വരുമാന മാർഗ്ഗം ഭിക്ഷാടനം; ആസ്തി 4.44 ലക്ഷം; രണ്ട് ബാങ്കുകളിലായി 1.89 ലക്ഷം

മാലേഗാവ് ഭീകരാക്രമണക്കേസ് പ്രതി പ്രഗ്യാസിങ് താക്കൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമർപ്പിച്ച സ്വത്തു വിവരങ്ങളുടെ കൂട്ടത്തില്‍ ഇഷ്ടികയും. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി സൂക്ഷിച്ച് വെച്ച വെള്ളി കൊണ്ട് ഉണ്ടാക്കിയ ഇഷ്ടികയാണ് സ്വത്തു വിവരപ്പട്ടികയിൽ ഉൾപ്പെട്ടത്.

പ്രജ്ഞാ സിങ്ങിന്റെ ആസ്തി 4.44 ലക്ഷമാണ്. രണ്ട് ബാങ്കുകളിലായി 1.89 ലക്ഷം സ്വന്തം പേരിലുണ്ട്. വരുമാന മാര്‍ഗമായി പറയുന്നത് ഭിക്ഷാടനമാണ്. രണ്ട് വെള്ളി കോപ്പകളും ഒരു വെള്ളിപാത്രവും നാല് വെള്ളി ഗ്ലാസുകളും സ്വത്ത് വിവരങ്ങളില്‍പ്പെടുന്നുണ്ട്.

കഴിഞ്ഞദിവസമാണ് പ്രഗ്യാസിങ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രജ്ഞാസിങ്ങിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മാലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇരകളിലൊരാളുടെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് എന്‍.ഐ.എ വ്യക്തമാക്കി.