രണ്ടാം മോദി സര്‍ക്കാര്‍ 30ന് അധികാരമേല്‍ക്കും; ബിജെപി നേതാക്കള്‍ ഞായറാഴ്ച രാഷ്ട്രപതിയെ കാണും

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകീട്ട് അഞ്ചിന്‌ ചേരുന്ന അവസാന മന്ത്രിസഭാ യോഗം മന്ത്രിസഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുമതി തേടി ബി ജെ പി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കും.

ആകെയുള്ള 543 സീറ്റുകളില്‍ 351 എണ്ണമാണ് ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ നേടിയത്. ഇതില്‍ 303ഉം ബി ജെ പി ഒറ്റക്കു നേടി. വോട്ടിംഗ് ശതമാനത്തിലും വലിയ നേട്ടമാണ് ബി ജെ പി സ്വന്തമാക്കിയത്. യു പി എക്ക് 92 സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ കോണ്‍ഗ്രസിന് 52 ആണുള്ളത്.

സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ഞായറാഴ്ച ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കാണും. നിലവിലെ സര്‍ക്കാരിന്റെ കാലാവധി ജൂണ്‍ 3 ന് അവസാനിക്കാനിരിക്കെ അവസാന മന്ത്രിസഭായോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. അതിനുശേഷം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും നടത്തിയ ശേഷമാണ് രാഷ്ട്രപതിയെ കാണുക.

ദേശീയ നേതാവില്‍ നിന്നും അന്താരാഷ്ട്ര നേതാവിലേക്ക് ഉയര്‍ന്നിരിക്കുന്ന മോഡിയുടെ ഇത്തവണത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏതെല്ലാം ലോക നേതാക്കളുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന ആകാംഷ തുടങ്ങി. 2014 ല്‍ അധികാരമേറ്റപ്പോള്‍ പാകിസ്ഥാന്‍ പ്രധനമന്ത്രി ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനൊപ്പം തന്നെ മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്ന ചോദ്യവും ഉടലെടുത്തിട്ടുണ്ട്. പ്രധാനമായും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായ്ക്ക് മന്ത്രിസഭയില്‍ നല്‍കാന്‍ പോകുന്ന പദവി സംബന്ധിച്ചുള്ളതാണ് ഏറെ ആകാംഷ ഉയരുന്നുണ്ട്. ആഭ്യന്തരവകുപ്പോ പ്രതിരോധമോ ഉപപ്രധാനമന്ത്രി സ്ഥാനമോ നല്‍കിയേക്കുമെന്നാണ് ഊഹാപോഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് ബിജെപി നേടിയത്. 304 സീറ്റുകള്‍ നേടിയ ബിജെപി ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷമാണ് തനിച്ച് കണ്ടെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ കോണ്‍ഗ്രസിന് ശേഷം തനിച്ച് ഒരു പാര്‍ട്ടി ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം നേടുന്നത് ഇതാദ്യമാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 350 സീറ്റിന് മുകളില്‍ പിടിച്ചിരുന്നു. സഖ്യം നില നിര്‍ത്തിയേക്കുമെന്ന് തന്നെയാണ് സൂചനകള്‍. ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒഴികെ എല്ലായിടത്തും ശക്തമായ സാന്നിദ്ധ്യമാകാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു.

കരുത്തു കാട്ടിയ നാലു സംസ്ഥാനങ്ങളില്‍ 60 ശതമാനം വോട്ടു പിടിച്ച എന്‍ഡിഎ മറ്റിടങ്ങളില്‍ 50 ശതമാനത്തിന് മുകളിലും വോട്ടുപിടിച്ചു. ജാതി സമവാക്യങ്ങളും പ്രാദേശിക രാഷ്ട്രീയവും തിളച്ചു മറിയുന്ന യുപിയില്‍ 49.6 ശതമാനം വോട്ടുകളാണ് പിടിച്ചത്. ഒഡീഷ ഒഴികെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. ഹിന്ദി ഹൃദയഭൂവിലെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ബിജെപിയ്ക്ക് ശക്തമായ അടിത്തറയായത്. നേരത്തേ കോണ്‍ഗ്രസ് അധികാരം പിടിച്ച രാജസ്ഥാന്‍ മദ്ധ്യപ്രദേശ്, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളില്‍ ബിജെപി കുതിച്ചു കയറിയതോടെ ഇവിടുത്തെ സംസ്ഥാന സര്‍ക്കാരുകളും പ്രതിസന്ധിയിലായി.