തൊവരിമല ഭൂസമരം: എം പി കുഞ്ഞിക്കണാരനും രാജേഷ് അപ്പാട്ടിനും കെ ജി മനോഹരനും ജാമ്യം

വയനാട് തൊവരിമല ഭൂസമരത്തെ തുടര്‍ന്ന് ജയിലില്‍ അടക്കപ്പെട്ട നേതാക്കള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എം പി കുഞ്ഞിക്കണാരനും രാജേഷ് അപ്പാട്ടിനും കെ ജി മനോഹരനുമാണ് ജാമ്യം അനുവദിച്ചത്. എം പി കുഞ്ഞിക്കണാരനും രാജേഷ് അപ്പാട്ടും അഞ്ചുമാസത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കരുത്, വയനാട് ജില്ലക്കാരനായ കെ ജി മനോഹരന്‍ തൊവരിമലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

തൊവരിമലയില്‍ ആദിവാസികളും, ഭൂരഹിതരും കുടില്‍ കെട്ടി ആരംഭിച്ച സമരത്തെ തുടര്‍ന്നാണ് എം.പി.കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെജി മനോഹരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മെയ് 6ന് ഭൂസമരസമിതിയുടെ കണ്‍വീനറും സി.പി.ഐ(എംഎല്‍) റെഡ്സ്റ്റാറിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ എം.പി കുഞ്ഞിക്കണാരന്‍ ജയിലില്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് കോഴിക്കോട് നടന്ന ഐക്യദാര്‍ഢ്യ സമിതിയുടെ കണ്‍വെന്‍ഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കുഞ്ഞിക്കണാരന്‍ നിരാഹാരം അവസാനിപ്പിച്ചത്.

തൊവരിമല ഭൂസമരത്തിന് പിന്തുണ കൊടുക്കുന്നതിനായാണ് ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചത്. ഡോ. കെഎന്‍ അജോയ് കുമാര്‍, അഡ്വ. പി.എ പൗരന്‍, ജി ഗോമതി, ഡോ. പിജെ ജെയിംസ്, ചിത്ര, എംകെ ദാസന്‍ എന്നീ പ്രമുഖരടങ്ങിയ നേതാക്കളുടെ കീഴില്‍ സമരം സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം. ഡോ.കെഎന്‍ അജോയ് കുമാറാണ് സമിതിയുടെ ചെയര്‍മാന്‍.