വൃണക്കേസിൽ കമല്‍ ഹാസന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ഹൈന്ദവ തീവ്രവാദവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മതവികാരം വൃണപ്പെടുത്തിയെന്ന പരാതിയിൽ നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. തമിഴ്‌നാട്ടിലെ 76 പോലീസ് സ്‌റ്റേഷനുകളിലാണ് കമല്‍ ഹാസനെതിരെ വൃണക്കേസ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

രാജ്യത്തെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെ ആണെന്നും അവിടം മുതലാണ് എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതെന്നും ഉപ തിരഞ്ഞെടുപ്പു നടക്കുന്ന അറവകുറുച്ചി നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കമല്‍ ഹാസന്‍ പ്രസ്താവിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഹിന്ദു വികാരം വൃണപ്പെട്ടുവെന്നും സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനാണ് മക്കള്‍ നീതിമയ്യം നേതാവ് ശ്രമിക്കുന്നതെന്നും ആരോപിച്ച് ഹിന്ദു മുന്നണി കക്ഷി ഉള്‍പ്പടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ പോലീസിനു പരാതി നല്‍കുകയായിരുന്നു.