ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞു മടങ്ങവേ ബിന്ദു തങ്കം കല്യാണിക്ക് നേരെ വീണ്ടും സംഘപരിവാർ അക്രമം

ശബരിമല സ്ത്രീപ്രവേശന മുന്നേറ്റവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബിന്ദു തങ്കം കല്യാണിക്ക് നേരെ വീണ്ടും സംഘപരിവാർ ഭീഷണിയും കൊലവിളിയും, ലോക്സഭാ ഇലക്ഷനിൽ പ്രിസൈഡിങ് ഓഫീസറായി ഡ്യൂട്ടിയുണ്ടായിരുന്ന ബിന്ദുതങ്കം കല്യാണിക്ക് നേരെ ഇന്ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോഴാണ് കയ്യേറ്റവും അക്രമവും കൊലവിളിയും നടന്നത്.

ബിന്ദു ടീച്ചർ ഡ്യൂട്ടിയിലുണ്ടായിരുന്ന പട്ടാമ്പി സംസ്കൃത കോളേജിൽ രാവിലെ മുതൽ തമ്പടിച്ചിരുന്ന സംഘപരിവാർ ഗുണ്ടകളാണ് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങവേ ബിന്ദു ടീച്ചറിനെ ആക്രമിക്കുവാൻ തുനിഞ്ഞത്.’നീയല്ലെടീ ശബരിമലയിൽ പോയവൾ? നിന്നെയൊന്നും ഭൂമിയിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമത്തിന് മുതിർന്നത്. ആചാരസംരക്ഷണ ഗുണ്ടകൾ പതിവുപോലെ തെറിവിളികളും വധഭീഷണികളും തുടർന്നപ്പോൾ ആളുകൾ കൂടുകയും പോലീസ് എത്തി അക്രമികളെ തുരത്തുകയുമായിരുന്നു .

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിതയായ ഒരു ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമം അങ്ങേയറ്റം ഗുരുതരമായ കുറ്റമാണ്. കണ്ടാലറിയാവുന്ന അക്രമികൾക്കെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു ടീച്ചർ ഇലക്ഷൻ കമ്മീഷനും പോലീസിലും പരാതി നൽകി. അക്രമം ഉണ്ടായിട്ടും ടീച്ചറിന് സുരക്ഷിതമായി തിരിച്ചുപോകാൻ പോലീസ് സംരക്ഷണം ഒരുക്കിയില്ല. ഇലക്ഷൻ ഡ്യൂട്ടി ആയതിനാൽ ആവശ്യത്തിന് പോലീസുകാർ ഇല്ലെന്നായിരുന്നു സ്റ്റേഷനിൽനിന്ന് ലഭിച്ച മറുപടി. ഇതിനെതിരെ ടീച്ചർ പരാതിനൽകുകയും മാധ്യമങ്ങളെ കാണുകയും ചെയ്തതോടെയാണ് പോലീസ് സുരക്ഷ ഒരുക്കാൻ തയാറായത്. തിരികെ പോരാനായി 10.30 പിഎം നുള്ള ട്രെയിൻ വരുന്നതുവരെ ബിന്ദുടീച്ചറെ പോലീസ് ആർ ടി ഒ ഓഫീസിൽ ഇരുത്തിയിരിക്കുകയാണ്.

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം തെരുവിൽ വേട്ടയാടപ്പെട്ടത് ബിന്ദുതങ്കം കല്യാണിയാണ്. അവർ ജോലിചെയ്യുന്ന സ്‌കൂളുകളിലെല്ലാം തെറി നാമജപ കലാപരിപാടികളുമായി എത്തുമ്പോൾ പോലീസ് ഭക്തിയോടെ ഭജന ആസ്വദിക്കുകയായിരുന്നു. അവരുടെ ഏഴാം ക്‌ളാസിൽ പഠിക്കുന്ന മകളെയും സ്‌കൂളിൽ പോകാൻ അനുവദിക്കാതെ ശല്യം ചെയ്ത നാമജപ ഗുണ്ടകൾ കുട്ടിയുടെ ടിസി വാങ്ങി തമിഴ്നാട് ബോഡറിലെ ഒരു സ്‌കൂളിൽ ചേർത്തിട്ട് അവിടെയും ഭീഷണിയുമായി എത്തിയിരുന്നു. തുടർന്ന് സ്‌കൂളിൽ പോകാതെയാണ് കുട്ടി വാർഷിക പരീക്ഷ എഴുതിയത്.

ഇത്തരത്തിൽ നാമജപ ഗുണ്ടകൾ കേരളത്തിൽ അഴിഞ്ഞാടുമ്പോഴും കേരളത്തിലെ പുരോഗമന നാട്യക്കാർ മൗനം പാലിക്കുകയായിരുന്നു. ശൂദ്രതീവ്രവാദികളുടെ ഈ അഴിഞ്ഞാട്ടം കേരളത്തിൽ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.