കേരളത്തെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട.അതു നടക്കില്ല, ഷിബൂഡാ…

കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല. ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടുമെന്നാന്ന് സ്വാമി സന്ദീപാനന്ദ ഗിരി. കേരളത്തില്‍ അയ്യപ്പന്റെ പേരു പറയാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സ്വാമി സന്ദീപാനന്ദ ഗിരി..

ബിജെപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്. കേരളത്തെ യുപിയോ ഗുജറാത്തോ ആക്കാൻ ശ്രമിക്കണ്ട.അതു നടക്കില്ല. ഇവിടെ വര്‍ഗീയത വീഴും വികസനം വാഴുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദീജീ…
ഇവിടെ അതായത് കേരളത്തില്‍ നാരായണഗുരുദേവനും,സഹോദരനയ്യപ്പനും,അയ്യങ്കാളിയും, അങ്ങിനെ എണ്ണിയാലൊടുങ്ങത്ത എണ്ണമറ്റഅഗ്‌നിസമാനന്മാരായ ഗുരുക്കന്മാര്‍ ഉഴുതുമറിച്ച പുണ്യഭൂമിയാണിത്.
ഇവിടെ കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല.
ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടും.
അതാണ് സാറെ കേരളം.
ഇവിടെ പല ബിജേപി നേതാക്കളും പോത്തിറച്ചി കഴിച്ച് നോമ്പുതുറക്കുന്ന നാടാണിത്.
ഇതിനെ യൂപിയോ ഗുജറാത്താക്കാനോ ശ്രമിക്കണ്ട.അതു നടക്കില്ല.
ഇവിടെ വര്‍ഗീയത വീഴും വികസനം വാഴും.
ഷിബൂഡാ…