മോദിക്ക് 56 ഇഞ്ച് നെഞ്ചാണുള്ളതെങ്കില്‍ ഞങ്ങള്‍ക്കുള്ളത് 56 ഇഞ്ച് ഹൃദയം: രാഹുല്‍ ഗാന്ധി

നെഹ്‌റു-ഗാന്ധി കുടുംബത്തെ നിരന്തരം ആക്രമിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ രക്ഷിതാക്കളെ താന്‍ നിന്ദിക്കില്ലെന്നും മോദിക്ക് 56 ഇഞ്ച് നെഞ്ചാണുള്ളതെങ്കില്‍ തങ്ങള്‍ക്കുള്ളത് 56 ഇഞ്ച് ഹൃദയമാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

‘മുന്‍ പ്രധാന മന്ത്രിമാരായ എന്റെ പിതാവ് രാജീവ് ഗാന്ധി, പിതൃ മാതാവ് ഇന്ദിരാ ഗാന്ധി, പ്രപിതാമഹന്‍ ജവഹര്‍ലാല്‍ നെഹറു എന്നിവരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് മോദി നടത്തുന്നത്. എന്നാല്‍, ജീവിതത്തില്‍ ഇന്നേവരെ മോദിയുടെ രക്ഷിതാക്കളെയോ കുടുംബത്തെയോ നിന്ദിക്കുന്ന രീതിയില്‍ ഞാന്‍ സംസാരിച്ചിട്ടില്ല. മരിക്കേണ്ടി വന്നാല്‍ പോലും അങ്ങനെ ചെയ്യുകയുമില്ല.’- മധ്യപ്രദേശിലെ വിവിധ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പ്രസംഗിക്കവെ രാഹുല്‍ പറഞ്ഞു.

ഞാന്‍ ആര്‍ എസ് എസുകാരനോ ബി ജെ പിക്കാരനോ അല്ല, കോണ്‍ഗ്രസുകാരനാണ്. മോദിയും ബി ജെ പിയും എത്രതന്നെ വെറുപ്പും വിദ്വേഷവുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയാലും ശരി സ്‌നേഹത്തോടെ മാത്രമെ അതിനോട് പ്രതികരിക്കൂ. ഞാനദ്ദേഹത്തെ തീക്ഷ്ണമായി ആശ്ലേഷിക്കും. മോദിയെ സ്‌നേഹം കൊണ്ടു തോല്‍പിക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും സ്‌നേഹം കൊണ്ടാണ് ഞങ്ങള്‍ മോദിയെയും ബി ജെ പിയെയും പരാജയപ്പെടുത്തിയത്.

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട നടപടിക്കെതിരെ ചോദ്യങ്ങളുന്നയിച്ച മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രാഹുല്‍ മറുപടിയേകി. ചൗഹാന്റെ സഹോദരനും മറ്റു ബന്ധുക്കള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടെയും കാര്‍ഷിക കടങ്ങളാണ് ഒഴിവാക്കിക്കൊടുത്തത്. ബി ജെ പി, കോണ്‍ഗ്രസ് എന്ന വ്യത്യാസം അതിനുണ്ടായിരുന്നില്ല- കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.