നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍; സുഹൃത്ത് ഒളിവില്‍

നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ആറയൂര്‍ സ്വദേശിയായ ബിനു എന്ന യുവാവിന്റെ മൃതദേഹമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ളതാണ് മൃതദേഹം. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബിനുവിന്റെ സുഹൃത്ത് ഒളിവിലാണ്.

കഴിഞ്ഞ ശനിയാഴ്ചയോടെ ബിനുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് നടക്കുന്നതിനിടെയാണ് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബിനുവിന്റെ സുഹൃത്ത് ഷാജിയുടെ വീടിന് പിന്നിലുള്ള പറമ്പില്‍ നിന്നുമാണ് ചാക്കിലാക്കി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറായിരുന്ന ബിനു കാലങ്ങളായി ഷാജിയുമായി സൗഹൃദത്തിലായിരുന്നു.

ഷാജിയുടെ വീട്ടില്‍ സംഘര്‍ഷം നടന്നതിന്റെ സൂചനകളുണ്ട്്. പൊട്ടിച്ചിതറിയ ബിയര്‍കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഞായറാഴ്ച വീട്ടില്‍ പണിക്കെത്തിയ വിനയകുമാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ബിനുവിനെ കണ്ടതായും എന്നാല്‍ സംഭവം പുറത്ത് പറയുമെന്നായപ്പോള്‍ വിനയകുമാറിനെ ഷാജി മര്‍ദിച്ചതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അവിവാഹിതനായ ബിനു സഹോദരന്‍ മോഹനനൊപ്പമാണ് താമസിച്ചിരുന്നത്. ഷാജി ഒളിവിലാണ്‌.