ഇന്ത്യൻ മാധ്യമങ്ങളും പൊതു തെരഞ്ഞെടുപ്പും യുദ്ധവും റിപ്പോർട്ടിങ്ങും

ഇന്ത്യ പാക്കിസ്ഥാനെതിരെ തുറന്ന യുദ്ധത്തിന് തയ്യാറാവുക തന്നെ വേണം എന്ന് റിപ്പബ്ലിക് ടി വിയുടെ ന്യൂസ് റൂമിലിരുന്ന് ആഹ്വാനം ചെയ്ത അർണബ് ഗോസ്വാമി ഉൾപ്പെടെയുളള മാധ്യമപ്രവർത്തകരോടാണ് ചോദ്യം. “യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് നേരിട്ട് പോയി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?” ‘ന്യൂസ് റൂമിലിരുന്ന് യുദ്ധ്വാഹ്വാനം ചെയ്യാൻ എളുപ്പമാണ്. എന്നാൽ യുദ്ധത്തിന്റെ ഭീകരാനുഭവങ്ങൾ കണ്ണിന് മുമ്പിൽ തെളിയുന്ന നേരത്ത് ചെയ്യുന്ന റിപ്പോർട്ടുകളുടെ സ്വഭാവം അങ്ങനെയല്ല’ എന്ന് യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടൻ ചരിത്രവിഭാഗം മേധാവി ലിൻഡ റിസ്സോ എഴുതിയ ‘റിപ്പോർട്ടിംഗ് ഫ്രം ദ ഫ്രണ്ട്’ എന്ന പഠനത്തിൽ വിശദമാക്കുന്നു.

യുദ്ധം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകനും യുദ്ധത്തെ മഹത്വവത്കരിക്കുകയോ യുദ്ധം തുടരാൻ പ്രേരിപ്പിക്കുകയോ ചെയ്യില്ല എന്നതാണ് ഈ പഠനത്തിൽ പ്രധാനമായും പരാമർശിക്കുന്ന ഒരു വസ്തുത. യുദ്ധം നടക്കുന്ന രാജ്യങ്ങൾ തമ്മിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനും യുദ്ധം അവസാനിപ്പിക്കാനുമാണ് യുദ്ധത്തിന്റെ ഭീകരാനുഭവങ്ങൾ നേരിട്ടനുഭവിക്കുന്ന ഏതൊരു ജേർണലിസ്റ്റിന്റെയും റിപ്പോർട്ടുകളിലും അവതരണങ്ങളിലും തെളിഞ്ഞുകാണുക എന്നും ലിൻഡ റിസ്സോ എഴുതുന്നു.

ഇന്ത്യൻ മാധ്യമങ്ങളുടെ ന്യൂസ് റൂമുകളിൽ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന യുദ്ധപ്രഖ്യാപനങ്ങളും അതുവഴി സാധാരണക്കാരുടെ മനസ്സിലെത്തുന്ന യുദ്ധഭീതിയും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ രാഷ്ട്രീയഭാവിയെ അപകടകരമായ രീതിയിൽ സ്വാധീനിക്കുമെന്ന് ദി ഇന്റിപെന്റൻഡ് പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ നിരീക്ഷിക്കുന്നുണ്ട്.

പുൽവാമ ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക നീക്കങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും ഇന്ത്യയിലെ മാധ്യമങ്ങൾ, പ്രത്യേകിച്ച് ദേശീയതലത്തിലുള്ള ന്യൂസ് ചാനലുകൾ റിപ്പോർട്ട് ചെയ്ത രീതി ഇതിനകം ആഗോളതലത്തിൽ ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. അതിർത്തിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ ദിവസവും വലിയ അളവിൽ വ്യാജവാർത്തകളും ഉണ്ടാവുന്നുവെന്നും ദി ഇന്റിപെന്റൻഡ് വിശദമായി പരിശോധിക്കുന്നു. വരാനിരിക്കു ന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇന്ത്യൻ സർക്കാറിന് വേണ്ടി മാധ്യമങ്ങൾ ഇങ്ങനെ അസത്യം കലർത്തിയ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതെന്ന് നിരീക്ഷിച്ചാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.

ന്യൂസ് റൂമിലെ യുദ്ധങ്ങൾക്കിടയിൽ ഇന്ത്യൻ മാധ്യമങ്ങളിൽ ഇപ്പോൾ വരുന്ന വാർത്തകളുടെ ആധികാരികതയും വിശ്വസ്തതയും നഷ്ടപ്പെടുന്നതായി കഴിഞ്ഞ ദിവസം അൽ-ജസീറയും റിപ്പോർട്ട് ചെയ്തിരുന്നു.

ബലാക്കോട്ടിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്ത്യയിലെ ചില വാർത്താ ചാനലുകൾ ആക്രമണത്തിൽ 300ൽപരം തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യുകയുണ്ടായി. പേര് വെളിപ്പെടുത്താത്ത വാർത്താ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ടാണ് ഇവർ ഇത് പറഞ്ഞത്. എന്നാൽ, ആക്രമണത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവന പുറത്ത് വന്നപ്പോൾ, കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം വെളിപെടുത്താൻ സർക്കാർ വക്താവ് വിസമ്മതിച്ചു.

അതേസമയം, അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങൾ ഇന്ത്യൻ മാധ്യമങ്ങകളുടെ കണക്കുകളെ തള്ളിപ്പറയുകയാണുണ്ടായത്. ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച ഇവർ പുറത്ത് കൊണ്ടുവന്ന വസ്തുതകൾ ഇന്ത്യൻ മാധ്യമങ്ങളെ നാണം കെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ആക്രമണത്തിൽ ആരും മരിച്ചിട്ടില്ലെന്നും ചില മരങ്ങൾക്കാണ് നാശനഷ്ടങ്ങൾ വന്നതെന്നും അൽ-ജസീറ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.

പാക്കിസ്ഥാനിലെ ബലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ജയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പ് തകർത്തുവെന്ന് ഇന്ത്യൻ മാധ്യമങ്ങൾ അവകാശപ്പെട്ട് ദിവസങ്ങൾ കഴിയുമ്പോഴും ജയ്‌ഷെ മുഹമ്മദ് നടത്തുന്ന കേന്ദ്രം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്യാമ്പുകൾ ഇപ്പോഴുമുണ്ടെന്നാണ് പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സ് വാർത്ത പുറത്തു വിട്ടത്.

വ്യോമാക്രമണത്തിന് ആറ് ദിവസത്തിന് ശേഷം മാർച്ച് നാലിന്, സാൻഫ്രാൻസിസ്‌കോ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്ലാനറ്റ് ലാബ് ഇങ്ക് എന്ന സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്റർ എടുത്ത ചിത്രങ്ങളാണ് റോയിട്ടേഴ്സ് പുറത്തു വിട്ടത്. ആക്രമണം നടന്ന സ്ഥലത്ത് ഇപ്പോഴും ആറ് കെട്ടിടങ്ങൾ ഉണ്ടെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. വ്യോമാക്രമണത്തിൽ ക്യാമ്പ് തകർന്നതിനും ആളുകൾ കൊല്ലപ്പെട്ടതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നായിരുന്നു മുമ്പും ബലാക്കോട്ട് സന്ദർശിച്ച റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നത്. പ്രദേശത്ത് വലിയ തോതിലുള്ള സ്‌ഫോടനമുണ്ടായിട്ടുണ്ടെന്നും എന്നാൽ ബോംബ് മരങ്ങളിലാണ് പതിച്ചതെന്നുമായിരുന്നു പ്രദേശവാസികളുടെ പ്രതികരണം.

ഇന്ത്യൻ വ്യോമസേനയുടെ പ്രത്യാക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് പാക് അധീന കശ്മീരിൽ ഇറങ്ങിയ പൈലറ്റിനെ ഇന്ത്യൻ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് ജനക്കൂട്ടം തല്ലിക്കൊന്നുവെന്ന വാർത്തയും വ്യാജമായിരുന്നു. ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ആഘോഷിച്ച ഒരു ന്യൂസായിരുന്നു അത്. വിമാനത്തിൽ നിന്ന് ഇജക്‌ററ് ചെയ്ത് രക്ഷപ്പെട്ട് പാക്കിസ്ഥാൻ മണ്ണിലെത്തിയ പാക് വൈമാനികനെ സ്വന്തം നാട്ടുകാർ ഇന്ത്യക്കാരനെന്ന് തെറ്റിദ്ധരിച്ച് തല്ലിക്കൊന്നുവെന്നായിരുന്നു ദേശീയ മാധ്യമങ്ങളുടെ വാർത്ത.

നമ്പർ 19 സ്‌ക്വാഡ്രണിലെ പൈലറ്റായ ഷഹ്‌സാസ് എന്ന വ്യക്തിയെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നതെന്നും റിപ്പോർട്ടുകളിൽ വിശദമാക്കിയിരുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത വാർത്ത മാധ്യമങ്ങൾ വസ്തുതയെന്നോണം അവതരിപ്പിച്ചത്. ഫെബ്രുവരി 28 ന് ലണ്ടനിലെ അഭിഭാഷകനായ ഖാലിദ് ഉമർ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് പൈലറ്റിന് സംഭവിച്ച കാര്യങ്ങൾ വസ്തുതയെന്നോണം എഴുതിയിരുന്നത്. പൈലറ്റിന്റെ ബന്ധുക്കളിൽ നിന്നും വ്യോമസേനാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റെന്നായിരുന്നു ഖാലിദ് ഉമർ അവകാശപ്പെട്ടത്.

ഷഹ്‌സാസ് പാക്കിസ്ഥാൻ എയർഫോഴ്‌സിലെ എഫ് 16 ഫൈറ്റർ ജറ്റിലെ പൈലറ്റാണെന്നും അഭിനന്ദിനെ പോലെ ഒരു പൈലറ്റിന്റെ മകനാണ് ഷഹ്‌സാസെന്നും ഖാലിദ് പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. ഇന്ത്യൻ പൈലറ്റായ അഭിനന്ദ്, ഷഹ്‌സാസിന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയായിരുന്നെന്നും വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട ഷഹ്‌സാസ് പാക് അധീന കശ്മീരിൽ എത്തുകയും എന്നാൽ അദ്ദേഹത്തെ പാക്കിസ്ഥാനികൾ ഇന്ത്യൻ പൈലറ്റെന്നു കരുതി തല്ലിക്കൊന്നെന്നുമായിരുന്നു പോസ്റ്റിൽ പറഞ്ഞുവെച്ചത്.

കൊല്ലപ്പെട്ട പൈലറ്റ് എയർ മാർഷൽ വസീം ഉദ്ദിന്റെ മൂന്ന് മക്കളിൽ ഒരാളാണെന്നും കൊല്ലപ്പെട്ട ആളുടെ കുടുംബവും മരണം ശരിവെച്ചുവെന്നുമായിരുന്നു ഖാലിദ് ഉമർ അവകാശപ്പെട്ടത്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ ചില സംശയങ്ങൾ തോന്നിയതിന് പിന്നാലെ ന്യൂസ് ലോൺട്രി ന്യൂസ് പോർട്ടലിലെ മാധ്യമ പ്രവർത്തകനായ പ്രദീപ് ഗോയൽ ഖാലിദ് ഉമറിനെ ഫോണിൽ ബന്ധപ്പെട്ടു. തനിക്ക് ഈ വിവരം ഒരാളിൽ നിന്നല്ലെന്നും വിവിധ വ്യോമസേനാ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചതാണെന്നുമായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്.

എഫ് 16 വിമാനം ഉപയോഗിച്ചുവെന്ന കാര്യം പോലും നിഷേധിക്കുന്ന പാക്കിസ്ഥാൻ ഈ വിവരം അംഗീകരിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം പറഞ്ഞതൊന്നും വസ്തുതയല്ലെന്ന് വ്യക്തമാകുന്നത്. അദ്ദേഹം പോസ്റ്റിൽ പറഞ്ഞ എയർ മാർഷൽ വസീമിന് മൂന്ന് മക്കളില്ല. രണ്ട് പേരാണ് ഉള്ളത്. അവർ വ്യോമസേനയിൽ സേവനം അനുഷ്ഠിക്കുന്നവരും അല്ല. ഇക്കാര്യം പാക്കിസ്ഥാനിലെ പത്രപ്രവർത്തകരും ശരിവെക്കുന്നുണ്ട്. ഇത് വ്യാജ വാർത്തയാണെന്നും പാക്കിസ്ഥാനിലെ വിവിധ മാധ്യമപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ച ആക്രമണത്തിൽ എത്ര തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്ത്യൻ സൈന്യത്തിന് അതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്ന് ഐ എ എഫ് മേധാവി ബി എസ് ധനോവ വിശദീകരിക്കുമ്പോഴേക്കും ദേശീയ മാധ്യമങ്ങളും ബി ജെ പി അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരും കൊല്ലപ്പെട്ടവരുടെ എണ്ണം പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. അപ്പോൾ വാർത്തകളുടെ ഉറവിടവും ആധികാരികതയും നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾക്ക് വിഷയമേയല്ല. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന അജൻഡകളും റേറ്റിംഗിലൂടെ ലഭിക്കുന്ന സാമ്പത്തിക നേട്ടവുമല്ലാതെ മറ്റൊന്നും കേൾക്കാൻ തയ്യാറാവാത്ത ഈ മാധ്യമങ്ങളോട് എങ്ങനെയാണ് മാധ്യമ നൈതികതയെക്കുറിച്ച് പറയാൻ കഴിയുക? യുദ്ധമുണ്ടായാൽ ഉണ്ടാകുന്ന ഭീകരതയും നാശനഷ്ടവും വിശദീകരിക്കുക?

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913