ചായക്കടക്കാരനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത് ഭരണഘടനയുടെ കരുത്ത്: മോദി

ചായക്കടക്കാരനും ദാരിദ്ര്യവും ചൂഷണവും അനുഭവിച്ചവനുമെല്ലാം പ്രധാനമന്ത്രിയും പ്രസിഡന്റുമാകാന്‍ കഴിഞ്ഞത് ബാബ സാഹബ് അംബേദ്ക്കര്‍ സൃഷ്ടിച്ച ഭരണഘടനയുടെ കരുത്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ശില്‍പ്പിയായ അംബേദ്ക്കറുടെ ജന്മ വാര്‍ഷിക ദിനത്തില്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നടന്ന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക കുടുംബത്തില്‍ പിറന്ന ഒരാള്‍ക്ക് പ്രധാനമന്ത്രിയാകന്‍ കഴിഞ്ഞു. ഇതിനെല്ലാം നന്ദി പറയേണ്ടത് ഭരണഘടനയോടാണെന്നും അദ്ദേഹം പറഞ്ഞു.

യു പിയിലെ മുഴുവന്‍ മണ്ഡലത്തിലും സ്ഥാാര്‍ഥികളെ നിര്‍ത്താന്‍ എസ് പി- ബി എസ് പി സഖ്യത്തിന് കഴിഞ്ഞിട്ടില്ല. ഇത്തരം ഒരു സഖ്യത്തിന് എങ്ങനെ പ്രധാനമന്ത്രിയെ സംഭവാന ചെയ്യാന്‍ കഴിയുമെന്നും മോദി ചോദിച്ചു. നിലവില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ്ബറേലി, അമേത്തി മണ്ഡലങ്ങളില്‍ മഹാസഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ഇതിനെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു മോദിയുടെ ഈ അഭിപ്രായ പ്രകടനം.