രഹ്ന ഫാത്തിമയെ വീണ്ടും കേസിൽ കുടുക്കാൻ ആചാരസംരക്ഷകരുടെ ഗൂഡാലോചന

സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ശബരിമല സ്ത്രീപ്രവേശന മുന്നേറ്റത്തിൻറെ ഭാഗമായി നിന്നതിന് രഹ്ന ഫാത്തിമയെ വീണ്ടും കള്ളക്കേസിൽ കുടുക്കാൻ ആചാരസംരക്ഷകരുടെ ഗൂഢാലോചന. രഹനയ്ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും മാവോയിസ്റ്റുകളുടെ പരിപാടികളിൽ പങ്കെടുത്തിരുന്നെന്നും കാണിച്ച് എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രെട്ടറിക്ക് കത്ത് അയച്ചു.കത്ത് തുടര്‍നടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്

ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ഭയപ്പെടുത്താനാണ് അതിന് ശ്രമിച്ച യുവതികളുടെപേരിൽ ആചാരസംരക്ഷകർ നിരന്തരം കേസുമായി നടക്കുന്നത്. ആർ എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വാരിക സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റും ഭാരതീയ വിചാരകേന്ദ്രം ട്രഷററുമായ എസ് ചന്ദ്രശേഖര്‍ ആണ് ഇത്തവണ പരാതിക്കാരൻ.

ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്ന ഫാത്തിമയുടെ ജോലികളയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ നിരന്തരം കേസുകൾ കൊടുക്കുന്നത്. വൃണക്കേസിൽ അറസ്റ്റിലാവുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്ത ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ബി എസ് എന്‍ എല്‍ കേരളഘടകം തലവന്‍ സ്വീകരിക്കുന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല സ്ത്രീപ്രവേശനത്തിന് ശ്രമിച്ച ദളിത് വിഭാഗത്തിൽ പെട്ട സ്ത്രീകളെ തെരുവുകളിലും വീടുകയറി ആക്രമിച്ചും. അല്ലാത്തവരെ കേസിൽകുടുക്കിയും സോഷ്യമീഡിയയിൽ അപവാദപ്രചാരണവും മോർഫ്‌ചെയ്ത ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചും പ്രബുദ്ധകേരളത്തിൽ ആചാരസംരക്ഷണ ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പോലീസും രാഷ്ട്രീയപാർട്ടികളും സ്ത്രീസംഘടനകളും മൗനം പാലിക്കുകയാണ്. സംഘികളെ പേടിച്ച് മാളത്തിൽ ഒളിച്ച കേരളത്തിലെ സ്ത്രീസംഘടനകളുടെയും സ്ത്രീപക്ഷ പ്രവർത്തകരും ഈ വിഷയത്തിൽ നാണംകെട്ട മൗനം തുടരുകയാണ്.

രഹ്നാ ഫാത്തിമയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും രശബരിമല സന്ദര്‍ശനത്തിൽ മാവോയിസ്റ്റ് ഗൂഢാലോചനയുണ്ടെന്നും വൃണക്കേസിൽ ജാമ്യത്തിലിറങ്ങിയ രഹ്ന ഫാത്തിമ മാവോയിസ്റ്റുകളുടെ സ്വീകരണയോഗത്തിൽ പങ്കെടുത്തു എന്നൊക്കെയാണ് പരാതിയെന്നാണ് ആർപ്പോ ആർത്തവം പരിപാടിയിൽ പങ്കെടുത്ത വീഡിയോ ക്ലിപ്പ് സഹിതമുള്ള വാർത്ത സംപ്രേഷണം ചെയ്തുകൊണ്ട് ഒരു മലയാള മാധ്യമം ഇന്ന് റിപ്പോർട്ട് ചെയ്തത്.

സ്ത്രീകൾ നിരന്തരം ശബരിമലയിൽ പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകുംവരെ ഇത്തരത്തിലുള്ള ഫാസിസ്റ്റുകളുടെ ഇടപെടലുകളും വേട്ടയാടലുകളും തുടരുമെന്നും ശാബരിമലയിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിച്ച് ശൂദ്രകലാപകാരികളെ നേരിടുക എന്നതാണ് ഇതിനുള്ള ജനകീയമായ മറുപടിയൊന്നും ഉത്തരവാദിത്വമെന്നും. അതിൽനിന്ന് രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും സ്ത്രീസംഘടനകളും ഒളിച്ചോടരുതെന്നും ” നവോത്ഥാനകേരളം ശബരിമലയിലേക്ക്” ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മ പ്രതികരിച്ചു. ആദിവാസികളടക്കമുള്ള ആയിരക്കണക്കിന് ഭൂരഹിതരെ നിഷ്കരുണം നേരിടുന്ന പോലീസ് സുപ്രീംകോടതിയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് നാട്ടിൽ കലാപമുണ്ടാക്കുന്ന ശൂദ്ര തീവ്രവാദികളെ 7 മാസമായിട്ടും നീക്കം ചെയ്യാതെ നിയമലംഘകർക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്.ശബരിമലയിലേക്ക് തുടർന്ന് നടക്കുന്ന സ്ത്രീമുന്നേറ്റത്തിൽ എല്ലാവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു എന്നും രഹ്നയ്ക്കൊപ്പവും സ്‌ത്രീപ്രവേശനത്തിന്റെ പേരിൽ ആചാരസംരക്ഷകർ വേട്ടയാടുന്ന മുഴുവൻ സ്ത്രീകൾക്കൊപ്പവും തങ്ങൾ ഉറച്ച് നിൽക്കുമെന്നും കൂട്ടായ്മയുടെ വക്താക്കൾ പറഞ്ഞു.