നരേന്ദ്ര മോഡി പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു; ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവച്ചു. മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷം രാഷ്ട്രപതി ഭവനില്‍ എത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ പ്രധാനമന്ത്രിയും മന്ത്രിമാരും ചുമതലയില്‍ തുടരാന്‍ രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. 16-ാം ലോക്‌സഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ പ്രധാനമന്ത്രി രാഷ്ട്രപതിക്ക് കൈമാറി.

നാളെ ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് മോഡിയെ ലോക്‌സഭാ കക്ഷി നേതാവായി വീണ്ടും തെരഞ്ഞെടുക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്കാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം. ഈ മാസം മുപ്പതിന് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാമൂഴത്തില്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രി സഭയില്‍ രണ്ടാമനായേക്കും. അമിത് ഷാ മന്ത്രിയാകാനില്ലെങ്കില്‍ രാജ്‌നാഥ് സിംഗ് തന്നെ രണ്ടാമനായി തുടരും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അരുണ്‍ ജെയ്റ്റ്‌ലി മോഡിയുടെ രണ്ടാം മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്നും സൂചനകളുണ്ട്.

അതേസമയം ലോക്‌സഭാ തെയരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം പൂര്‍ത്തിയായി. ഇന്നലെ വൈകുന്നേരം എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ നടപടികള്‍ ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് ഔദ്യോഗികമായി പൂര്‍ത്തിയായത്. ഏഴ് മണിയോടെ 542 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അരുണാചല്‍ വെസ്റ്റ് സീറ്റിലെ ഫലമാണ് അവസാനമായി പ്രഖ്യാപിച്ചത്. ഇവിടെ കേന്ദ്രമന്ത്രി കിരന്‍ റിജ്ജു വിജയിച്ചു. ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ബി.ജെ.പി ഒറ്റയ്ക്ക് 303 സീറ്റും എന്‍.ഡി.എ സഖ്യത്തിന് 354 സീറ്റും ലഭിച്ചു. കോണ്‍ഗ്രസ് 52 സീറ്റിലൊതുങ്ങി.