ഡിജിറ്റൽ ഇൻഡ്യ: നാലാംഘട്ടത്തില്‍ മത്സരിക്കുന്ന ഒമ്പത് സ്ഥാനാര്‍ഥികള്‍ക്ക് അക്ഷരാഭ്യാസം പോലുമില്ല

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാലാംഘട്ടത്തില്‍ ജനവിധി തേടുന്ന 928 പേരില്‍ 210 പേര്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവര്‍. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് കേസുകള്‍ സംബന്ധിച്ച വിവരമുള്ളത്. 210 പേരില്‍ 158 പേര്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ്. കൊലപതാകം നേരിട്ട് നടത്തിയതില്‍ വിചാരണ നേരിടുന്ന അഞ്ച് പേര്‍, കൊലപാതകത്തില്‍ പങ്കാളികളായ 24 പേര്‍, തട്ടികൊണ്ടുപോകല്‍ കേസിലെ നാല് പ്രതികള്‍, ബലാത്സംഗം അടക്കം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 21 പേര്‍, വര്‍ഗീയതയും വിഭാഗീയതും നടത്തുന്ന പ്രസംഗത്തിന്റെ പേരില്‍ കേസില്‍ അകപ്പെട്ട 16 പേരും ഇതില്‍പ്പെടും.

നാലാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനലുകളെ മത്സരിപ്പിക്കുന്നത് ബി ജെ പിയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 57 ബിജെ പി സ്ഥാനാര്‍ഥികളില്‍ 18 പേരും ഗുരുതര കുറ്റവാളികളാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ 57 പേരില്‍ പത്ത് പേരാണ് ഗുരുതര കുറ്റത്തില്‍ വിചാരണ നേരിടുന്നത്. ബി എസ് പിക്കാരായ ഒമ്പത് പേരും ഇക്കൂട്ടത്തില്‍പ്പെടും.

നാലാംഘട്ടത്തില്‍ മത്സരിക്കുന്ന 33 ശതമാനം സ്ഥാനാര്‍ഥികളും കോടീശ്വരന്‍മാരാണ്. ഒരു കോടിക്ക് മുകളില്‍ സ്വത്തുള്ളവര്‍ 306 പേരാണ്. ഇതില്‍ കോണ്‍ഗ്രസ്, ബി ജെ പി പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളില്‍ 88 ശതമാനവും കോടീശ്വരന്‍മാരാണ്. 404 സ്ഥാനാര്‍ഥികളുടെ വിദ്യാഭ്യാസ യോഗ്യത അഞ്ച് മുതല്‍ 12-ാം ക്ലാസ് വരെയാണ്. 34 സ്ഥാനാര്‍ഥികള്‍ക്ക് സാക്ഷരത മാത്രമേയുള്ളു. ഒമ്പത് സ്ഥാനാര്‍ഥികള്‍ക്ക് അക്ഷരാഭ്യാസം പോലുമില്ല.

നാലാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 71മണ്ഡലങ്ങളില്‍ 37 മണ്ഡലങ്ങള്‍ അതീവ സുരക്ഷാ ഭീഷണിയുള്ള മണ്ഡലങ്ങളാണ്. നിരവധി പ്രശ്‌നബാധിത ബൂത്തുകളാണ് ഈ മണ്ഡലങ്ങളിലുള്ളതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.