തൊവരിമലയിൽ പോലീസ് അതിക്രമം; കുട്ടികളെ വരെ ഉപദ്രവിക്കുന്നു, കുഞ്ഞിക്കണാരനെ അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തൊവരിമലയിൽ ഹാരിസൺ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ അവകാശം സ്ഥാപിച്ചവരെ ഒഴിപ്പിക്കാൻ ക്രൂര മർദ്ദന മുറകളുമായി സര്‍ക്കാര്‍ രംഗത്ത് . തൊവരിമലയില്‍ കയറിയ ആയിരത്തിലധികം പേരെയാണ് പോലീസും വനംവകുപ്പും ചേര്‍ന്ന് ഒഴിപ്പിക്കുന്നത്. “ഞങ്ങളുടെ നേതാവ് കുഞ്ഞിക്കണാരനെ കാണാനില്ല. അദ്ദേഹത്തെ പോലീസ് എവിടേക്കോ മാറ്റിയിട്ടുണ്ട്. കുറേ പേരെ മേപ്പാടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. ഇവിടെ മുഴുവന്‍ പോലീസ് അതിക്രമം നടക്കുകയാണ്. സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെയുള്ളവരെ പോലീസ് അതിക്രമിക്കുന്നു. ഭൂമിയില്‍ കയറിയവരില്‍ പലരും പോലീസിനെ കണ്ട് ചിതറിയോടി. ചിലര്‍ കാട്ടില്‍ ഒളിച്ചിരിക്കുകയാണ്. സമരക്കാരായ ആദിവാസികളുടെയുള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുക്കുകയും വലിച്ചെറിയുകയും ചെയ്തു” സമര സമിതി പ്രവർത്തകർ പറയുന്നു. പോലീസും വനംവകുപ്പ് അധികൃതരും തൊവരിമലയില്‍ തമ്പടിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ക്കിടയില്‍ ആയിരത്തിലധികം പേര്‍ തൊവരിമലയില്‍ കയറിയത് അധികൃതര്‍ പോലും അറിഞ്ഞില്ല. അറിഞ്ഞ് വന്നപ്പോഴേക്കും കുടില്‍കെട്ടി സമരത്തിന് തുടക്കമായിരുന്നു. നൂറ് കണക്കിന് ആദിവാസി സ്ത്രീകളുള്‍പ്പെടെ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം ഭൂരഹിതരാണ് തൊവരിമലയിലെത്തിയത്. ജീവിക്കാന്‍, വീടൊരുക്കാന്‍, കൃഷിചെയ്യാന്‍ ഭൂമി വേണം- അതാണ് അവരുടെ ആവശ്യം.

ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത നെന്മേനി പഞ്ചായത്തിലെ തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമിയിലാണ് ഭൂസമരസമിതി കുടില്‍ കെട്ടി സമരം ആരംഭിച്ചത്. 13 പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘടിച്ചെത്തി ഭൂമിയില്‍ അവകാശം സ്ഥാപിച്ചത്. തോട്ടത്തിനുള്ളിലെ പഴയ ബംഗ്ലാവടക്കം സമരസമിതി കൈവശപ്പെടുത്തി. ഹാരിസണില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം അടക്കം സമരം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഭൂസമരസമിതി ഭൂമിയില്‍ കയറാന്‍ തീരുമാനിച്ചത്. വിവിധ പഞ്ചായത്തുകളില്‍ ഭൂരഹിതരുടെ കണ്‍ന്‍ഷനുകള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് സംഘടിതമായ നീക്കത്തിലൂടെ ഭൂമിയില്‍ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിടിച്ചെടുത്ത ഭൂമിയില്‍ കൃഷിയിറക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് ഇന്ന് രാവിലെ ഇവരെ ഒഴിപ്പിക്കുകയായിരുന്നു.

1970-ല്‍ അച്യുതമേനോന്‍ സര്‍ക്കാരാണ് നിയമനിര്‍മ്മാണം നടത്തി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും തൊവരിമല തിരിച്ചുപിടിച്ചത്. ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുക, തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികളുള്‍പ്പെടെ മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഈ ഭൂമിയില്‍ ഭൂസമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാന്‍ സഭ യുടേയും (എഐകെകെഎസ്) ആദിവാസി ഭാരത് മഹാസഭ (എബിഎം) യുടേയും നേതൃത്വത്തിലാണ് ഭൂസമര സമിതി ഭൂമി പിടിച്ചെടുത്തത്. പ്രക്ഷോഭത്തിന് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി അംഗവും എഐകെകെഎസ് സംസ്ഥാന സെക്രട്ടറിയുമായ എം.പി.കുഞ്ഞിക്കണാരന്‍, സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട്, ഭൂസമരസമിതി നേതാക്കളായ കെ. വെളിയന്‍, ബിനു ജോണ്‍ പനമരം, ജാനകി വി, ഒണ്ടന്‍ മാടക്കര, രാമന്‍ അടുവാടി എന്നിവരാണ് സമരത്തിന് ഭൂമി പിടിച്ചെടുക്കലിന് നേതൃത്വം നല്‍കിയത്.

“ഇവിടെ നിന്നിറങ്ങിയാല്‍ വേറെ ഭൂമിയില്ല, കയറിക്കിടക്കാന്‍ ഇടമില്ല. അതുകൊണ്ട് ഇറക്കിവിടാന്‍ നോക്കണ്ട. ഞങ്ങള്‍ പോവില്ല. പോവാത്തത് പോവാനിടമില്ലാത്തതുകൊണ്ടാണ്” എന്ന് തൊവരിമലയില്‍ കയറിയ കുടുംബങ്ങള്‍ ഒറ്റ ശബ്ദത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു മാധ്യമങ്ങളെ പോലും വിലക്കിക്കൊണ്ടാണ് പോലീസ് നടപടി ഉണ്ടായത് കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, മനോഹരന്‍ വാഴപ്പറ്റ തുടങ്ങിവയ ഏഴോളം പേരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.