യോഗിക്ക് തിരിച്ചടി; അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കാൻ സുപ്രീം കോടതി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന കുറ്റത്തിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്‌സൈറ്റായ ദ വയറിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നത് കൊലക്കുറ്റം പോലെ കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രശാന്തിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് പറഞ്ഞ കോടതി മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും വ്യക്തമാക്കി. ഇത്തരത്തിലുള്ള പോസ്റ്റുകളെ അംഗീകരിക്കുന്നില്ല. പക്ഷേ അതിന്റെ പേരില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിക്കൂട. എന്നാൽ ഉത്തരവിനെ അപകീർത്തികരമായ പോസ്റ്റുകൾ ഇടുന്നതിനുള്ള അ‌ംഗീകാരമായി ആരും കാണേണ്ടെന്നും സുപ്രീ‌ കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനോജിയക്കെതിരെ ഐടി ആക്ടിലെ സെക്ഷന്‍ 500, സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ പ്രകാരം ആദ്യം കേസെടുത്ത പോലീസ് പിന്നിറ്റ് കൂടുതല്‍ വകുപ്പുള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.

കനോജിയയെക്കൂടാതെ പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും യോഗി ആദിത്യനാഥിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് യുവതി പറയുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്റെ മേധാവി ഇഷിത സിങിനെയും മറ്റു മാധ്യമപ്രവര്‍ത്തകരെയും യുപി പോലീസ് അറസ്റ്റ് ചെയ്തത്.