യു എന്‍ എയിലെ സാമ്പത്തിക ക്രമക്കേട്: പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉൾപ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു

യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ (യു എന്‍ എ) സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ നാലുപേര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ, യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിതിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജാസ്മിന്‍ ഷാ ആണ് ഒന്നാം പ്രതി. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഘടനക്കുള്ളിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ ഡി ജി പി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ക്രൈം ബ്രാഞ്ച് എ ഡി ജി പിയുടെ ശിപാര്‍ശയിലാണ് ഡി ജി പി ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ തൃശൂര്‍ ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സൂപ്രണ്ടിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

സംഘടനയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ ചേര്‍ന്നു മൂന്നര കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപിച്ച് മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പരാതി നല്‍കുകയായിരുന്നു. 2017 ഏപ്രില്‍ ഒന്നു മുതല്‍ 2019 ജനുവരി 31 വരെയുള്ള കാലയളവില്‍ അക്കൗണ്ടിലേക്കു വന്ന മൂന്നു കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.