ആര്‍എസ്എസ് അനുകൂല സ്ഥാപനങ്ങളുടെ അടവാണ് എക്‌സിറ്റ് പോൾ: തേജസ്വി യാദവ്

ആര്‍എസ്എസ് അനുകൂല സ്ഥാപനങ്ങളുടെ അടവാണ് എക്‌സിറ്റ് പോളുകളെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. എല്ലാവരും ഇതു തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍ഡിഎ അധികാരത്തിലേറുമെന്ന രീതിയില്‍ വന്ന എക്‌സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തേജസ്വി ഇക്കാര്യം പറഞ്ഞത്.

‘എക്‌സിറ്റ് പോളിന്റെ പേരിലാണ് എല്ലാം വിറ്റഴിച്ചത്. ആര്‍എസ്എസിന്റെ സ്ഥാപനങ്ങളും ഉറവിടങ്ങളും നല്‍കിയ സഹായത്തിലാണ് മാനസികനില തകര്‍ക്കുക എന്ന പഴയ ആയുധമെടുത്ത് അവരിപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. തള്ളിക്കളയുക. നമ്മളാണു ജയിച്ചുകൊണ്ടിരിക്കുന്നത്. സ്‌ട്രോങ് റൂമില്‍ കണ്ണുണ്ടായിരിക്കുക. വൃത്തികെട്ട കളികള്‍ കളിക്കുന്നതില്‍ വിദഗ്ധരായ ആളുകളുടെ ഈ അടവുകള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും തേജസ്വി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പുറത്തു വന്ന ഭൂരിപക്ഷം എക്‌സിറ്റ്‌പോളുകളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം പ്രവചിച്ചത്. 2014ല്‍ ബിജെപി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എന്‍ഡിഎയ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതല്‍ 336 വരെ സീറ്റാണ് പ്രവചിക്കുന്നത്.