തിരഞ്ഞെടുപ്പുകള്‍ തന്നെ ഇല്ലാതാകുന്ന കാലമിങ്ങടുത്തു എന്ന് മനസിലാക്കുകയേ വേണ്ടൂ

ഏഴ് ഘട്ടങ്ങളിലായി നടന്ന നീണ്ട തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ഫലം പുറത്തുവന്നു കൊണ്ടിരിക്കെത്തന്നെ, ഇന്ത്യയിലെ പൗരന്മാര്‍ അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായ ക്രമക്കേടുകള്‍ക്ക് വിധേയമായി എന്ന വാര്‍ത്തകളും നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷമാണ് ഇ വി എമ്മുകള്‍ ബി ജെ പി അവര്‍ക്കനുകൂലമായി തയ്യാറാക്കി ഉപയോഗിച്ചു എന്ന ആരോപണങ്ങള്‍ ശക്തിയാകുന്നത്. തുടര്‍ന്നുള്ള വിവിധ തിരഞ്ഞെടുപ്പുകളിലായി ഈ ആരോപണം ശക്തിയാകുകയും ചെയ്തു.

തുടക്കത്തില്‍ ഇക്കാര്യത്തില്‍ അല്പം അമാന്തം കാണിച്ച കോണ്‍ഗ്രസ് ഗുജറാത്ത്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവസരത്തില്‍ ഇ വി എം ക്രമക്കേടുകളെ പറ്റി കാര്യമായി തന്നെ പഠിച്ചിരുന്നു. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി ജെ പി ചിഹ്നമായ താമരയിലാണ് വോട്ടു രേഖപ്പെടുത്തുന്നതെന്നായിരുന്നു ആദ്യം ഇ വി എം തട്ടിപ്പിനെ കുറിച്ചു കേട്ടിരുന്നതെങ്കില്‍ വോട്ടിംഗ് മെഷീന്‍ ക്രമക്കേട് വോട്ടിംഗ് ദിവസവും കഴിഞ്ഞ് നീളുന്ന വലിയ “പദ്ധതി’യാണെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടി പക്ഷം പിടിക്കും പോലെ പണിയെടുത്തു തുടങ്ങിയതോടെ ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങിത്തുടങ്ങി.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന്റെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ലണ്ടനില്‍ ഒരു ഇന്ത്യന്‍- അമേരിക്കന്‍ ഹാക്കറുടെ പത്രസമ്മേളനം നടന്നു. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇ വി എമ്മുകള്‍ വ്യാപകമായി ക്രമക്കേടുകള്‍ക്ക് വിധേയമാക്കി എന്നായിരുന്നു വെളിപ്പെടുത്തല്‍. പേരും വിവരങ്ങളും വെളിപ്പെടുത്താത്ത ആ ഐ ടി പ്രൊഫഷനലിന്റെ ആരോപണങ്ങളെ ഇലക്ഷന്‍ കമ്മീഷന്‍ പാടെ തള്ളിക്കളയുകയും ചെയ്തു.

ഇ വി എം മാറ്റി പഴയ ബാലറ്റ് തിരിച്ചു കൊണ്ടുവരണമെന്ന് വിവിധ പൗര സമൂഹങ്ങളുടെ നേതൃത്വത്തില്‍ ചില ക്യാമ്പയിനുകളൊക്കെ നടന്നെങ്കിലും ബാലറ്റ് കാലത്തേക്ക് ഒരു മടങ്ങിപ്പോക്ക് ഉണ്ടാകില്ല എന്ന് തന്നെയായിരുന്നു സര്‍ക്കാറിന്റെയും കമ്മീഷന്റെയും നിലപാട്. എങ്കിലും വി വി പാറ്റ് സംവിധാനം ഏര്‍പ്പെടുത്തുകയുമുണ്ടായി. പിന്നീട് നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും “മോദി തരംഗം’ വാടുന്നത് കൂടി കണ്ടതോടെ ഇ വി എമ്മിന്റെ ക്രമക്കേട് ആരോപണങ്ങള്‍ ശക്തിപ്പെട്ടു. വിദഗ്ധരായ ഹാക്കര്‍മാര്‍ക്ക് താളം തെറ്റിക്കാനും ഇഷ്ടാനുസരണം പുനഃക്രമീകരിക്കാനും സാധിക്കുന്ന ഇലക്ട്രോണിക് ഉപകരണം തന്നെയാണ് ഇ വി എമ്മും എന്നതിനാല്‍ വി വി പാറ്റുകളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തിയായി.

എന്നിട്ടും വോട്ടിംഗിനിടക്ക് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇ വി എമ്മുകള്‍ കണക്കില്‍ കവിഞ്ഞ് പണിമുടക്കാനും ഏതു ബട്ടണില്‍ അമര്‍ത്തിയാലും താമര ചിഹ്നത്തിന് നേരെ മാത്രം വെളിച്ചം തെളിയുന്ന സ്വഭാവം ആവര്‍ത്തിക്കാനും തുടങ്ങി. ഇ വി എമ്മുകള്‍ ബി ജെ പി അവര്‍ക്കൊപ്പിച്ച് ശരിപ്പെടുത്തിയിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ബി ജെ പിയല്ലാതെ ആരും ജയിക്കാന്‍ പോകുന്നില്ലെന്നും ഒരു കരക്കമ്പി രാജ്യമൊട്ടുക്ക് പടര്‍ന്നു. ബി ജെ പിക്ക് വേണ്ടിയിരുന്നതും അത് തന്നെയാണ്. ഇ വി എം ക്രമക്കേടിന്റെ ഏറെ പ്രധാനപ്പെട്ട ഒരു ഘട്ടമാണിത്. ബി ജെ പി വരരുതെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെ നിരാശരാക്കുന്ന, ഭീതിയിലാഴ്ത്തുന്ന വിദ്യ!

എന്നിട്ടും, തിരഞ്ഞെടുപ്പിന്റെ ആദ്യ ആറ് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ രാജ്യത്ത് ഒരു ബി ജെ പി വിരുദ്ധ വികാരം ശക്തമായിട്ടുണ്ട് എന്ന സൂചനകള്‍ വ്യക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെയും ശരീര ഭാഷയിലും ബി ജെ പിയുടെ തുടരെത്തുടരെ മാറിക്കൊണ്ടിരുന്ന തിരഞ്ഞെടുപ്പ് അജന്‍ഡകളും അത് കൂടുതല്‍ വെളിവാക്കുന്നുണ്ടായിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയെന്ന നിലക്ക് മോദി നടത്തിയ ആദ്യത്തെയും, ഒരുപക്ഷേ അവസാനത്തെയും പത്രസമ്മേളനത്തിനിടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്‍ ഡി എ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞു. അതും ഒറ്റക്ക് ഭൂരിപക്ഷം ഉറപ്പിക്കുമെന്നു കൂടി കൂട്ടിച്ചേര്‍ത്തു. പിറ്റേന്ന്, അതായത് ഏഴാമത്തെയും ഒടുവിലത്തെയും തിരഞ്ഞെടുപ്പ് ഘട്ടത്തിന്റെ അന്ന് കേദാര്‍നാഥില്‍ വെച്ച് മാധ്യമങ്ങളെ കണ്ട മോദി, നേരത്തെ അമിത് ഷാ പറഞ്ഞത് ആവര്‍ത്തിച്ചു. രണ്ട് പേരും പറഞ്ഞ കണക്ക് മുന്നൂറിനടുത്ത് സീറ്റുകള്‍. വൈകീട്ട്, വിവിധ എക്‌സിറ്റ് പോളുകള്‍ ബി ജെ പി അധ്യക്ഷന്റെയും പ്രധാനമന്ത്രിയുടെയും കണക്കുകള്‍ ശരിവെച്ച് പ്രൈം ടൈമുകള്‍ പൊലിപ്പിച്ചു.

ഈ പത്ര സമ്മേളനങ്ങളും എക്‌സിറ്റ് പോളുകളും വലിയ കളികള്‍ക്കുള്ള വഴിയൊരുക്കുകയാണ് ചെയ്തത്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അത് വ്യക്തമാക്കിയതാണ്. എക്‌സിറ്റ് പോളുകളുടെ കണക്കും ഫലവും ഒന്നാകുന്നതോടെ ഇ വി എം തട്ടിപ്പെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തകരുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവ്യം.

എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായി വോട്ടെണ്ണലിന് കാത്തു നില്‍ക്കവെയാണ് ഈ തിരഞ്ഞെടുപ്പ് “മഹോത്സവത്തിന്റെ’ ഏറ്റവും വലിയ വീഴ്ച നടക്കുന്നത്. ഇ വി എമ്മുകള്‍ അവ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ നിന്ന് കടത്തികൊണ്ടുപോകുന്നതും പകരം വേറെ ഇ വി എമ്മുകള്‍ കൊണ്ട് വെക്കുന്നതുമടക്കമുള്ള സംഭവങ്ങള്‍ കുറെയധികം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്, എക്‌സിറ്റ് പോളുകള്‍ വന്നതിനു പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രവചിച്ചതുമാണ്. ഇ വി എം അട്ടിമറി നടത്താന്‍ വേണ്ടി മാധ്യമങ്ങളെ ബി ജെ പി ഉപയോഗിച്ചതാണ് എന്നായിരുന്നു മമത പറഞ്ഞത്. അത് അച്ചെട്ടും കൃത്യമാകുന്നതാണ് പിന്നെ കണ്ടത്.

കഴിഞ്ഞ മധ്യപ്രദേശ്, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകളിലും ഇ വി എം കടത്തികൊണ്ടുപോകാനുള്ള ശ്രമങ്ങളുണ്ടായതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌ട്രോംഗ് റൂമുകള്‍ക്ക് കാവലിരിക്കുന്ന സ്ഥിതിയായിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലും റായ്ബറേലിയിലും പ്രവര്‍ത്തകര്‍ ഇതുപോലെ സ്‌ട്രോംഗ് റൂമുകള്‍ക്കടുത്ത് തമ്പടിച്ചിരിക്കുകയാണ്.

ബീഹാറില്‍ വലിയൊരു ലോറി നിറയെ കള്ള ഇ വി എമ്മുകളുമായി സ്‌ട്രോംഗ് റൂമിലേക്ക് വന്ന സംഘത്തെ കോണ്‍ഗ്രസ്- ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഹരിയാനയിലും സമാനമായ സംഭവമുണ്ടായി. തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇ വി എമ്മുകള്‍ കടത്തി വേറെ ഇ വി എമ്മുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇലക്ഷന്‍ കമ്മീഷന്റെ എല്ലാ ആധികാരികതകളും ഇല്ലാതാകുന്ന ഈ കൃത്യങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം പരാതിയായി കൊടുത്തിട്ടും കമ്മീഷന്‍ ചെവികൊണ്ടിരുന്നില്ല.

അരുണാചലില്‍ അഞ്ഞൂറോളം വരുന്ന മുഖം മൂടി ധാരികള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ച് ഇ വി എമ്മുകളുമായി കടന്നു കളഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഓട്ടോറിക്ഷയിലും ലോറിയിലും സ്വകാര്യ കാറുകളിലും കാളവണ്ടികളിലുമാണ് ഇ വി എമ്മുകള്‍ നീക്കുപോക്കുകള്‍ നടത്തുന്നതെന്നത് ഈ രാജ്യത്തെ ജനങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷനും അവരെ വിലക്കെടുത്ത രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കാരും കാണിക്കുന്ന പ്രഹസനവും വെല്ലുവിളിയുമാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി 21 പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ചെന്ന് കണ്ടിരുന്നു. എന്നിട്ടും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ വിസമ്മതിക്കുകയാണ് കമ്മീഷന്‍ ചെയ്തത്. ഇ വി എമ്മുകളുടെ കൃത്യത ഉറപ്പു വരുത്താന്‍ മുഴുവന്‍ വി വി പാറ്റുകളും എണ്ണി നോക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം അസംബന്ധമെന്നു പറഞ്ഞ് സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.

50 ശതമാനമെങ്കിലും വി വി പാറ്റുകള്‍ എണ്ണി നോക്കണമെന്നാണ് ഇപ്പോഴും പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇതേ ആവശ്യം കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഉന്നയിക്കുന്നുണ്ട് താനും. പക്ഷേ, അത്രയും സമയമെടുത്തു വോട്ടെണ്ണല്‍ പൂര്‍ത്തിയാകാനാണെങ്കില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചതിന്റെ യുക്തിയെന്താണെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്രയധികം വി വി പാറ്റ് മെഷീനുകളും സ്ലിപ്പുകളും നിര്‍മിച്ച സ്ഥിതിക്ക് അതുപയോഗപ്പെടുത്താതെ പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നുമില്ലാതെ യാദൃച്ഛിക തിരഞ്ഞെടുപ്പിലൂടെ ഏതെങ്കിലും ബൂത്തുകളുടെ മാത്രം വി വി പാറ്റുകള്‍ സാമ്പിള്‍ എന്ന നിലക്ക് ഒത്തുനോക്കാന്‍ തീരുമാനിച്ചതിന്റെ യുക്തിയും മനസ്സിലാകുന്നില്ല.

ഇനി ഇ വി എമ്മിലെയും വി വി പാറ്റിലെയും കണക്കുകള്‍ ചേരാതെ വന്നാല്‍ എന്താണ് നടപടിയെന്നതിനെ പറ്റി കമ്മീഷന് കൃത്യമായ പ്രോട്ടോകോള്‍ ഇല്ലെന്നതാണ് വേറെ ഒരു പ്രശ്‌നം.
ഏറ്റവും ഗുരുതരമായ പ്രശ്‌നം, ഈ വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവലംബിച്ചു കൊണ്ടിരിക്കുന്ന നടപടികളാണ്. പ്രതിപക്ഷ കക്ഷികളുടെ അപ്പീലിന് പകരം, സുപ്രീം കോടതിയില്‍ സാമ്പിള്‍ കണക്കു നോക്കലിന്റെ സാധുതയെ പറ്റി ഇലക്ഷന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടി(ഐ എസ് ഐ)ന്റെ റിപ്പോര്‍ട്ട് ആണ് പിന്‍ബലത്തിനെടുത്തിട്ടുള്ളത് എന്ന് കാണിച്ചിരുന്നു. എന്നാല്‍, അങ്ങനെ ഒരു റിപ്പോര്‍ട്ട് ഐ എസ് ഐയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ മുതല്‍, എല്ലാ മേഖലകളിലും നാണം കെട്ട പക്ഷപാതിത്വം കൊണ്ടുനടന്ന ഒരു തിരഞ്ഞെടുപ്പ് കമ്മീഷന് കീഴില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ജനഹിതത്തിനെതിരായാല്‍ അത്ഭുതപ്പെടാനില്ല. തിരഞ്ഞെടുപ്പുകള്‍ തന്നെ ഇല്ലാതാകുന്ന കാലമിങ്ങടുത്തു എന്ന് മനസിലാക്കുകയേ വേണ്ടൂ.