കണ്ണ് തുറക്കാതെ കക്കൂസിൽ പോയി; ക്ഷേത്രത്തിലെത്തി കണികാണുംവരെ കണ്ണ് തുറന്നില്ല: പിന്നെന്തുവേണം?

ത്രാസുപൊട്ടി തലയിൽ സ്റ്റിച്ചുമായിഒരാൾ. വിഷുദിവസം ക്ഷേത്രത്തിൽ പോയി കണികാണാൻ ഉണർന്നതിനു ശേഷം കണ്ണ് തുറന്നില്ലെന്ന് വേറൊരാൾ. ഇനിയെന്തുവേണം ജനപ്രതിനിധിയാകാൻ? ശശി തരൂർ തലയിൽ ആറ് സ്റ്റിച്ചുമായി വിഷു ആഘോഷിച്ചപ്പോൾ തൃശ്ശൂർ എൻ‌ഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി കണ്ണ് തുറക്കാതെ കക്കൂസിൽ പോയ വാർത്തയാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളിലായതിനാല്‍ ഇത്തവണ താൻ വീട്ടിൽ കണിയൊരുക്കിയിരുന്നില്ല എന്നും. ക്ഷേത്രത്തിൽ പോയാണ് കണികണ്ടത് എന്നും പ്രഭാതകർമങ്ങൾ ചെയ്യുമ്പോൾ താൻ കണ്ണ് തുറന്നിരുന്നില്ലെന്നും സുരേഷ് ഗോപി തന്നെയാണ് പറഞ്ഞത്.

പിന്നീട് ക്ഷേത്രത്തിലേക്കും കണ്ണടച്ചാണ് പോയതത്രേ. തിരുവമ്പാടി ക്ഷേത്രത്തിലാണ് കണി നിശ്ചിയിച്ചിരുന്നത്. അവിടെയെത്തും വരെ കണ്ണ് തുറന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരൊക്കെയാണ് ജനപ്രതിനിധികളാകാൻ പോകുന്നത്. യഥാ പ്രജാഃ തഥാ രാജ എന്നല്ലാതെ എന്ത് പറയാൻ?

കേരളത്തിനു വേണ്ടി തന്റെ ‘ഹൃദയക്കണ്ണ്’ സമർപ്പിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ബിജെപി പ്രവർത്തകരുടെ ഊർജം വർധിച്ചു വർധിച്ച് നല്ലൊരു ‘ക്ലൈമാക്സ്’ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.