വാരണാസിയില്‍ പ്രിയങ്ക മത്സരിക്കില്ല; മോദിക്കെതിരെ അജയ് റായ്‌ കോണ്‍ഗ്രസ് സ്ഥാനാർത്ഥി

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ക്ക് വിരാമം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കില്ല. വാരണാസിയില്‍ അജയ് റായ് കോണ്‍ഗ്രസിനായി വീണ്ടും ജനവിധി തേടും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയെ വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എസ് പി – ബി എസ് പി സഖ്യം വാരണാസിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിന്റെ പിന്‍മാറ്റത്തിന് പിന്നിലെന്നാണ് വിവരം. കൂടാതെ വാരണാസി അടക്കമുള്ള കിഴക്കന്‍ യു പിയിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ഭലമാണ്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഒരു കോണ്‍ഗ്രസുകാരന്‍ പോലും ഈ മേഖലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ പ്രിയങ്കയെ മത്സരിപ്പിച്ചാല്‍ രാഷ്ട്രീയ ഭാവിയെ തന്നെ അത് ബാധിച്ചേക്കാമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിന് ഉണ്ടായേക്കാമെന്നുമാണ് റിപ്പോര്‍ട്ട്. 2014ല്‍ മൂന്നാം സ്ഥാനമാണ് അജയ് റായ്ക്ക് ലഭിച്ചത്.

പ്രിയങ്കയെ മത്സരിപ്പിക്കേണ്ടന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയും പ്രതിപക്ഷ കക്ഷികളെല്ലാം സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തതോടെ മോദിക്കെതിരെ യോജിച്ച പോരാട്ടമാണ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ തവണ അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമെല്ലാം രംഗത്തുണ്ടായപ്പോള്‍ മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മോദി ജയിച്ചത്.