കര്‍ദിനാളിനെതിരേ വ്യാജരേഖ ചമച്ച കേസിൽ ആദിത്യന്‍ അറസ്‌റ്റില്‍

മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ച കേസില്‍ ആലുവ ഡിവൈ.എസ്‌.പി. കസ്‌റ്റഡിയിലെടുത്ത ആദിത്യനെ അറസ്‌റ്റ്‌ ചെയ്‌തു. അദ്ദേഹത്തെ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു. ഫാ. ആന്റണി കല്ലൂക്കാരന്‍ ആവശ്യപ്പെട്ടതു പ്രകാരമാണു മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരേ താന്‍ വ്യാജരേഖ തയാറാക്കിയതെന്ന്‌ അറസ്‌റ്റിലായ ഗവേഷക വിദ്യാര്‍ഥി കൂടിയായ ഇയാള്‍ മജിസ്‌ട്രേറ്റിന്‌ മൊഴി നല്‍കി.

തേവരയിലെ കടയില്‍ വച്ചാണ്‌ വ്യാജരേഖ തയാറാക്കിയത്‌. കര്‍ദിനാളിനെതിരായ വികാരം സൃഷ്‌ടിക്കാനാണു വ്യാജരേഖ തയാറാക്കിയതെന്ന്‌ അദ്ദേഹം സമ്മതിച്ചു. താന്‍ ആദ്യം ജോലി ചെയ്‌ത സ്‌ഥാപനത്തിന്റെ സെര്‍വറില്‍ രേഖ കണ്ടെത്തിയതാണെന്നും അതാണു വൈദികര്‍ക്ക്‌ അയച്ചുകൊടുത്തതെന്നുമായിരുന്നു നേരത്തേ പോലീസിനു മൊഴി നല്‍കിയത്‌.

കര്‍ദിനാളിന്‌ സ്വകാര്യ ബാങ്കില്‍ നിക്ഷേപമുണ്ടെന്നു കാണിക്കുന്ന രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിനു ഇ-മെയില്‍ ചെയ്‌തതായി ആദിത്യന്‍ നേരത്തേ സമ്മതിച്ചിരുന്നു. ഇക്കാര്യം ഫാ. തേലക്കാട്ടിന്റെ ഇ-മെയില്‍ പരിശോധിച്ച്‌ പോലീസ്‌ സ്‌ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്‌ കസ്‌റ്റഡിയില്‍ വാങ്ങിയ ആദിത്യനെ തുടര്‍ച്ചയായി മണിക്കൂറുകളോളം ചോദ്യം ചെയ്‌തതോടെയാണു കൂടുതല്‍ വെളിപ്പെടുത്തലുണ്ടായത്‌.

പ്രമുഖ വ്യാപാര കേന്ദ്രത്തില്‍ കര്‍ദിനാളിനും മറ്റും നിക്ഷേപമുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള രേഖകളാണ്‌ തയാറാക്കിയതെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. തന്നെ ചില വൈദികര്‍ തെറ്റിദ്ധരിപ്പിച്ചാണ്‌ വ്യാജരേഖയുണ്ടാക്കിയതെന്ന്‌ ആദിത്യന്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

ഈ കേസുമായി ബന്ധപ്പെട്ട്‌ കര്‍ദിനാളിന്റെ മുന്‍ ഓഫീസ്‌ സെക്രട്ടറിയും മുരിങ്ങൂര്‍ പള്ളി വികാരിയുമായ ഫാ. ടോണി കല്ലൂക്കാരനെ കസ്‌റ്റഡിയിലെടുക്കാന്‍ ശനിയാഴ്‌ച രാത്രി ശ്രമിച്ചെങ്കിലും പോലീസ്‌ എത്തുമ്പോള്‍ അദ്ദേഹം സ്‌ഥലത്തുണ്ടായിരുന്നില്ല. പോലീസിന്റെ നീക്കത്തില്‍ ഇടവകാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

ഇതിനിടെ, കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച്‌ ആലോചിക്കാന്‍ സഭാ നേതൃത്വം ഇന്നലെ അനൗപചാരികമായി യോഗം ചേര്‍ന്നു. കൂടുതല്‍ വൈദികരുടെ പങ്കാളിത്തം പുറത്തുവരുമെന്ന ആശങ്കയാണുള്ളത്‌.

ഫാ. ടോണി കല്ലൂക്കാരന്‍  മുന്‍കൂര്‍ ജാമ്യം തേടും<

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ച കേസില്‍ പോലീസ്‌ ചോദ്യംചെയ്‌ത ഫാ. ടോണി കല്ലൂക്കാരന്‍ അറസ്‌റ്റ്‌ ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും.
രേഖ തയാറാക്കിയ കോന്തുരുത്തി സ്വദേശി ആദിത്യ കുറ്റസമ്മതം നടത്തിയതോടെയാണിത്‌.

ഈ വൈദികനാണു വ്യാജരേഖ നിര്‍മിക്കാന്‍ തന്നോട്‌ ആവശ്യപ്പെട്ടതെന്നാണ്‌ മൊഴി. സംഭവത്തില്‍ വൈദികരുടെ പേര്‌ ഉള്‍പ്പെടാതിരിക്കാനാണ്‌ ഫാ. പോള്‍ തേലക്കാട്ടിനു രേഖ നേരിട്ട്‌ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും യുവാവ്‌ പോലീസിനോടു പറഞ്ഞു. കോന്തുരുത്തി പള്ളി വികാരിയായി വന്നപ്പോള്‍ മുതല്‍ വൈദികനുമായി പരിചയമുണ്ടെന്നും പള്ളിയിലെ മതപാഠശാലയില്‍ താന്‍ അധ്യാപകനാണെന്നും അദ്ദേഹം പറഞ്ഞു..
വ്യാജരേഖ നിര്‍മിച്ചു കര്‍ദിനാളിനെ കുടുക്കാനായിരുന്നു സഭയിലെ ഒരുവിഭാഗത്തിന്റെ നീക്കമെന്നു പോലീസിന്‌ വ്യക്‌തമായിട്ടുണ്ട്‌. ഇതോടെ സംഭവത്തില്‍ കൂടുതല്‍ വൈദികരെ ചോദ്യംചെയ്യുമെന്നും ഇവര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നും പോലീസ്‌ അറിയിച്ചു. 

സത്യം പുറത്തു വരട്ടെ: മാര്‍ ആലഞ്ചേരി

സിറോ മലബാര്‍ സഭ വ്യാജബാങ്ക്‌ രേഖ കേസില്‍ സത്യം പുറത്തു വരട്ടെയെന്നു മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.
എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും വൈദികരെ ചോദ്യം ചെയ്‌തത്‌ സംബന്ധിച്ച്‌ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയുണ്ടോ എന്നു പോലീസും കോടതിയും നിശ്‌ചയിക്കട്ടെ. പോലീസ്‌ അന്വേഷണത്തെ വിലയിരുത്തി ഒന്നും പറയാനില്ലെന്നും കര്‍ദിനാള്‍ വ്യക്‌തമാക്കി.