ജപ്തി ഭീഷണി: അമ്മയും മകളും തീകൊളുത്തി; മകള്‍ക്ക് പിറകെ അമ്മയും മരിച്ചു

നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെയ്യാറ്റിന്‍കര മരായമുട്ടം മലയിക്കടയിലെ ലേഖ(45)യാണ് മരിച്ചത്. മകളും ഡിഗ്രി വിദ്യാര്‍ഥിയുമായ വൈഷ്ണവി(19) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ലേഖയെ ശരീരമാസകലം പൊള്ളലേലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കനറാ ബേങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഇവര്‍ വാവായ്‌പ എടുത്തിരുന്നു. ഇതില്‍ അഞ്ചര ലക്ഷം രൂപയോളം തിരച്ചടച്ചതായി ബന്ധുക്കള്‍ പറയുന്നു.
നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ തുകയും തിരച്ചടച്ചില്ലെന്ന് കാണിച്ച് ഇവര്‍ താമസിക്കുന്ന വീടും ഏഴ് സെന്റ് പുരയിടവും ജപ്തി ചെയ്യുമെന്ന് ബേങ്കുകാര്‍ അറിയിക്കുകയായിരുന്നു. നാളെ ജപ്തി നടപടികള്‍ ഉണ്ടാകുമെന്ന് ബേങ്കുകാര്‍ അന്തിമമായി ഇന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. വീടും സ്ഥലവും വിറ്റ് കടം വീട്ടാന്‍ ഇവര്‍ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ബേങ്കില്‍ നിന്ന് കുടുംബത്തിന് ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നതായി ലേഖയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. അഞ്ച് ലക്ഷം രൂപയായിരുന്നു ലോണെടുത്തത്. ഇതില്‍ കൂടുതല്‍ തുക അടച്ചതായി ലേഖയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. പലിശയും പിഴ പലിശയുമായി ഇനിയും തുക അടക്കാനുണ്ടെന്ന് അറിയിച്ചാണ് ബേങ്ക് അധികൃതര്‍ ജപ്തിയിലേക്ക് പോയതെന്നും ഇയാള്‍ പറഞ്ഞു.