Saturday, September 23, 2023

Latest Posts

മലയാളത്തിൽ ആദ്യത്തെ അപസർപ്പകനോവൽ എഴുതിയ, കൊച്ചിരാജാവിൻറെ അവാർഡ് നിരസിച്ച സ്ത്രീ

വിനീത് സുകുമാരൻ

ജൂൺ 6: തരവത്ത് അമ്മാളു അമ്മയുടെ ഓർമ്മദിനം (1873 – 1936)

മലയാള ഗദ്യശാഖയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ മഹതിയാണ് തരവത്ത് അമ്മാളു അമ്മ. സ്ത്രീപക്ഷ എഴുത്തുകാര്‍ ആ നിലയ്ക്ക് സംഘടിക്കുന്നതിന് ഏതാണ്ടൊരു നൂറ്റാണ്ടു മുന്‍പു തന്നെ സ്ത്രീ രചനയുടെ ശക്തിയും സൗന്ദര്യവും പ്രകടമാക്കിയ അമ്മാളു അമ്മ സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാ വിഭാഗത്തിൽപ്പെട്ട വായനക്കാർക്കും സ്മരണീയയാണ്.

തമിഴ്, സംസ്കൃതം, ഇംഗ്ളീഷ് എന്നീ ഭാഷകളിലെ മികച്ച കൃതികളെ മലയാളത്തിന് പരിചയപ്പെടുത്തുക എന്ന ദൗത്യമായിരുന്നു ഇവര്‍ പ്രധാനമായും നിര്‍വഹിച്ചത്.ഇവര്‍ ഒരു ബുദ്ധ ഭക്തയായിരുന്നു. ലൈറ്റ് ഓഫ് ഏഷ്യ എന്ന ഗ്രന്ഥം ‘ബുദ്ധഗാഥ’ എന്ന പേരില്‍ പരിഭാഷപ്പെടുത്തി. സംസ്കൃതത്തിലുള്ള ശിവശക്തി വിലാസത്തിന് മലയാള ഭാഷ്യം ചമച്ചു.

തരവത്ത് അമ്മാളു അമ്മയുടെ പ്രധാന കൃതി തീര്‍ത്ഥയാത്ര എന്ന യാത്രാ വിവരണമാണ്. ചന്ദ്രിക, ബാലബോധിനി, ലീല, കൃഷ്ണ ഭക്തി തുടങ്ങിയവയാണ് മറ്റു കൃതികള്‍. ഇവയില്‍ ചിലത് മുമ്പ് കാലത്ത് പാഠപുസ്തകങ്ങള്‍ ആയിട്ടുണ്ട്. മൗലിക കൃതികൾ കൂടാതെ സംസ്കൃതത്തിൽനിന്നും തമിഴിൽനിന്നും ഒട്ടേറെ കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

1914-ൽ ‘കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം’ എന്ന കൃതിയിലൂടെ മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ രചിച്ച് ചരിത്രം സൃഷ്ടിച്ച എഴുത്തുകാരിയാണ് തരവത്ത് അമ്മാളു അമ്മ.

1862ല്‍ പാലക്കാട്ട് ജില്ലയിലെ തരവത്ത് കുടുംബത്തിൽ ജനനം. മുന്‍സിഫ്‌ ശങ്കരന്‍ നായരുടെയും കുമ്മിണിയമ്മയുടെയും മകളാണ്‌ അമ്മാളു അമ്മ. സ്വപരിശ്രമത്താൽ മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അവഗാഹം നേടിയ അമ്മാളു അമ്മയ്ക്ക് കൊച്ചി മഹാരാജാവ് സാഹിത്യ സഖി ബിരുദം നല്കാൻ തയ്യാറായെങ്കിലും അവർ അതു സ്വീകരിച്ചില്ല.

ആതുര ശുശ്രൂഷയ്‌ക്കും ദാനധര്‍മ്മങ്ങള്‍ക്കും ഇവര്‍ പേര്‌ കേട്ടിരുന്നു. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടു കടത്തിയപ്പോൾ അദ്ദേഹത്തിനും കുടുംബത്തിനും അഭയം നല്‍കുകവഴി തിരുവിതാംകൂർ ചരിത്രത്തിലും ഇടം നേടി. മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ട്.

ശേഷന്‍ ഭട്ടര്‍ സംസ്‌കൃതത്തില്‍ രചിച്ച `ഭക്തമാല’യുടെ ഭാഷാന്തരീകരണത്തിലൂടെയാണ്‌ അമ്മാളു അമ്മ സാഹിത്യ രംഗത്തേക്ക്‌ കടന്നു വരുന്നത്‌. പ്രശസ്‌തരായ ഏതാനും ഭക്തരുടെ ജീവചരിത്രമായിരുന്നു അതിന്റെ ഉള്ളടക്കം.

നല്ലൊരു പ്രഭാഷക കൂടിയായിരുന്നു അമ്മാളു അമ്മ. 1929ലെയും 1930ലെയും സാഹിത്യപരിഷത്‌ സമ്മേളനങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്‌. ഭാഷ എങ്ങനെ അഭിവൃദ്ധിപ്പെടുത്താം എന്ന വിഷയത്തിലൂന്നി അവര്‍ നടത്തിയ പ്രഭാഷണം അക്കാലത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൃതികൾ: ലീല, കോമളവല്ലി -2 ഭാഗങ്ങൾ, (നോവൽ), ഭക്തമാല – 3 ഭാഗങ്ങൾ, ബുദ്ധചരിതം, ബാലബോധിനി, ഭക്തമാലയിലെ ചെറുകഥകൾ, സർവ്വവ്വേദാന്ത സിദ്ധാന്തസാരസംഗ്രഹം, കൃഷ്ണഭക്തിചന്ദ്രിക, ബുദ്ധഗാഥാചന്ദ്രിക, ഒരു തീർഥയാത്ര, ശ്രീശങ്കരവിജയം, ശിവഭക്തവിലാസം.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.