കേരളത്തിൽ റെക്കോർഡ് പോളിംഗ്; 77.14%; വോട്ടെടുപ്പ് രാത്രി വെെകിയും തുടരുന്നു

ഒന്നര മാസം നീണ്ട തകര്‍പ്പന്‍ പ്രചാരണത്തിന്റെ മുഴുവന്‍ ഊര്‍ജവും പോളിംഗ് ബൂത്തില്‍ പ്രകടിപ്പിച്ച് കേരളം. ഫാസിസം മുതല്‍ ശബരിമല വരെ വിഷയമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് കേരളം ശക്തമായി പ്രതികരിച്ചപ്പോള്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിംഗ്. സംസ്ഥാനത്ത് ചുരുക്കം ചില ബൂത്തുകളില്‍ രാത്രി പത്ത് മണി പിന്നിട്ടിട്ടും വോട്ടെടുപ്പ് തുടരുമ്പോള്‍ പോളിംഗ് ശതമാനം 77 കടന്നു. അന്തിമ കണക്കുകൾ വരുമ്പോൾ ഇത് ഇനിയും കൂടും.

പത്ത് മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് വടകര ഒഴികെ മുഴുവന്‍ മണ്ഡലങ്ങളിലും 2014നെ അപേക്ഷിച്ച് പോളിംഗ് ഗണ്യമായി വര്‍ധിച്ചു. 2014ൽ 74.02 ശതമാനമായിരുന്നു പോളിംഗ്. സുധാകരനും ശ്രീമതി ടീച്ചറും ഏറ്റുമുട്ടിയ കണ്ണൂരിലും (82.26) രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ രാജ്യ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടിലും (80.01) പോളിംഗ് ശതമാനം 80 കടന്നു. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്താണ് കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 73.37 ശതമാനം. വടകരയിൽ 2014ൽ 81.21 രേഖപ്പെടുത്തിയ പോളിംഗ് 79.86 ആയി കുറയുകയാണ് ചെയ്തത്. എന്നാൽ വടകരയിൽ പത്തിലധികം ബൂത്തുകളിൽ ഇപ്പോഴും പോളിംഗ് തുടരുകയാണ്. ഇത് പൂർത്തിയായാൽ ഒരു പക്ഷേ 2014ലേതിനേക്കാൾ കൂടുതൽ പോളിംഗ് വടകരയിലും രേഖപ്പെടുത്തിയേക്കും.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. കണ്ണൂരിലും കൊല്ലത്തും കള്ളവോട്ട് ചെയ്തതായി ആരോപണമുണ്ട്. കണ്ണൂര്‍ തളിപ്പറമ്പില്‍ ഇതേ ചൊല്ലി എല്‍ഡിഎഫ – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തലശ്ശേരിയില്‍ വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് നേരെ കൈയേറ്റ ശ്രമമുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ട് ചെയ്യാനെത്തിയ ഒന്‍പത് പേര്‍ പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു.

വോട്ട് ചെയ്യാനുള്ള സമയം ആറ് മണിക്ക് അവസാനിച്ചുവെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും നീണ്ട ക്യൂ ദൃശ്യമാണ്. ആറ് മണിക്ക് പോളിംഗ് സ്റ്റേഷനില്‍ എത്തിയവര്‍ക്ക് സ്‌ളിപ്പ് നല്‍കിയാണ് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയത്.

സ്വതന്ത്രര്‍ ഉള്‍പ്പെടെ 227 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടിയത്. എല്‍ ഡി എഫും യു ഡി എഫും നേരിട്ട് ഏറ്റുമുട്ടുമ്പോഴും ചിലയിടങ്ങളില്‍ ബി ജെ പി ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ഇരു മുന്നണികളില്‍ നിന്നുമായി ആറ് വീതം സിറ്റിംഗ് എം പിമാര്‍ മത്സരരംഗത്തുണ്ടായിരുന്നു. പതിവില്ലാത്ത വിധം കൂടുതല്‍ സിറ്റിംഗ് എം എല്‍ എമാര്‍ മത്സരിക്കാനിറങ്ങിയത് പോരാട്ടത്തിന്റെ തീവ്രത കൂട്ടി.

പോളിംഗില്‍ കണ്ട ഈ വീറും വാശിയും ആര്‍ക്ക് ഗുണമെന്ന് അറിയാന്‍ ഇനി കൃത്യം ഒരു മാസം കാത്തിരിക്കണം. മെയ് 23നാണ് വോട്ടെണ്ണല്‍. പോളിംഗ് വര്‍ധിച്ചത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇടത് വലതു മുന്നണികള്‍ അവകാശപ്പെടുമ്പോള്‍ ബിജെപിയും ഏറെ പ്രതീക്ഷയോടെയാണ് ശതമാന കണക്കുകളെ കാണുന്നത്. ശബരിമല വിഷയം ഇളക്കിമറിച്ച പ്രചാരണം നടന്ന പത്തനംതിട്ടയില്‍ വോട്ടിംഗ് ശതമാനം വര്‍ധിച്ചത് ബിജെപിക്ക് അനുകൂലമാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

രാഹുൽ തരംഗമാണ് കേരളത്തിൽ ആഞ്ഞടിച്ചതെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇത് 20 സീറ്റുകളിലും തങ്ങളുടെ വിജയം ഉറപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നു.