കിണറ്റില്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു

തൃത്താല കൊപ്പത്ത് കിണറ്റില്‍ ഇറങ്ങിയ രണ്ട് പേര്‍ ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസം മുട്ടി മരിച്ചു. കരിമ്പനക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ട് കുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ അനുജന്‍ കൃഷ്ണന്‍ കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുരേഷ് തന്റെ വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാനായി ഇറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ അയല്‍വാസികളായ സുരേന്ദ്രനും, കൃഷ്ണന്‍കുട്ടിയും കിണറ്റില്‍ ഇറങ്ങുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. കൃഷ്ണന്‍കുട്ടി വിവാഹിതനാണ്.