കീഴാളരെ പുണ്യാഹം തളിച്ചാൽ അടിച്ചു കരണം പുകയ്‌ക്കാൻ അയ്യൻകാളിയുടെ പിന്മുറക്കാർ തയ്യാറാവണം: പി.പി.സുമനൻ

പുണ്യാഹമൊക്കെ അങ്ങ് ചൂദ്രന്മാരുടെ അടുത്തും അവരുടെ ഏറാൻ മൂളികളുടെ അടുത്തും മതി, കീഴാളരെ പുണ്യാഹം തളിച്ചാൽ അടിച്ചു കരണം പുകയ്‌ക്കാൻ അയ്യൻകാളിയുടെ പിന്മുറക്കാർ തയ്യാറാവണമെന്ന് കേരളാ യുക്തിവാദിസംഘം സംസ്ഥാനകമ്മറ്റി അംഗം പിപിസുമനൻ.നവോത്ഥാന പ്രസ്ഥാനങ്ങൾ ആട്ടിപ്പായിച്ച് പടിയടച്ച് പിണ്ഡം വെച്ചതിനെയെല്ലാം പുനരുത്ഥാന ശക്തികൾ തിരിച്ചുകൊണ്ടുവന്നുകൊണ്ടിരിക്കുമ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങളും അവയുടെ പിന്തുടർച്ച അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളുമെല്ലാം ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

അറുപത്തെട്ട്‍ അനാചാരങ്ങൾ കേരളത്തിൽ ഏർപ്പെടുത്തിയ ശങ്കരാചാര്യരുടെ ശങ്കരസ്മൃതി എന്ന വൃത്തികെട്ട പുസ്തകത്തെ കീഴാളസമൂഹം എങ്ങനെ കാണുന്നോ അതിനേക്കാൾ അവജ്ഞയോടെ കാണേണ്ട ഒരു പുസ്‍തകമാണ് തന്ത്രസമുച്ചയം എന്നും അദ്ദേഹം കൂട്ടിചേർത്തു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാത്തിൽ ശബരിമലയിൽ ബിന്ദു അമ്മിണി കയറിയതിന്റെ പേരിൽ തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തിലുള്ള ആചാരമായ ശുദ്ധിക്രിയ നടത്തിയ നടപടിക്കെതിരെ നിയമനടപടിക്കൊപ്പം സമൂഹത്തിൽ ചർച്ചചെയ്യാനും ഇനി ഒരു കീഴാളൻ പുണ്യാഹം തളിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ തക്കതായ പ്രത്യക്ഷ ഇടപെടൽ നടത്താനും സംസ്ഥാനമൊട്ടുക്ക് രൂപീകരിക്കപ്പെട്ടിട്ടുള്ള ദളിത് പിന്നോക്ക കൂട്ടായ്മയുടെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂർ അമ്മയുടെ തീണ്ടാരിത്തുണി കച്ചവടം നിർത്തിച്ചത് ഞാനാണെന്നും 2011 ൽ ഞാൻ നിയമ നടപടി സ്വീകരിച്ചപ്പോൾ ചെങ്ങന്നൂരമ്മ ദേവപ്രശ്നത്തിലൂടെ ഇനി മേലിൽ തീണ്ടാരി ആകില്ലെന്ന് സ്വയം പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു.അങ്ങനെ ദേവപ്രശ്ന വിധിപ്രകാരം തീണ്ടാരിത്തുണി കച്ചവടം നിർത്തിയതായി അന്നത്തെ മനോരമയും മാതൃഭൂമിയും ഉൾപ്പെടെ വാർത്ത നൽകുകയും ചെയ്തിരുന്നു.എന്നാൽ ബ്ളാക്കിൽ പൂജാരിമാർ ഇപ്പോഴും തീണ്ടാരിത്തുണി കച്ചവടം നടത്തുന്നതായിട്ടും ചെങ്ങന്നൂരമ്മ തീണ്ടാരിയാകുന്നുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത്.

അതിന് ശേഷം തുപ്പൂത്താറാട്ട് നടത്തിവരുന്നുണ്ടെങ്കിലും തീണ്ടാരി തുണി കച്ചവടം ഔദ്യോഗികമായി നിർത്തി. എന്തായാലും വിവരാവകാശ നിയമപ്രകാരം ഈ വർഷം തീണ്ടാരിത്തുണി വിറ്റവകയിലുള്ള വരവെത്ര എന്ന് ഞാൻ നൽകിയ ചോദ്യത്തിന് തീണ്ടാരിത്തുണി കച്ചവടം ഇപ്പോൾ ഇല്ലെന്നാണ് ദേവസ്വം ബോർഡ് മറുപടി നൽകിയത്.

ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ശബ്ദ മലിനീകരണത്തിനെതിരെ സുപ്രീംകോടതിയിൽ പോയി വിധി സമ്പാദിച്ചതും ഇദ്ദേഹമാണ്. ഈവിധിയുടെപേരിൽ കളർകോട് ദൈവത്തിന് മൈക്ക് വേണമെന്ന ആവശ്യവുമായി അദ്ദേഹത്തിൻറെ വീടിനുമുന്നിൽ എൻ എസ് എസ് വനിതാസംഘം നിരാഹാര സത്യാഗ്രഹം വരെ നടത്തിയിരുന്നു. ഇപ്പോൾ ആറ്റുകാൽ പൊങ്കാലയ്ക്കും കുത്തിയോട്ടത്തിനുമെതിരെ ഒറ്റയാൻ സമരവും നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. ആചാരത്തിൻറെ ലേബലൊട്ടിച്ച് ഭരണഘടനയ്ക്ക് മുകളിൽ മനുസ്മൃതി പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾ വെച്ചുപൊറുപ്പിക്കത്തക്കതല്ലെന്നും അദ്ദേഹം പറഞ്ഞു.