വ്യോമസേനാ വിമാനത്തിൽ അധികാരമുപയോഗിച്ച് മോദി നടത്തിയത് 240 അനൗദ്യോഗിക യാത്രകള്‍

വ്യോമസേനാ വിമാനത്തിൽ ഔദ്യോഗിക യാത്രകളല്ലാതെ പ്രധാന മന്ത്രി നരേന്ദ്ര മോദി അധികാരമുപയോഗിച്ച് നടത്തിയ അനൗദ്യോഗിക യാത്രകള്‍ 240. എന്നാല്‍, ഇത്രയും യാത്രകള്‍ക്കായി ബി ജെ പി വ്യോമസേനക്കു നല്‍കിയത് ഒരുകോടി 40 ലക്ഷം രൂപ മാത്രം. പ്രധാന മന്ത്രി പദവിയില്‍ അവരോധിതനായതു മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ നടത്തിയ യാത്രകളുടെ കണക്കാണിത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനു വ്യോമസേന നല്‍കിയ മറുപടിയിലാണ് ഈ കണക്ക് വെളിപ്പെടുത്തിയതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ സ്‌ക്രോളിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2017 ഏപ്രില്‍ 27ന് നടത്തിയ ചണ്ഡീഗഢ്-ഷിംല-അന്നദലെ-ചണ്ഡീഗഢ് യാത്രക്ക് 845 രൂപ മാത്രമാണ് കൈപ്പറ്റിയിട്ടുള്ളത്. ചണ്ഡീഗഢ്്-ഷിംല യാത്രക്കുള്ള വിമാന ടിക്കറ്റിന്റെ യഥാര്‍ഥ നിരക്ക് 2500-5000 രൂപയാണെന്നിരിക്കെ ആണിത്. ഇത്തരത്തില്‍ ഔദ്യോഗിക പണം ഉപയോഗിച്ച് പ്രധാന മന്ത്രി നിരവധി അനൗദ്യോഗിക യാത്രകള്‍ നടത്തിയതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

പ്രധാന മന്ത്രി പദവിയിലിരിക്കുന്നയാള്‍ക്ക് മാത്രമാണ് ചട്ട പ്രകാരം അനൗദ്യോഗിക യാത്രകള്‍ക്ക് വിമാനം ഉപയോഗിക്കാന്‍ അവകാശമുള്ളത്. അതുതന്നെ അടിയന്തര ഘട്ടങ്ങളില്‍ മാത്രം. പ്രതിരോധ വകുപ്പിന്റെ 1999ലെ മെമ്മോറാണ്ടം പ്രകാരം ഇത്തരം യാത്രകള്‍ക്ക് സാധാരണ വിമാന നിരക്കുകള്‍ പ്രകാരമുള്ള നിരക്കാണ് ഈടാക്കേണ്ടത്.

ബോയിംഗ് ബിസിനസ് ജെറ്റ്, വി വി ഐ പി ഹെലികോപ്ടര്‍ (എം 1-17) വിമാനങ്ങളാണ് മോദി അനൗദ്യോഗിക യാത്രക്ക് ഉപയോഗിച്ചതെന്നാണ് രേഖകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം പുതുക്കിയ നിരക്കു പ്രകാരം ബോയിംഗ് ബിസിനസ് ജെറ്റ് വിമാനത്തിന് മണിക്കൂറിന് 14,70,000 രൂപയും എം 1-17 ഹെലികോപ്ടറിന് 4,30,000 രൂപയുമാണ് നിരക്ക്. എന്നാല്‍, ഏതൊക്കെ യാത്രകള്‍ക്ക് ഏതു തരത്തിലുള്ള വിമാനങ്ങളാണ് ഉപയോഗിച്ചതെന്നോ എത്ര മണിക്കൂറാണ് സഞ്ചരിച്ചതെന്നോ രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല.