തൊവരിമലയിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവർ കലക്ട്രേറ്റിന് മുന്നിൽ അനിശ്ച്ചിതകാല സമരത്തിൽ

തൊവരിമല ഭൂസമരം കളക്ട്രേറ്റ് പടിക്കൽ പുനരാരംഭിച്ചു. സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഭൂരഹിതരായ ആദിവാസികളടക്കമുള്ള തൊവരിമലയിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവർ കൽപ്പറ്റ കലക്ട്രേറ്റിന് മുന്നിൽ അനിശ്ച്ചിതകാല സമരം തുടങ്ങി.

സമരം ജനകീയ പ്രതിഷേധമായി ഉയർത്തിക്കൊണ്ടുവരുമെന്നും ഭൂമിയുടെ പേരിൽ അവകാശ വാദം ഉന്നയിക്കുന്ന അരികുവത്കരിക്കപ്പെട്ട ജനതയെ അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും സിപിഐഎംഎൽ (റെഡ് സ്റ്റാർ) അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ. എൻ. രാമചന്ദ്രൻ പറഞ്ഞു.സമരം തുടരാൻ തന്നെയാണ് തീരുമാനമെന്നും പിണറായി വിജയൻ കേരളത്തിലെ ബുദ്ധദേവ് ആയി മാറുകയാണെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചിരുന്നു.

വയനാട് തൊവരിമലയിൽ ഹാരിസണ്‍ മലയാളം പ്ലാൻ്റേഷൻ കൈവശം വച്ചിരുന്ന, 1970 ൽ അച്ച്യുതമേനോൻ സർക്കാർ പിടിച്ചെടുത്ത 104 ഹെക്ടർ ഭൂമിയിൽ 13 പഞ്ചായത്തുകളില്‍ നിന്നായുള്ള ആദിവാസികളടക്കമുള്ള ഭൂരഹിതര്‍ കഴിഞ്ഞ ദിവസം കുടിൽകെട്ടി സമരമാരംഭിച്ചത്, സമരക്കാരിൽ 90 ശതമാനവും ആദിവാസി സമൂഹമാണ്.

തൊവരിമല ഭൂമി ഇപ്പോൾ വനം വകുപ്പിന്റെ കൈവശമുള്ള വനഭൂമിയാണ്.വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണിന് പതിച്ചു നൽകാൻ സർക്കാർ ശ്രമിക്കുന്നു എന്ന ആരോപണത്തിനിടെയാണ് ഇക്കഴിഞ്ഞ 21 ന് ആയിരക്കണക്കിന് ഭൂരഹിതർ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസൺ മലയാളം പ്ലാന്റേഷനോട് ചേർന്ന് വനഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്.

വനംവകുപ്പ് അധികൃതര്‍ സമരക്കാരെ ഒഴിപ്പിക്കാൻ ശ്രമങ്ങള്‍ നടത്തുകയും, ഇന്നലെ രാവിലെ പോലീസ് സമരക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സമരനേതാക്കളെ ചർച്ചയ്‌ക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റ് ചെയ്ത ശേഷമാണ് പോലീസ് ആദിവാസികൾക്ക് നേരെ ബലപ്രയോഗം നടത്തിയത്.നിരവധി ആളുകൾ കാട്ടിലേക്ക് ചിതറി ഒടുകയും സമരക്കാരുടെ കുടിലുകളും വസ്ത്രങ്ങളും സാധനങ്ങളുമെല്ലാം പോലീസ് കണ്ടെത്തി നശിപ്പിക്കുകയും നിരവധി പേരെ പോലീസ് വാഹനങ്ങളില്‍ ഊരുകളിലും വീടുകളിലും എത്തിക്കുകയുമായിരുന്നു.

അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിച്ച് ആദിവാസി സമൂഹം ഉൾപ്പെടെയുള്ള ഭൂരഹിത വിഭാഗങ്ങൾക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരമാരംഭിച്ചിരിക്കുകയാണ് ഭൂസമരസമിതി.