കോണ്‍ഗ്രസിന് ഒരു അമിത് ഷായുടെ കുറവുണ്ടെന്ന് മെഹബൂബ മുഫ്തി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിക്ക് പരാജയം. അനന്ത്‌നാഗ് മണ്ഡലത്തില്‍ മത്സരിച്ച മെഹബൂബ മൂന്നാം സ്ഥാനത്തായി. നാഷണല്‍ കോണ്‍ഫറണ്‍സിന്റെ ഹസ്‌നെയ്ന്‍ മസുദിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജി.എ മിര്‍ ആണ് ഇവിടെ മറ്റൊരു സ്ഥാനാര്‍ത്ഥി. 2014ല്‍ അനന്ത്‌നാഗില്‍ നിന്ന് മികച്ച വിജയം നേടിയ മെഹബൂബ ഇവിടെ നാഷണല്‍ കോണ്‍ഫറണ്‍സ് സ്ഥാനാര്‍ത്ഥിയേക്കാള്‍ 11,700 വോട്ടുകള്‍ക്ക് പിന്നിലാണ്.

ജനവിധി അംഗീകരിക്കുന്നുവെന്ന് മെഹബൂബ പറഞ്ഞു. ജനങ്ങളുടെ സ്‌നേഹം ലഭിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. തന്റെ പരാജയങ്ങളോടുള്ള എതിര്‍ നിലപാട് രേഖപ്പെടുത്താനും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ജനവിധി അംഗീകരിക്കുന്നു. നാഷണല്‍ കോണ്‍ഫറണ്‍സിന്റെ വിജയിച്ച സ്ഥാനാര്‍ത്ഥികളെ അഭിനന്ദിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരോടും സഹപ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നുവെന്നും മെഹബൂബ പറഞ്ഞു.

ബി.ജെ.പിയും എന്‍.ഡി.എയും നേടിയ മികച്ച വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും അഭിനന്ദിക്കാനും മെഹബൂബ മടിച്ചില്ല. ചരിത്രപരായ ജനവിധി നേടിയ മോഡിജിയെ അഭിനന്ദിക്കുന്നു. ഇന്നത്തെ ദിവസം തീര്‍ച്ചയായും ബി.ജെ.പിക്കും അവരുടെ സഖ്യകക്ഷികള്‍ക്കും അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന് ഒരു അമിത് ഷായുടെ കുറവുണ്ടെന്നും മെഹബുബ മുഫ്തി പറഞ്ഞു.

അമിത് ഷായുടെ നേതൃപാടവത്തെ അഭിനന്ദിച്ചുകൊണ്ടും കോണ്‍ഗ്രസിന്റെ നേതൃത്വമില്ലായ്മയെ വിമര്‍ശിക്കുന്നതുമായിരുന്നു മെഹബൂബയുടെ പ്രസ്താവന. ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാന്‍ കഴിയുന്ന നേതൃത്വം കോണ്‍ഗ്രസിനില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മെഹബൂബയുടെ വിമര്‍ശനം.