സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം നാല് ആയി

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ നാല് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടെയാണ് മരണം. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കണ്ണൂര്‍ മാറോളി സ്വദേശിനി വിജയി(64), കൊല്ലം കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി(63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി(72) എന്നിവരാണ് മരിച്ചത്.

പാറപ്പുറം കുമാരനാശാന്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ത്രേസ്യാക്കുട്ടി കുവഞ്ഞ് വീണത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര മണ്ഡലത്തിലെ ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വിജയി കുഴഞ്ഞുവീണത്. കൊല്ലം കിളികൊല്ലൂരില്‍ വോട്ട് ചെയ്യാനെത്തിയ മണി പോളിങ് ബൂത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍വെച്ചാണ് മണി മരിച്ചത്.