വീണ്ടും ശബരിമലയിൽ പോകുമോ? ലിബി. സി. എസ്. സംസാരിക്കുന്നു

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അശ്ളീല സംഘടനയുടെ ഫോറം പ്രസിഡന്റ് നൽകിയ വ്രണക്കേസിൽ അറസ്റ്റിലായ ന്യൂസ്‌ഗിൽ മുൻ എഡിറ്റർ ലിബി.സിഎസ് ശബരിമല സ്ത്രീപ്രവേശന വിഷയത്തെയും അറസ്റ്റിനെയും ജയിൽ ജീവിതത്തെയും ഭാവി നിലപാടുകളെക്കുറിച്ചും അന്താരാഷ്ട്ര മാധ്യമമായ ‘അൾജസീറ’ യുടെ ഡൽഹി ലേഖിക ശ്രേയയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

എത്തിസ്റ്റായ ലിബി ശബരിമലയിൽ പോകാൻ തീരുമാനിച്ചത് എന്തിന്? ബോധപൂർവം കലാപം ഉണ്ടാക്കാനാണെന്ന് ആരോപണമുണ്ടല്ലോ?

പന്ത്രണ്ടു വർഷം കേസുനടത്തിയ ഒരുവിഷയത്തിൽ വിധി എതിർ കക്ഷികൾക്ക് അനുകൂലമായപ്പോൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിയെ വെല്ലുവിളിച്ചുകൊണ്ടും ചീഫ് ജസ്റ്റിസിനെ ഉൾപ്പെടെ തെറിവിളിച്ചുകൊണ്ടും കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങളുടെ പിന്തുണയോടെ കലാപത്തിന് ആഹ്വാനം ചെയ്യുകയും ജനങ്ങളെ തെരുവിലിറക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്തത് ആരാണെന്ന് പഴയ വാർത്തകളൊക്കെ നെറ്റിൽ അവൈലബിൾ ആണ് ഒന്ന് പരിശോധിച്ച് നോക്കിയാൽ മനസിലാകും.ഞാൻ അടക്കമുള്ള യുവതികൾ ശബരിമലയിൽ പോയത് സുപ്രീംകോടതി വിധിയുടെ പിൻബലത്തിലും മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി നൽകിയ ഉറപ്പ് വിശ്വസിച്ചും ആണ്.

സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയുടെ അടിസ്ഥാനത്തിലുള്ള വിധി അംഗീകരിക്കില്ലെന്നും വിധിനടപ്പാക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി വിധിനടപ്പാക്കും എന്ന് പ്രഖ്യാപിച്ചതിന്റെ പേരിൽ അദ്ദേഹത്തെ പോലും തെരുവിൽ ജാതിപ്പേര് കൂട്ടി തെറിവിളിക്കുകയും തെരുവിലും സോഷ്യൽമീഡിയയിലും സ്ത്രീകളെ ഉടുമുണ്ട് പൊക്കികാണിക്കുകയും ചെയ്തുകൊണ്ട് ഒരുസ്ത്രീയെയും പത്തനംതിട്ട ജില്ലയിൽപോലും കയറ്റില്ല എന്ന സംഘപരിവാർ ഭീഷണിയിൽ കേരളം വിറങ്ങലിച്ച് നിന്നപ്പോൾ അത് ഭേദിക്കേണ്ടത് ആത്മാഭിമാനമുള്ള സ്ത്രീകളുടെ കടമയാണെന്ന് കരുതിയതുകൊണ്ടാണ് അങ്ങനെ ഒരുശ്രമം നടത്തിയത്.

നിരവധി സ്ത്രീസംഘടനകളെ കോൺടാക്റ്റ് ചെയ്തിട്ടും സംഘിപ്പേടിമൂലം ആരും അതിന് സന്നദ്ധരാകാതിരുന്നതുകൊണ്ടാണ് നടതുറക്കുന്നതിന്റെ തലേദിവസം രാത്രി ഞാൻ തന്നെ ആ ദൗത്യം ഏറ്റെടുത്തത്.സംഘപരിവാർ പിന്തുണയോടെ ശൂദ്രതീവ്രവാദികൾ അഴിഞ്ഞാടുമ്പോൾ യുവതികളുടെ ശബരിമല പ്രവേശനത്തിലിടപെടുക എന്നത് പുരോഗമന ശക്തികളുടെ ഉത്തരവാദിത്വമായിട്ടാണ് ഞാൻ കരുതുന്നത്.സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വൈക്കം സത്യാഗ്രഹം മുതൽ ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഗുരുവായൂർ സത്യാഗ്രഹം വരെ നടന്നത് അവിശ്വാസികളായ പുരോഗമനകാരികളുടെ മുൻകയ്യിലാണ്. പി. കൃഷ്ണപ്പിള്ള, എ കെ ജി, പെരിയോർ ഇവി രാമസ്വാമി നായ്ക്കർ തുടങ്ങിയവരെല്ലാം നിരീശ്വരവാദികളായിരുന്നു. പിന്നെ ശബരിമല കേസിൽ 2008 ൽ സുപ്രീം കോടതിയിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും ഇത് പുരാതന കാലത്ത് ബുദ്ധക്ഷേത്രമാണെന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ബുദ്ധക്ഷേത്രം എന്നാണ് ഹൈന്ദവവത്കരിക്കപ്പെട്ടതെന്ന് കൃത്യമായി പറയാൻ സാധിക്കയില്ല എങ്കിലും ലഭ്യമായ ചരിത്രവസ്തുതകൾ പരിഗണിക്കുമ്പോൾ 15-16 നൂറ്റാണ്ടുകളിൽ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളുടെ രമ്യതക്കു ശേഷമാണ് ഇതുണ്ടായതെന്ന് അനുമാനിക്കാൻ സാധിക്കുന്നു.ആ അർത്ഥത്തിൽ നോക്കിയാലും ബുദ്ധൻ നിരീശ്വരവാദിയാണ്.

കേസുകളെയും ഭീഷണികളെയും എങ്ങനെ കാണുന്നു?

വ്രണക്കേസുകൾ ഇതാദ്യമല്ല. ഇതൊന്നും കണ്ടു പേടിക്കില്ല. വ്രണിതനോട് പുശ്ചമല്ലാതെ ഭയമില്ല. എറണാകുളത്തെ ആ അശ്ലീലസംഘടനയ്ക്ക് വ്രണം പൊട്ടിയെന്നുപറഞ്ഞാൽ കേരളത്തിലെ മുഴുവൻ ഹിന്ദുക്കളും വ്രണം പൊട്ടിയൊലിക്കുന്നവർ ആണെന്ന് അർത്ഥമാക്കേണ്ടതില്ലല്ലോ? ഞാൻ ശബരിമലയിൽപോയി തിരിച്ചുവന്നദിവസം പോയത് ഹിന്ദുക്കളിലെ കേരളത്തിലെ ഏറ്റവും പ്രബലവിഭാഗത്തിൻറെ ഹെഡ്ക്വാർട്ടേസ് എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലത്താണ്. അവിടെ ആർക്കും വ്രണം പൊട്ടിയതായി ഞാൻ കണ്ടില്ല. ഭീഷണികളും ആദ്യമല്ല. അവനൊക്കെ കുരക്കട്ടെ അല്ലാതെ ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല. ഇത്തരം ഊളകൾക്കെതിരെ കേസ് കൊടുത്ത് ഫെയ്മസ് ആക്കാനും ഉദ്ദേശിക്കുന്നില്ല.

പോലീസ് സ്റ്റേഷൻ ജയിൽ അനുഭവങ്ങൾ എങ്ങനെ?

ജയിലിൽ കേസിൽപെട്ടുപോയ ജാമ്യം ഇറക്കാൻ ആരുമില്ലാത്ത കുറച്ച് പാവങ്ങളോടൊപ്പമാണ് കഴിഞ്ഞത്. അവരെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ശബരിമല എന്നവാക്ക് ഞാൻ പോരുന്നതുവരെ മിണ്ടിപ്പോകരുതെന്ന് വാർഡന്മാർക്കും തടവുകാർക്കും ജയിൽ സുപ്രണ്ടന്റ് നിർദ്ദേശം നൽകിയിരുന്നു.പോലീസ് കസ്റ്റഡിയിൽവാങ്ങിയ രണ്ടുദിവസങ്ങളിൽ എറണാകുളം വനിതാ സ്റ്റേഷനിലാണ് രാത്രി തങ്ങിയത്. അത് വളരെ ഭീകരമായിരുന്നു. ഭീകരം എന്നുപറഞ്ഞത്, വെറും ഒരു മജിസ്റ്റീരിയൽ ഒഫൻസിൽ പ്രതിയായ എന്നെ പാർപ്പിച്ചത് അവിടുത്തെ ലോക്കപ്പിൽ പൂട്ടിയിട്ടാണ്. എവിടെയും ഒളിച്ചോടിപ്പോയ പ്രതിയല്ല ഞാൻ. എന്നെ എൻറെ വീട്ടിൽനിന്നുതന്നെയാണ് അറസ്റ്റുചെയ്തത്.ഇങ്ങനെ ഒരു കേസ് സംബന്ധിച്ച് ഒരു ഫോൺകോൾ പോലും നാളിതുവരെ സ്റ്റേഷനിൽനിന്ന് വന്നിട്ടില്ല. മാധ്യമ വാർത്തകൾ കണ്ടാണ് ഞാൻ ആന്റിസിപ്പേറ്ററി മൂവ്‌ചെയ്തത്. അത്രപോലും കോടതിയിൽനിന്നോ പോലീസിൽനിന്നോ ഒളിച്ചുനടന്ന ആളല്ല ഞാൻ.ശബരിമല വിഷയം കത്തിനിന്നപ്പോൾ സംഘികളെപ്പേടിച്ചുപോലും വീട്ടിൽനിന്ന് മാറിനിന്നിട്ടില്ല. അതേസമയം സെഷൻസ് ഒഫൻസായ ബലാത്സംഗക്കേസിലെ പ്രതി ഫ്രാങ്കൊ മൂളക്കലിനെ അന്വേഷിച്ച് ചെന്ന അന്വേഷണസംഘത്തെ വെട്ടിച്ച് മുങ്ങിക്കളഞ്ഞിട്ടും വീണ്ടും നോട്ടീസ് കൊടുത്ത് വിളിച്ചുവരുത്തി ആയിരുന്നു അറസ്റ്റ്. കസ്റ്റഡിയിൽ വാങ്ങിയ അയാളെ പാർപ്പിച്ചത് കോട്ടയം പോലീസ് ക്ലബിലെ എസി റൂമിലാണ്. രഹനയെ അറസ്റ്റുചെയ്തതും ഇങ്ങനെ ഒരുകേസിനെ കുറിച്ച് അറിയിക്കാതെ ബിഎസ്എൻഎൽ ഓഫീസിൽ നിന്നുമായിരുന്നു. വെറുമൊരു മജിസ്റ്റീരിയൽ ഒഫൻസിലെ പ്രതികളായ ഞങ്ങൾക്ക് പോലീസിൽനിന്നുണ്ടായ അനുഭവവും മതവാദിയായ ഫ്രാങ്കോമൂളക്കൽ സെഷൻസ് ഒഫൻസിൽ പ്രതിയായിട്ടുകൂടി എങ്ങനെയാണു കൈകാര്യം ചെയ്തത് എന്നതും കൂട്ടിവായിക്കേണ്ടതാണ്.പ്രതിയെന്നനിലയിലും ഒരു പൗരന് ചില അവകാശങ്ങൾ ഉണ്ടല്ലോ? അതിൽപോലും ഞങ്ങൾക്കില്ലാത്ത എന്ത് പ്രത്യേക അവകാശമാണ് കേരളാ പൊലീസ് ആക്റ്റിലോ സിആർപിസിയിലോ ഫ്രാങ്കോ മുളക്കലിനുള്ളത്? 

സ്ത്രീസംഘടനകൾ ലിബിയുടെ വിഷയത്തെ കയ്യൊഴിഞ്ഞതായി ആരോപണമുണ്ടല്ലോ? അതേക്കുറിച്ച് എന്തുപറയുന്നു?

അങ്ങനെ ഒരാരോപണം ഞാനോ ഹസ്‌ബെന്റോ ഉന്നയിച്ചിട്ടില്ല. വീട്ടിൽ വേറെ ആർക്കും ഫെമിനിസ്റ്റുകളെയൊന്നും പരിചയവും ഇല്ല.”സ്ത്രീസംഘടനകൾ ആരും ശബരിമല വിഷയത്തിൽ വാചകമടിയ്ക്കപ്പുറം ഇടപെടലിന് തയ്യാറാകാതിരുന്നതുകൊണ്ടല്ലേ ലിബിയ്ക്ക് പോകേണ്ടിവന്നത്. പിന്നെ ആ ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.” എന്നല്ലേ ഹസ്ബന്റ് ആ ഇന്റർവ്യൂവിൽ പറഞ്ഞത്? അതൊരു പരിഭവമല്ലല്ലോ? അതേസമയം ഞാൻ എന്നല്ല ഏത് സ്ത്രീക്കായാലും ഇങ്ങനെ ഒരനുഭവം ഉണ്ടയാൽ അവർ കാണിക്കുന്ന നിസ്സംഗതയും ഒപ്പം ശബരിമല വിഷത്തിൽ കാണിച്ച തെണ്ടിത്തരങ്ങളും ഇനിയും മറച്ചുവെക്കുകയല്ല വേണ്ടതെന്നുതന്നെയാണ് എനിക്കും പറയാനുള്ളത്. കേരളത്തിന് വെളിയിൽനിന്നുപോലും സ്ത്രീസംഘടനകൾ നേരിട്ടിടപെടുകയും നിരന്തരം സ്ത്രീകൾ വന്നുകൊണ്ടിരിക്കുകയും അവർ അക്രമിക്കപ്പെട്ടുകൊണ്ടിരുന്നിട്ടും കേരളത്തിലെ സ്ത്രീസംഘടനകൾ മാളത്തിലൊളിക്കുകയായിരുന്നു. എൻറെ കാര്യത്തിൽ അല്ല അത് ഞാൻ നേരിടും. പക്ഷെ ശബരിമലവിഷയത്തിൽ എല്ലാ സ്ത്രീസംഘടനകളും സ്വീകരിച്ചത് തികച്ചും വഞ്ചനാപരമായ സമീപനം തന്നെയാണ്. ഫാസിസം മൂക്കിന് കീഴെ വെല്ലുവിളിച്ചിട്ടും സോഷ്യൽമീഡിയയിലെ തള്ളുകൾക്കപ്പുറം കേരളത്തിൽ ആകപ്പാടെ എല്ലാജില്ലയിലുംകൂടി ഫാസിസത്തെ എതിർക്കാൻ സന്നദ്ധരായിട്ടുള്ളത് കേവലം 15 പേർ മാത്രമാണ്. ബാക്കിയെല്ലാവരും ‘റെഡിടൂ വെയിറ്റ്’ കാർ തന്നെയാണ് എന്നതാണ് വസ്തുത. നിരന്തരമായ പ്രത്യക്ഷ ഇടപെടലിലൂടെയല്ലാതെ ശബരിമല വിധി നടപ്പിലാക്കാനും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനും കഴിയില്ല.

സ്ത്രീസംഘടനകളല്ലാതെ മറ്റുനിരവധി സംഘടനകളും സുഹൃത്തുക്കളും എനിക്ക് പിന്തുണയുമായി എത്തിയിരുന്നു. എൻറെ കേസ്‌ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചും നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അതിനെക്കിറിച്ച് ചിന്തിക്കുന്നില്ല. കുറച്ചുദിവസം റിമാണ്ടിൽകഴിഞ്ഞു എന്നുകരുതി എൻറെ നിലപാടുകൾക്ക് മാറ്റമൊന്നും ഇല്ല ജയിൽവാസം എന്നെ കൂടുതൽ ബലപ്പെടുത്തുകയാണ് ചെയ്തത്. കേസുകളെ നിയമപരമായിത്തന്നെ നേരിടും. നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഒപ്പം ശബരിമല സ്ത്രീപ്രവേശന മുന്നേറ്റത്തോടൊപ്പം പൂർവാധികം ശക്തിയോടെ ഉണ്ടാവുകയും ചെയ്യും.

യുക്തിവാദികളിൽ ചിലർ തന്നെ ലിബിയുടെ ശബരിമല യാത്രയെ എതിർക്കുന്നുണ്ടല്ലോ?

യുക്തിവാദികളിലും സകല പ്രസ്ഥാനങ്ങളിലും സംഘികൾ ഉണ്ടല്ലോ? അതിനിപ്പോൾ എന്തുചെയ്യാൻ പറ്റും.ഞാൻ 17 വർഷം പ്രവർത്തിച്ചത് കേരള യുക്തിവാദി സംഘം എന്ന സംഘടനയിലാണ്.ആസംഘടന എൻറെ കേസ് ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് ഫയ്സ്ബൂക്ക് പോസ്റ്റ് ഇട്ടിരുന്നത് കണ്ടു. മറ്റ് യുക്തിവാദി ഗ്രൂപ്പുകളുടെ നിലപാടെന്തെന്ന് എനിക്ക് വ്യക്തമായി അറിയില്ല. 

കേരള യുക്തിവാദി സംഘം ഇട്ട ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നത് “ലിബിയുടെ ശബരിമല യാത്രയെ നുകൂലിക്കുന്നില്ലെങ്കിലും , ലിബിയുടെ കേസ് ഏറ്റടുക്കാൻ തീരുമാനിച്ചു” എന്നാണല്ലോ അതേക്കുറിച്ച് എന്ത് പറയുന്നു?

ശബരിമല പ്രവേശനത്തിലിടപെടുക എന്നത് പുരോഗമന ശക്തികളുടെ ഉത്തരവാദിത്വമല്ല എന്ന രീതിയിലുള്ള പ്രചരണം ചില കുയുക്തിവാദികളും സന്ഘിപ്പേടി പുറത്തുപറയാൻ നാണക്കേടുള്ള ചില പുരോഗമന നാട്യക്കാരും സംഘപരിവാറിന് വേണ്ടി കുഴലൂത്തുനടത്തുന്ന നാസ്തികമോർച്ചയും ഒക്കെ സമൂഹത്തിൽ ശക്തമായി നടത്തുന്നുണ്ട്. സംഘിപ്പേടി തന്നെയാണ് യദാർത്ഥ കാരണം. ഇനി കേരളാ യുക്തിവാദിസംഘം ശബരിമല സ്ത്രീ പ്രവേശനത്തിൽ ഇടപെടാൻ തീരുമാനിച്ചാലും അതിന് ധൈര്യമുള്ള ഒരു സ്ത്രീയും ആ സംഘടനയിൽ ഇല്ലാത്തപ്പോൾ ഇങ്ങനെ ഒരുനിലപാടല്ലേ അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ ഉത്തമം. മകരജ്യോതി തട്ടിപ്പിനെതിരെ പ്രത്യക്ഷ ഇടപെടൽ നടത്തിയത് അന്ന് അതിന് ഗട്ട്സ് ഉള്ളവർ ഉണ്ടായിരുന്നതുകൊണ്ടാണ്. ഇന്ന് അത് ഇല്ലെന്നർത്ഥം. എന്റെയോ രഹ്ന ഫാത്തിമയുടെയോ മാത്രം വിഷയമല്ലല്ലോ 295 A . കേരളത്തിൽ എനിക്കെന്നല്ല ആർക്കെതിരെയായാലും മതനിന്ദാ കുറ്റം ചുമത്തി ഒരുകേസെടുത്തൽ ഇടപെടാനുള്ള ധാർമ്മീക ബാധ്യത കേരള യുക്തിവാദി സംഘം എന്ന സംഘടനയ്ക്ക് ഉണ്ടല്ലോ? അതുകൊണ്ടായിരിക്കാം ചിലപ്പോൾ അവർ ഇടപെടാൻ തീരുമാനിച്ചത്. 

ലിബി വീണ്ടും ശബരിമലയിൽ പോകുമോ ?

ഞാൻ ശബരിമലയിൽ പോകാൻ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് പറഞ്ഞല്ലോ? അത് ഒരു മൂവ്മെന്റായി വളർത്തിക്കൊണ്ടുവരാനും സ്ത്രീപ്രവേശന വിധിനടപ്പിലാക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇനി ആവശ്യം വിധിനടപ്പിലാക്കൽ അല്ലല്ലോ? സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യമാണ്. അത് തടസപ്പെടുത്തുന്ന ഫാസിസ്റ്റുകൾക്കെതിരെ മനുഷ്യന്റെ ഏറ്റവും പ്രാഥമീകമായ മനുഷ്യാവകാശങ്ങളിൽ ഒന്നായ സഞ്ചാര സ്വാതന്ത്ര്യത്തിനായി മനുഷ്യാവകാശ സംഘടനകളെയും മറ്റു ഫാസിസ്റ്റു വിരുദ്ധ ശക്തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു ഇടപെടൽ ആണ് അനിവാര്യമായിട്ടുള്ളത്. അത്തരം ഒരു മൂവ്മെന്റിന് എൻറെ അറസ്റ്റ് ചെറിയ ഒരു ഊർജ്ജം പകർന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. തീർച്ചയായും അത്തരം ഒരു മൂവ്മെന്റിനോടൊപ്പം ശബരിമലയിലേക്ക് പോകാൻ ഞാനും ഉണ്ടാകും. അതിന് ഒരു സംശയവും വേണ്ട. അല്ലാതെ സെയ്ഫ് സോണിലിരുന്ന് ഐഡന്റിറ്റി പ്രൂവ് ചെയ്യാനുള്ള കലാപരിപാടികൾക്ക് ഉണ്ടാവില്ല. മുൻപും അതുതന്നെയായിരുന്നു നിലപാട്. ശബരിമലയിൽ ഭരണഘടനയും നീതിന്യായ വ്യവസ്ഥയെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ചുകൊണ്ട് അഴിഞ്ഞാടുന്ന ഫാസിസ്റ്റുകൾക്കെതിരെ പ്രത്യക്ഷ ഇടപെടലിന് തയ്യാറാവുന്ന ഏതു സംഘടനക്കും ഞാൻ പിന്തുണ നൽകുകയും ഒപ്പം ഉണ്ടാകുകയും ചെയ്യും.