വിജൂ കൃഷ്ണന് ഒരു തുറന്ന കത്ത്

കെ.സഹദേവൻ

പ്രീയപ്പെട്ട ശ്രീ vijoo krishnan ,
ലാൽസലാം സഖാവേ,

2017-18 കാലയളവിൽ ഇന്ത്യയിൽ നടന്ന കർഷക സമരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ കർഷക ലോം​ഗ് മാർച്ചിന് നേതൃപരമായ പങ്കുവഹിച്ച വ്യക്തിയെന്ന നിലയിൽ ഏറ്റവും പ്രിയത്തോടെയാണ് ഞാൻ താങ്കളെ സഖാവേ എന്ന് അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയിലെ കർഷക വിഭാ​ഗം അനുഭവിക്കുന്ന അവ​ഗണനയെ ദേശീയ ശ്രദ്ധയിലെത്തിക്കാൻ AIKS ന്റേതടക്കമുള്ള നൂറുകണക്കായ കർഷക പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

മുൻകാല കർഷക സമരങ്ങളിൽ നിന്ന് ഭിന്നമായി കർഷക-കർഷകത്തൊഴിലാളി-ആദിവാസി വിഭാ​ഗങ്ങളുടെ പ്രശ്നങ്ങൾ ഈ സമീപകാല പ്രക്ഷോഭങ്ങളിൽ ഉയർത്താൻ ഈ പ്രക്ഷോഭങ്ങൾക്ക് കഴിഞ്ഞു എന്നതിൽ തർക്കമില്ല. ഭൂമിയുടെ കൈവശാവകാശം, ഭൂമി അന്യാധീനപ്പെടുന്നത് തടയൽ, ആദിവാസി വനാവകാശ നടപ്പിലാക്കൽ തുടങ്ങിയ വിഷയങ്ങൾ കൂടി കർഷക പ്രക്ഷോഭങ്ങളുടെ ഭാ​ഗമായി ഉയർത്താൻ സാധിച്ചുവെന്നതും ആശാവഹമായ കാര്യമാണ്. വൻകിട കോർപ്പറേറ്റുകൾക്കും ഭൂമാഫിയകൾക്കും കർഷക ഭൂമി തട്ടിയെടുക്കാനാവശ്യമായ രീതിയിൽ ഭൂമി ഏറ്റെടുക്കൽ നിയമം മോദി സർക്കാർ ഭേ​ദ​ഗതി ചെയ്തതിനെയും താങ്കളുടേതടക്കമുള്ള കർഷക സംഘടനകൾ ചോദ്യം ചെയ്യുകയുണ്ടായി.

ഇന്ത്യയിലെ കർഷക-തൊഴിലാളി-ആദിവാസി-ദളിത്-ന്യൂനപക്ഷ വിരുദ്ധ സർക്കാരിനെതിരെ കർഷകരോഷം ഉയർത്തുന്നതിൽ ഈ പ്രക്ഷോങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യയിലെ വിവിധ കർഷക സമരവേദികളിൽ ഈ കാലയളവിൽ സന്ദർശിച്ച ഒരാളെന്ന നിലയിൽ മോദി ഭരണത്തിനെതിരായി കർഷകരോഷം ഉയരുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

സഖാവേ,
ഞാനിപ്പോൾ കേരളത്തിലാണ്. ഇവിടെ വയനാട് ജില്ലയിൽ തൊവരിമലയിൽ സമാനമായൊരു ലോ​ഗ് മാർച്ച് നടക്കുകയാണെന്ന റിപ്പോർട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് നൂറുകണക്കായ ആദിവാസി കുടുംബങ്ങൾ ഭൂമിക്ക് മേലുള്ള അവകാശമുയർത്തിക്കൊണ്ട് തൊവരിമലയിലേക്ക് കുടിയേറിയത്. കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും ഉൾപ്പെടുന്ന ആ ദരിദ്ര ജനതയെ ഒരുതരത്തിലുമുള്ള സംഭാഷണങ്ങൾക്കും തയ്യാറാകാതെ താങ്കളുടെ തന്നെ പാർട്ടിയുടെ നേതൃത്വത്തിലുള്ള​ ​ഗവൺമെന്റ് ആട്ടിയിറക്കിയിരിക്കുകയാണ്. അവരുടെ വസ്ത്രങ്ങളും വസ്തുവഹകളും പോലീസ് ചുട്ടെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്ത് അണികളെ ഒറ്റപ്പെടുത്തുന്ന അതേ ബൂർഷ്വാ തന്ത്രം തന്നെയാണ് സഖാവേ പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായ പോലീസ് സേന ചെയ്തുകൊണ്ടിരിക്കുന്നത്.

ആ ആദിവാസി കർഷകർ ഇപ്പോൾ കല്പറ്റ കലക്ടറേറ്റിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. പോലീസ് ഭീഷണിയിൽ ചിന്നിച്ചിതറി കാട്ടിലും മറ്റുമായി കഴിയുന്നവർ വേറെയും. ഒരു നേരത്തെ വയറുനിറക്കാൻ പാടുപെടുന്ന ദരിദ്ര ജനവിഭാ​ഗങ്ങളെ ലാത്തികൊണ്ട് നിഷ്ക്രിയരാക്കാൻ സാധിക്കുകയില്ലെന്ന് സഖാവ് വിജു കൃഷ്ണനോട് പറയേണ്ടതില്ലല്ലോ. കാൽവെള്ളയിലെ തൊലി അടർന്നു മാറിയിട്ടും ലോം​ഗ് മാർച്ചിൽ ധീരമായി മുന്നോട്ടു നടന്ന ആ വൃദ്ധ സഖാവ് നമ്മെ പഠിപ്പിക്കുന്നത് മറ്റെന്താണ്.

സഖാവ് വിജുകൃഷ്ണൻ,
നാം രണ്ടുപേരും ഒരേ ജില്ലക്കാരാണ്. ഒരേ നാട്ടുകാർ തന്നെ. പയ്യന്നൂരും കരിവെള്ളൂരും തമ്മിൽ വലിയ ദൂരമൊന്നുമില്ലല്ലോ. നമ്മുടെ ചെറുപ്പകാലത്ത് നാം കേട്ട ചില വിപ്ലവ​ഗാനങ്ങളുണ്ട്.

“ചിത്തിരക്കും മുരിക്കനും മുപ്പിലമ്മയ്ക്കും
സ്വത്തു സ്വന്തമാക്കുവാൻ തുണയ്ക്കു നിന്ന കൂട്ടരേ….”

ഈ വിപ്ലവ​ഗാനത്തിന് ഇന്ന് ഇങ്ങനെയൊരു പാഠഭേദം വേണ്ടിവരും

“ടാറ്റയ്ക്കും ​ഹാരിസണും സലിം ​ഗ്രൂപ്പിനും
ഭൂമി സ്വന്തമാക്കുവാൻ തുണയ്ക്ക് നിന്ന കൂട്ടരേ..”

ഈ പാട്ട് ഉന്നം വെക്കുന്ന ആ പഴയ ഖദർധാരികളെയല്ല. പണ്ട് ചെങ്കൊടിയേന്തി മുദ്രാവാക്യം മുഴക്കി നടന്നവരെത്തന്നെയാണ്. അവരാണിന്ന് ടാറ്റയ്ക്കും ഹാരിസണും വേണ്ടി കോടതികളിൽ ബോധപൂർവ്വം തോറ്റുകൊണ്ടിരിക്കുന്നത്. യൂസഫലിക്കും ക്വാറി മാഫിയകൾക്കും വേണ്ടി വിടുപണി ചെയ്തുകൊണ്ടിരിക്കുന്നത്.

പതിനായിരക്കണക്കിന് ദളിത് കുടുംബങ്ങളെ മൂന്ന് സെന്റ് കോളനികളിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നത്. ആദിവാസി ഭൂസമരത്തെ തകർക്കാൻ ശ്രമിക്കുന്നത്.

പ്രീയ സഖാവേ
കർഷകരുടെ മനസ്സറിഞ്ഞ, അവരുടെ വേദനകൾ കണ്ടറിഞ്ഞ, അവരുടെ വിപ്ലവ വീര്യം അനുഭവിച്ച താങ്കൾക്ക് തൊവരിമലയിലെ ആദിവാസികളുടെ ഭൂസമരത്തെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്ന പ്രത്യാശയോടെ..

കെ.സഹദേവൻ