“പുണ്യാഹം തളിക്കുന്ന പുനരുത്ഥാന കേരളം” ബിന്ദു അമ്മിണി സംസാരിക്കുന്നു

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള ഒരു രാജ്യത്ത് ആചാരമെന്ന ആഭാസത്തിൻറെ ലേബലിൽ തൊട്ടുകൂടായ്‌മയുടെയും തീണ്ടിക്കൂടായ്‌മയുടെയും വകഭേദമായ പുണ്യാഹ ക്രിയകൾ മുതലുള്ള സകല അനാചാരങ്ങളെയും പുനരുജ്ജീവിപ്പിക്കുന്ന പുനരുത്ഥാന ശക്തികളെ തുറന്നുകാട്ടിക്കൊണ്ട് നാളെ 2 പിഎം ന് ചേർത്തലയിൽ ന്യൂസ് ഗിൽ ചീഫ് എഡിറ്റർ ബിന്ദു അമ്മിണി സംസാരിക്കുന്നു.

സമീപകാലത്ത് പുണ്യാഹനടപടി ആദ്യമായി അരങ്ങേറിയത് ബിന്ദു അമ്മിണിയോട് മാത്രമായിരുന്നില്ല. മുൻപ് വയലാർ രവിയുടെ മകൻ രവികൃഷ്‌ണന്റെ വിവാഹത്തിന് ശേഷവും പിന്നീട് രവികൃഷ്ണൻറെ കുട്ടിയുടെ ചോറൂണിന്‌ ശേഷവും ഗുരുവായൂരിൽ ഈ ആഭാസം അരങ്ങേറിയത് വിവാദമായിരുന്നു. അന്ന് വയലാർ രവി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏതോ കോൺഗ്രസ് പ്രവർത്തകൻ പണമടച്ച് പുണ്യാഹം നടത്തുകയും മാപ്പുപറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.

അത്തരത്തിൽ ദളിതനോടും പിന്നോക്കക്കാരനോടുമെല്ലാം ” നീയൊക്കെ ഏത് കേന്ദ മന്ത്രിയായാലും ബ്രാഹ്മണതന്ത്രിക്കും മേലെയല്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു ആ നടപടിയിലൂടെ അവർ ചെയ്തത്. അതിന്റെ തുടർച്ചയാണ് ബിന്ദു അമ്മിണിക്ക് നേരെ ശബരിമലയിൽ നടന്നത്. കേവലം വയലാർ രവിക്കോ ബിന്ദു അമ്മിണിക്കോ നേരെമാത്രമല്ല കേരളത്തിൻറെ നവോത്ഥാന പാരമ്പര്യത്തിന് നേരെയാണ്, ഒന്നെടുത്തുപറഞ്ഞാൽ നാരായണ ഗുരുവിന്റെയും അയ്യങ്കാളിയറുടെയും സഹോദരൻ അയ്യപ്പന്റേയും പൊയ്കയിൽ അപ്പച്ചന്റെയും എല്ലാം നേരെയാണ് ബ്രാഹ്മണ പൗരോഹിത്യം ഗുരുവായൂരിലെയും ശബരിമലയിലെയും ക്ഷേത്രമതിൽക്കെട്ടിനകത്തുവെച്ച് കാർക്കിച്ച് തുപ്പിയത്. നവോത്ഥാനപരമ്പര്യം അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളും അവയുടെ പിന്മുറക്കാരും ഇത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കേരള സമൂഹം ബ്രാഹ്മണന്റെ തോന്നിയവസങ്ങളെ തിരിച്ചറിയുകയും ആചാരത്തിൻറെ ലേബലൊട്ടിച്ച് വീണ്ടും ഇറക്കുമതിചെയ്യുന്ന തൊട്ടുകൂടായ്‌മയുടെ വകഭേദമായ പുണ്യാഹ നടപടി ഇനിമേൽ ബ്രാഹ്മണന്റെ ചോറ്റുപട്ടികളുടെ അടുത്തല്ലാതെ കീഴാളരായ മനുഷ്യരുടെ ഇടയിൽ ഇനി അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാനായി ദളിത് പിന്നോക്ക കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഏവരുടെയും സഹകരണം ഉണ്ടാവണമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റർ പിപി സുമനൻ ലിബി. സി.എസ് എന്നിവർ അഭ്യർത്ഥിച്ചു.