അക്രമത്തിന് സാധ്യതയെന്ന് ഇൻറലിജൻസ് റിപ്പോര്‍ട്ട്; സംസ്ഥാനത്ത് കനത്ത സുരക്ഷ

വോട്ടെണ്ണല്‍ ദിനമായ വ്യാഴാഴ്ച അക്രമങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. അക്രമങ്ങളുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് ഡി ജി പി. ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനു പുറമെ കേന്ദ്ര സേനയെയും നിയോഗിക്കും.

സംഘര്‍ഷ സാധ്യത കൂടുതലുള്ള കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പിലാത്ത, ഇരിട്ടി തുടങ്ങിയ ഭാഗങ്ങളില്‍ പോലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. സുരക്ഷാ സംഘത്തിന് ഏത് മേഖലയിലും എത്തിച്ചേരുന്നതിന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകക്കെടുക്കുന്നതിന് ജില്ലാ പോലീസ് മേധാവികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ഡി ജി പി അറിയിച്ചു.

22,640 പോലീസുകാരെയാണ് ജില്ലാ പോലീസ് മേധാവികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കുന്നത്. കേന്ദ്ര സേനയില്‍ നിന്നുള്ള 1344 പോലീസുകാരും രംഗത്തുണ്ടാകും.