നവോത്ഥാന ചരിത്രത്തിലെ മിശ്രഭോജനത്തിനും കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിനും 102 വയസ്

ലിബി. സി.എസ്

1916 ൽ ശ്രീനാരയണഗുരു എസ്എൻഡിപി യോഗത്തെ തള്ളിപ്പറഞ്ഞതിന് ശേഷം ഒരുവർഷം കഴിഞ്ഞ് 1917 ഏപ്രിൽ 29 നാണ് സഹോദരൻ അയ്യപ്പൻ സഹോദര സംഘം രൂപീകരിച്ചത്. ജാതിനശീകരണം, മിശ്ര ഭോജനം,മിശ്രവിവാഹം, അധ:കൃത വർഗോദ്ധാരണം, സ്ഥിതിസമത്വവാദം എന്നിവ ഈ സംഘത്തിൻറെ പ്രവർത്തന പരിപാടികളായിരുന്നു. ഈ സംഘത്തിൻ്റെ ആഭിമുഖ്യ ത്തിലായിരുന്നു ഒരുമാസത്തിന് ശേഷം ഇന്നേക്ക് 102 വർഷം മുൻപ് ചെറായിയിൽ ചരിത്രപ്രസിദ്ധമായ മിശ്രഭോജനം നടന്നത്. ജാതിനാശത്തുക്ക് ജയ്, മത നാശത്തുക്ക് ജയ്, ദൈവശത്തുക്ക് ജയ് എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിച്ച ഈ പ്രസ്ഥാനത്തിൻ്റെ തുടർച്ചയാണു കേരളത്തിലെ യുക്തിവാദി സംഘം. സഹോദരസംഘമാണ് പിന്നീട് യുക്തിവാദിസംഘമായി മാറിയത്.

മിശ്രഭോജനത്തിന് നൂറ്റിരണ്ട്‍ വര്‍ഷം പിന്നിടുമ്പോൾ നമ്മുടെ നവോത്ഥാന പാരമ്പര്യത്തെ നിരാകരിക്കുന്ന പുനരുത്ഥാനശക്തികള്‍ മധ്യകാലിക ബ്രാഹ്മണമൂല്യങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്. ശുദ്ധാശുദ്ധങ്ങളുടേതായ ജാതി ജന്മിത്വത്തിന്റെ ധര്‍മശാസ്ത്രങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് കേരളീയ നവോത്ഥാനത്തിന്റെ നായകര്‍ പുതിയ മനുഷ്യനെയും പുതിയ സമൂഹത്തെയും കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മുളപ്പിച്ചത്. ചരിത്രത്തിന്റെ സ്വാഭാവികവും പുരോഗമനോന്മുഖവുമായ ഗതിക്ക് തടസ്സം നിന്ന ചാതുര്‍വര്‍ണ്യാധിഷ്ഠിത പ്രത്യയശാസ്ത്രങ്ങളെയും ബ്രഹ്മസ്വം ദേവസ്വം സ്വത്തുടമസ്ഥതയും ചോദ്യം ചെയ്യുന്ന ജനകീയ ഉണര്‍വുകളായാണ് നവോത്ഥാന യത്‌നങ്ങള്‍ വളര്‍ന്നുവന്നത്.

ബ്രാഹ്മണാധികാരവും അതിന്റെ പ്രത്യയശാസ്ത്രമായ ചാതുര്‍വര്‍ണ്യവും മനുഷ്യത്വരഹിതമായ ഒരു സാമൂഹികാവസ്ഥയാണ് ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും നിലനിര്‍ത്തിയത്. മനുവാദം സൃഷ്ടിച്ച തടവറയായിരുന്നു ഇന്ത്യന്‍ സമൂഹം. അധഃസ്ഥിതരെയും സ്ത്രീകളെയും നീചജന്മങ്ങളായി വ്യാഖ്യാനിച്ച് സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും അവരെ അകറ്റിനിര്‍ത്തി. മനുഷ്യോചിതമായ പരിഗണനകളോ അവകാശങ്ങളോ ഇല്ലാത്ത അടിമകളായിരുന്നു ശൂദ്രരും അതിനു ‘കീഴെയുള്ള’ ജാതിസമൂഹങ്ങളും. ക്രൂരവും നിന്ദ്യവുമായ ജാത്യാചാരങ്ങളുടെ അന്ധകാരത്തിലായിരുന്ന കേരളീയ സമൂഹത്തിലാണ് സഹോദരന്‍ അയ്യപ്പനെപോലുള്ള ധിഷണാശാലികള്‍ സാഹോദര്യത്തിന്റെ വെളിച്ചം പകര്‍ന്നത്.

കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത സമരമായിരുന്നു ശ്രീനാരായണ പ്രസ്ഥാനം മുന്നോട്ടുവെച്ചത്. തിരണ്ടുകുളി, താലികെട്ട് കല്യാണം, സദ്യ, ആഢംബരങ്ങള്‍, അനാചാരങ്ങള്‍ എല്ലാം നിശിതമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയിലാണ് സഹോദരന്‍ അയ്യപ്പന്‍ ജാതിയുടെ വേരുകള്‍ അറുക്കാനുള്ള ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുത്തത്. പ്രബുദ്ധതയുടെയും അറിവിന്റെയും ലോകത്തിലേക്ക് കടന്നുവരാന്‍ നിസ്വരും അധസ്ഥിതരുമായ ജനങ്ങളെ അദ്ദേഹം പ്രേരിപ്പിച്ചു. അനീതികരമായ എല്ലാറ്റിനെയും വിമര്‍ശിക്കാനും ധിക്കരിക്കാനും പഠിപ്പിച്ചു.

നാരായണ ദര്‍ശനങ്ങളുടെ ഉയര്‍ന്ന സൈദ്ധാന്തിക പ്രായോഗിക തലത്തെയാണ് സഹോദരന്‍ അയ്യപ്പന്‍ രൂപപ്പെടുത്തിയത്. ഈ ദിശയിലുള്ള നവോത്ഥാന യത്‌നങ്ങളുടെ അനുസ്യൂതിയിലാണ് മിശ്രഭോജനം എന്ന പരിപാടി ആസൂത്രണം ചെയ്യപ്പെട്ടത്. ചെറായിയിലെ മിശ്രഭോജനം വരേണ്യ ബ്രാഹ്മണബോധത്തെ പ്രകോപിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. സവര്‍ണ ജാതിമേധാവിത്വത്തിന്റെയും ഈഴവ പ്രമാണിമാരുടെയും എതിര്‍പ്പ് അയ്യപ്പനേറ്റുവാങ്ങേണ്ടിവന്നു.സഹോദരന്‍ അയ്യപ്പനെ അവര്‍ പുലയനയ്യപ്പനാക്കി.

‘ജാതി പോകണം അയ്യപ്പാ അതിന് എന്തെങ്കിലും കാര്യമായി ചെയ്തേപറ്റൂ’ എന്ന ഗുരുവിന്റെ ഉപദേശം കേട്ടാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനം പൂര്‍ത്തിയാക്കി അയ്യപ്പന്‍ തിരികെ കൊച്ചിയിലേക്ക് വന്നത്. പരീക്ഷ എഴുതി അയ്യപ്പന്‍ നേരെ വന്നത് ആലുവ അദ്വൈതാശ്രമത്തിലേക്കാണ്. അവിടെ ശ്രീനാരായണഗുരുവുമായി വളരെമയധികം സാമൂഹികപ്രധന്യമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു, കൂട്ടത്തിൽ ഗുരു ചോദിച്ച ‘ഇങ്ങനെ പ്രസംഗിച്ചു നടന്നിട്ട് എന്തുകാര്യം അയ്യപ്പാ? നമുക്ക് കാര്യമായി എന്തെങ്കിലും ചെയ്യണ്ടേ?’ എന്നചോദ്യം അയ്യപ്പനെ ചില തീരുമാനങ്ങൾ എടുപ്പിച്ചു. 

മലയാളക്കരയാകെ ജാതി ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തണമെന്ന കാര്യം ഗുരു അയ്യപ്പനോട് വളരെ പ്രാധാന്യത്തോടെ പറഞു. ഗുരുവിന്‍റെ വചനങ്ങള്‍ അയ്യപ്പനെ തന്‍റെ ലക്ഷ്യത്തേക്ക് കുടൂതല്‍ അടുപ്പിച്ചു. താന്‍ പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത അയ്യപ്പന് ബോധ്യപ്പെട്ടു. അതിനുവേണ്ടതായ പ്രവര്‍ത്തനരീതികളും പദ്ധതികളും അയ്യപ്പന്‍റെ ചിന്തകളെ കുടൂതല്‍ കര്‍ത്തവ്യബോധമുള്ളതാക്കി. ജാതിവേര്‍തിരിവിനെതിരെ ഒരു വലിയ കൊടുങ്കാറ്റ് അഴിച്ചുവിടാന്‍ അയ്യപ്പന്‍ തീരുമാനിച്ചു. അതിനായി അദ്ദേഹം കണ്ടെത്തിയ പ്രവര്‍ത്തനമായിരുന്നു മിശ്രഭോജനം.

അദ്ദേഹം അന്ന് തന്‍റെകൂടെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരുടെയും സ്നേഹിതന്മാരുടെയും ഒരു യോഗം വിളിച്ച്ചേര്‍ത്ത് തന്‍റെ മനസിലുള്ളതും ഗുരു പറഞ്ഞതുമായ കാര്യങ്ങള്‍ വിശദീകരിച്ചു. നമ്മള്‍ കൈകെട്ടി നോക്കിയിരുന്നാല്‍ പറ്റുകയില്ല. ജാതിനശീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടിറങ്ങണം. അന്ന് അവിടെ കൂടിയിരുന്നവര്‍ എല്ലാവരുംതന്നെ കെ. അയ്യപ്പന്‍ ബി എ ബിഎൽ എന്ന ചെറുപ്പക്കാരന്‍റെ സുദൃഢമായ വാക്കുകള്‍ നെഞ്ചിലേറ്റി.

ശ്രീനാരായണഗുരുവിന്‍റെ ഒരു വലിയ സന്ദേശം നിങ്ങളെ അറിയിക്കാനുണ്ട് എന്ന രീതിയില്‍ ഒരു നോട്ടീസ് തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ യോഗത്തില്‍ തീരുമാനമാക്കി. കീഴ്ജാതിക്കാരുമൊത്ത് മിശ്രഭോജനം നടത്താനും നിശ്ചയിച്ചു. എന്നാല്‍ കീഴ്ജാതിയില്‍നിന്നും മിശ്രഭോജനത്തിന് ആളുകളെ കിട്ടുക പ്രയാസമായിരുന്നു അന്ന്. അന്ധവിശ്വാസം അത്രയ്ക്ക് ദൃഡമായിരുന്നു. മറ്റു ജാതിക്കാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ മരിച്ചു പോകുമെന്നുവരെ വിശ്വാസിക്കുന്നവര്‍ അന്ന് ധാരാളം ഉണ്ടായിരുന്നു. അന്വേഷണത്തിനൊടുവില്‍ കെ കെ അച്യുതന്‍മാസ്റ്ററുടെ സ്ഥലത്ത് രണ്ടു കീഴ്ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞു. അവരെ മിശ്രഭോജനത്തില്‍ പങ്കെടുപ്പിക്കാം എന്ന് അദ്ദേഹം ഏറ്റു. വള്ളോന്‍,ചാത്തന്‍ എന്നീ രണ്ട് പുലയ വിദ്യാര്‍ത്ഥികളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട് സമൂഹത്തിലെ ജാതിക്കെതിരെ സമരത്തിനും സമൂഹ്യമാറ്റത്തിനുംവേണ്ടി പ്രവര്‍ത്തിക്കുവാന്‍ അവര്‍ തീരുമാനിച്ചു. പിറ്റേന്നു തന്നെ നോട്ടീസ് അച്ചടിച്ചു.

അയ്യപ്പനും അയ്യപ്പന്‍റെ മൂത്തസഹോദരി കൊച്ചിട്ടുവിന്‍റെ മകന്‍ രാമന്‍പിള്ളയും കൂടി മിശ്രഭോജനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രസ്തുത നോട്ടീസനുസരിച്ച് 1092 ഇടവമാസം 16 -ാം തീയതി ചെറായി തുണ്ടിടപറമ്പില്‍ വെച്ച് ഒരു യോഗം കൂടി. “ശ്രീനാരായണഗുരുവിന്‍റെ ഒരു വലിയ സന്ദേശം ജനങ്ങളെ അറിയിക്കാന്‍ വേണ്ടി ചെറായി തുണ്ടിടപറമ്പ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നു” എന്ന് മാത്രാമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. സഹോദരൻ അയ്യപ്പൻറെ മൂത്ത സഹോദരിയുടെ വീട് ഭോജനസ്ഥലമാക്കി നിശ്ചയിക്കുകയും ചെയ്തു.

നോട്ടീസ് നാട്ടിലാകെ പ്രചരിപ്പിച്ചു. സമയമായപ്പോള്‍ ധാരാളം ആളുകള്‍ സമ്മേളനസ്ഥലത്തേക്ക് വരാന്‍ തുടങ്ങി.നാട്ടിലെ പ്രമാണീമാരായിട്ടുള്ളവരും സാധാരണക്കാരും സമ്മേളനത്തിന് എത്തിച്ചേര്‍ന്നു. ചേന്ദമംഗലത്ത് ഈഴവോദയം എന്ന സംഘത്തിന്‍റെ നേതാക്കന്മാരായ വി കെ കേളപ്പന്‍, അച്ചുകുട്ടി ആശാന്‍ എന്നിവരും അനുയായികളും സമ്മേളനത്തിന് എത്തിച്ചേര്‍ന്നു. സംഘാടകര്‍ പ്രതീക്ഷിച്ചതിലും കുടൂതല്‍ ജനങ്ങള്‍ വിവിധകോണുകളില്‍ നിന്നും എത്തിചേര്‍ന്നത് അവരെ ആവേശഭരിതരാക്കി. ശ്രീ കെ കുമാരന്‍റെ അദ്ധ്യക്ഷപ്രസംഗത്തിനുശേഷം അയ്യപ്പന്‍ ബി എ ബിഎൽ അതിഗംഭീരമായി പ്രസംഗിച്ചു. അത് സദസ്സിനെ പിടിച്ചുലച്ചു. തങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും ആവേശകരമായ നിമിഷങ്ങളായി സദസ്യര്‍ അതിനെ കണക്കാക്കി. ജാതിപ്പിശാചിനെ നശിപ്പിക്കുന്നതിന്‍റെ ആവശ്യകതയിലുന്നി സദസ്യരുടെ മസ്തിഷ്കത്തെ പ്രക്ഷാളം ചെയ്യുന്ന വിധത്തിലുള്ള അയ്യപ്പന്‍റെ പ്രസംഗം അവരുടെ ചെവിയില്‍ തുളച്ചുകയറി.

പ്രസംഗത്തിനൊടുവില്‍ ഒരു സത്യപ്രതിജ്ഞവാചകം എല്ലാവരെയും ചൊല്ലിപ്പിച്ചു “ജാതി വ്യത്യാസം ശാസ്ത്രവിരുദ്ധവും യുക്തിക്ക് നിരക്കാത്തതും ദോഷകരവും അനാവശ്യമായതുകൊണ്ട് അതിനെ ഇല്ലാതാക്കന്‍ നിയമവിരുദ്ധമല്ലാത്ത വിധം എന്നാൽ കഴിയുന്നതൊക്കെ ചെയ്യാമെന്ന് ഞാന്‍ പൂര്‍ണ്ണ മനസ്സാലെ സമ്മതിച്ച് സത്യം ചെയ്തുകൊള്ളുന്നു.” അവിടെ കൂടിയിരുന്ന എല്ലാവരും ഒരൊറ്റ ശബ്ദത്തില്‍ അത് ഏറ്റുചൊല്ലി. 1917 മേയ് 29-നാണ് ആ മഹാസംഭവം ചെറായിയില്‍ നടന്നത്.

മിശ്രഭോജനത്തില്‍ പങ്കെടുത്ത ചെറായി പെരുമന കോരുവൈദ്യരുടെ ഒാര്‍മ്മ കളില്‍ അയ്യര്‍ എന്നു പേരുള്ള വയസ്സായ ഒരു പുലയ സമുദായത്തില്‍പ്പെട്ട ആളും അദ്ദേഹത്തിന്‍റെ, മകന്‍ കണ്ണന്‍ എന്നു പേരായ കുട്ടിയുമാണ് പങ്കെടുത്തത്. അവര്‍ രണ്ടുപേരും വീടിന്‍റെ അകത്തേക്ക് കയറാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു മഴയത്ത് നനഞ്ഞുകുളിച്ച അവരെ വീടിന്‍റെ ഉള്ളില്‍ കയറ്റി വസ്ത്രങ്ങള്‍ മാറ്റി ഭസ്മം തൊടുവിച്ച് ഇലയിട്ട് ചോറുവിളമ്പി. എല്ലാവര്‍ക്കും ഭക്ഷണം കരുതിയിരുന്നില്ല. കടലയും ചക്കക്കുരു ഉലത്തിയതുമാണ് അന്ന് കോരുവൈദ്യരുടെ ഓര്‍മ്മയില്‍ ഭക്ഷണത്തിനായി കിട്ടിയത്. അത് പുലയരുടെ ഇലയിര്‍നിന്നെടുത്ത് ഭക്ഷിച്ചു എന്നും അദ്ദേഹം പറയുന്നുണ്ട്. ഈ സമ്മേളനം വലിയകോളിളക്കം സൃഷ്ടിച്ചു. പവിത്രമെന്ന് കരുതിപ്പോന്ന ഒരാചാരം തച്ചുടയ്ക്കപ്പെട്ടാതായി യാഥാസ്ഥിതികര്‍ക്ക് തോന്നി. അതിന്‍റെ പ്രത്യാഘാതങ്ങളും ഉടന്‍ തന്നെ ഉണ്ടായി .

കുറെ ചെറുപ്പക്കാര്‍ പുലയരുമൊത്ത് ആഹാരം കഴിച്ചുവെന്നും ആചാരമാര്യദകള്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും അവരെ വെറുതെ വിട്ടുകൂടാ എന്നുമുള്ള അഭിപ്രായങ്ങള്‍ പലയിടങ്ങളില്‍ നിന്നും പൊന്തിവന്നു. സ്ഥലത്തെ ഈഴവപ്രമാണിമാരുടെ സഭയായ വിജ്ഞാനവദ്ധിനി സഭ അടിയന്തിരമായിസമ്മേളനം ചേര്‍ന്നു ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയ്ക്കൊടുവില്‍ അധികം താമസിയാതെ അവര്‍ ഒരു തീരുമാനം എടുത്തു. മിശ്രഭോജനത്തില്‍ പങ്കെടുത്ത പ്രധാനപ്പെട്ട വീട്ടുകാരെയെല്ലാം ഭ്രഷ്ട് കല്‍പ്പിച്ച് സമുദായത്തില്‍ നിന്ന് പുറത്താക്കുക. അതിനുവേണ്ടി പേരുകള്‍ തയ്യാറാക്കി ഇരുപത്തിനാലു വീട്ടുകാരെ സഭയില്‍നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു.

ഈ ഭ്രഷ്ട് കല്പനയോടുകൂടിയാണ് യാഥര്‍ത്ഥ സമരം ആരംഭിച്ചത്. മിശ്രഭോജനപ്രസ്ഥാനക്കാരും അവരുടെ അനുയായികളും യാഥാസ്ഥിതികരും അവരുടെ സഹായികളും രണ്ടും ചേരികളിലായി തിരി ഞ്ഞു, ഇരു കക്ഷികളും അവരുടെ പ്രചരണം ആരംഭിച്ചു. ഈഴവരുടെ കരയോഗങ്ങളെല്ലാം രണ്ടായി പിളര്‍ന്നു. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട 24 വീട്ടുകാര്‍ പരസ്പരം സഹായിച്ചാണ് അന്ന് കാര്യങ്ങള്‍ നടത്തിവന്നിരുന്നത്. അരയ സമുദായാംഗമായ കടുവുങ്കശ്ശേരി കുഞ്ഞന്‍ എന്നയാളുടെ ഇടപെടലുകള്‍ ഈ കുടുംബങ്ങള്‍ക്ക് ആശ്വാസമേകി. മിശ്രഭോജനത്തെത്തുടര്‍ന്ന് ചെറായിയില്‍ സഹോദരന് വലിയ പീഢനങ്ങള്‍ ഒന്നും ഏറ്റില്ലെങ്കിലും മറ്റു പ്രദേശങ്ങളില്‍ വെച്ച് അദ്ദേഹം അപമാനിക്കപ്പെട്ടിട്ടുണ്ട്. അയ്യപ്പന്‍ പുലയനയ്യപ്പന്‍ എന്ന പേരില്‍ അറിയാന്‍ തുടങ്ങി. ആക്രമണങ്ങളും അപമാനങ്ങളും നേരിടുമ്പോഴെല്ലാം ശ്രീനാരായണഗുരുവിൻറെ ‘ ക്രിസ്തുവിനെപ്പോലെ ക്ഷമിക്കണം’ എന്ന വാക്കുകള്‍ ഒരു മന്ത്രംപോലെ തന്‍റെ മനശക്തിക്കും ശാന്തിക്കുമായി അദ്ദേഹം മനസ്സില്‍ ക്കുറിച്ചിട്ടിരുന്നു.

കാലം കടന്നുപോയപ്പോള്‍ സവര്‍ണ്ണരുടെയും ഈഴവരില്‍ തന്നെയുള്ള യാഥാസ്ഥിതികരായവരുടെയും മനസ്സില്‍ മാറ്റങ്ങള്‍ വന്നു. അത് അദ്ദേഹത്തിന് ശക്തി പകര്‍ന്നു. അവര്‍ സഹോദരന്‍റെ പാതയെ പിന്‍തുടരുവാന്‍ തുടങ്ങി.സഹോദരസംഘം അനുദിനം വളര്‍ന്ന്കൊണ്ടിരുന്നു. കൊച്ചിയിലേയും തിരുവിതാംകൂറിലേയും വിവിധ സ്ഥലങ്ങളില്‍ സഹോദരസംഘത്തിനു യൂണിറ്റുകള്‍ ഉണ്ടായി സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ആഴത്തിലുള്ള ചലനങ്ങള്‍ സൃഷ്ടിച്ചു പല സ്ഥലങ്ങളില്‍ മിശ്രഭോജനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.

എന്നാൽ 102 വർഷത്തിന് ശേഷം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ നവോത്ഥാനത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും വെല്ലുവിളി നേരിടുന്ന ഒരു സാഹചര്യത്തിലാണ് നാം മിശ്രഭോജനത്തിന്റെ 102 ആം വാർഷികം ആഘോഷിക്കുന്നത്. ചാതുര്‍വര്‍ണ്യാധിഷ്ഠിത മൂല്യങ്ങളെ സ്വാംശീകരിച്ച ഹിന്ദുത്വശക്തികള്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും രാജ്യമെമ്പാടും വേട്ടയാടുന്ന അത്യന്തം പ്രതിഷേധകരമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യയും കേരളവും കടന്നുപോകുന്നത്. ഭൂരിപക്ഷ മതം രാഷ്ട്രവും ദേശീയതയുമാണെന്ന് വാദിക്കുന്ന ബ്രാഹ്മണാധികാരത്തിന്റെ ശക്തികള്‍ മധ്യകാല ജീര്‍ണതകളെയെല്ലാം പുനരാനയിക്കുകയാണ്. പൗരന്മാരുടെ ഭക്ഷണസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന കാലം. ഈയൊരു കെട്ടകാലത്തെ അതിജീവിക്കാന്‍ സഹോദരന്‍ അയ്യപ്പനെപോലുള്ള നവോത്ഥാന നായകരുടെ ആശയങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടേ കഴിയൂ.

മെയ് 29: (1191 ഇടവം 15) ശ്രീനാരായണ ഗുരു ”നമുക്ക് ജാതിയില്ല” എന്ന വിളംബരം പുറപ്പെടുവിച്ചതിന്റെ വാർഷിക ദിനത്തിലാണ് സഹോദരൻ മിശ്രഭോജനം നടത്തിയത്,

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622