവാദത്തിന്റെയും പ്രതീകമായിട്ടാണ് സംഘപരിവാരം ശിവജിയെ ഉയര്‍ത്തിക്കാട്ടിയത്. ശിവജിയുടെ സാമ്രാജ്യത്വവിരുദ്ധതയും മതസഹിഷ്ണുതയിലധിഷ്ഠിതമായ നിലപാടും തന്റെ സേനയിലെ മുസ്‌ലിം സഹോദരങ്ങളായ സൈനികരുടെ പങ്കാളിത്തവും രാജ്യതാല്‍പര്യത്തിനു വേണ്ടി അവര്‍ കാണിച്ച ശുഷ്‌കാന്തിയും പന്‍സാരെ ചികഞ്ഞെടുത്ത് അവതരിപ്പിക്കുകയുണ്ടായി. വര്‍ഗീയ പ്രത്യയശാസ്ത്രകാരന്‍മാരുടെ പൊള്ളയായ നിലപാടുകള്‍ പൊതുജനങ്ങള്‍ക്കു മുമ്പില്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണപ്പോള്‍ തീരെ സഹിക്കാന്‍ കഴിയാതെ പോയത് തീവ്ര ഹിന്ദുത്വവാദികള്‍ക്കാണ്.

എതിര്‍ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും ചരിത്രസത്യങ്ങളെപ്പോലും അസഹിഷ്ണുതയോടെ നോക്കിക്കണ്ട ഫാഷിസ്റ്റുകള്‍ അങ്ങനെ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകര്‍ നടത്തിയ കൊലപാതകം ആസൂത്രിതമായിരുന്നു. ഇതിനു പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണത്തില്‍ പ്രവര്‍ത്തിച്ച സംഘടനകളെ സംബന്ധിച്ചും പുറംലോകം അറിയേണ്ടതുണ്ട്. ഹിന്ദുരാഷ്ട്രവാദികളുടെ ചാവേര്‍സംഘമാണ് സനാതന്‍ സന്‍സ്ഥ. വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഘത്തില്‍ ചേര്‍ത്ത് പരിശീലിപ്പിച്ച് തയ്യാറാക്കിയെടുത്തവരാണ് അവര്‍. ഹിന്ദുരാഷ്ട്രമില്ലാതെ ഹിന്ദുമതവിശ്വാസം സാക്ഷാല്‍ക്കരിക്കാനാവില്ലെന്ന വിശ്വാസമാണ് സനാതന്‍ സന്‍സ്ഥയ്ക്കുള്ളത്.

ഗോവിന്ദ് പന്‍സാരെയില്‍ ഒതുങ്ങുന്നതല്ല തീവ്ര ഹിന്ദുത്വവാദികളുടെ ഉന്മൂലന നയം. 2013 ആഗസ്ത് 20നാണ് അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനുമെതിരേ പൊരുതിയ സാമൂഹികപ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടത്. കന്നഡ സാഹിത്യകാരനും വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസത്തിനുമെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയുമായ ഡോക്ടര്‍ മല്ലേശപ്പ മാടിവലപ്പ കല്‍ബുര്‍ഗി എന്ന എം എം കല്‍ബുര്‍ഗി 2015 ആഗസ്ത് 30ന് ഏതാണ്ട് ഇതേ രീതിയില്‍ തന്നെ കൊലചെയ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ സംഭവിച്ചത് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണമാണ്. ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയ ഗൗരിയെ 2017 സപ്തംബര്‍ 5ന് അക്രമികള്‍ വെടിവച്ചുകൊല്ലുകയായിരുന്നു.

വര്‍ഗീയ-ഫാഷിസ്റ്റുകള്‍ക്കെതിരേ പൊതുമണ്ഡലം സൃഷ്ടിക്കുകയെന്നതാണ് ഇവരുടെയെല്ലാം രക്തസാക്ഷിത്വം മതേതര ഇന്ത്യയോട് വിളിച്ചുപറയുന്നത്. ശരിയായ ഭാരതീയ സംസ്‌കൃതി ബഹുസ്വരതയാണെന്ന്് ഉദ്‌ഘോഷിക്കുക. ജനാധിപത്യത്തിന്റെ കാവലാളും മതനിരപേക്ഷതയുടെ സംരക്ഷകരുമാവുക. മതനിരപേക്ഷ-ജനാധിപത്യ ശക്തികളുടെ വിശാലമായ ഫാഷിസ്റ്റ് വിരുദ്ധ വേദി ഉയര്‍ത്താന്‍ പ്രചോദനമാവുന്നതാണ് പന്‍സാരെയുടെ രക്തസാക്ഷിത്വവും സഖാവിനെക്കുറിച്ചുള്ള ഓര്‍മകളും.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913