മാധ്യമ പ്രവർത്തകൻ കനോജിയയുടെ അറസ്റ്റിനെ അപലപിച്ച് രാഹുലും പ്രിയങ്കയും

തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പ്രശാന്ത് കനോജിയ എന്ന മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിയെ അദ്ദേഹം അപലപിച്ചു.

സംഘ്പരിവാറിന്റെ അജന്‍ഡക്കനുസരിച്ചു മാധ്യമ പ്രവര്‍ത്തകരെ ജയിലിലടയ്ക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ വലിയ കുറവ് ഉണ്ടാകും. ഇത്തരത്തിലുള്ള മണ്ടത്തരമാണ് യു പി മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും നടപടിയെ അപലപിച്ചു.

പ്രശാന്ത് കനോജിയയെ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.