നീലകണ്ഠൻ ഉപാധികളോടെ രണ്ടു മാസത്തേക്ക് കോട്ടൂരിലെ പുനരധിവാസ കേന്ദ്രത്തിലേക്ക്

കൊല്ലം ശാസ്താംകോട്ട അയ്യപ്പക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആനയെ ഉപാധികളോടെ രണ്ടു മാസത്തേക്ക് കോട്ടൂരിൽ ഉള്ള മൃഗ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

കഴിഞ്ഞ 12 വർഷമായി നരകയാതനയിൽ കഴിഞ്ഞിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ ഉള്ള നീലകണ്ഠനെ കഴിഞ്ഞ 3 വർഷമായി മദപ്പാട് എന്ന പേരിൽ ചങ്ങലയിൽ തളച്ചിരിക്കുകയായിരുന്നു.

ആനിമൽ ലീഗൽ ഫോഴ്‌സ് (Animal Legal Force) എന്ന സംഘടനയുടെ ഇടപെടലിനെ തുടർന്നുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽപെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ച് 2018 ഡിസംബറിൽ കേസ് എടുത്തിരുന്നെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി ആഗ്രയിൽ പ്രവർത്തിക്കുന്ന SOS wildlife എന്ന സംഘടനയുടെ ആശുപത്രിയിലേക്ക് മാറ്റണം എന്ന ആവശ്യം പല സംഘടനകളും കോടതിയിൽ ഉന്നയിച്ചിരുന്നു. SOS ന്റെ വിദഗ്ദ്ധ സംഘം ആനയെ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.

കോട്ടൂർ പുനരധിവാസ താവളം ആനകളുടെ concentration ക്യാമ്പ് ആണെന്ന് ഏംഗൽസ് നായർ കോടതിയെ അറിയിച്ചെങ്കിലും ആഗ്രവരെ മൂവായിരത്തോളം കിലോമീറ്റർ ദൂരം ആനക്ക് ആംബുലൻസിൽ സഞ്ചരിക്കാൻ സാധിക്കുമോ എന്ന ആശങ്കയാണ് ജസ്റ്റിസ് C Tഹരികുമാരും ജസ്റ്റിസ് N നഗരേഷും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള കാരണം. ഇപ്പോൾ പരിപാലിച്ചുകൊണ്ടിരിക്കുന്ന പാപ്പാന്മാർ തന്നെ കോട്ടൂരിലും പരിപാലിക്കണം, രണ്ടാഴ്ച കൂടുമ്പോൾ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഡോക്ടർമാർ 24 മണിക്കൂറും ഉണ്ടായിരിക്കണം തുടങ്ങിയ നിബന്ധനകൾ കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. യാത്ര ചെയ്യാനുള്ള ആരോഗ്യം കൈവന്നാൽ ആഗ്രയിലെ SOS ലേക്ക് ആനയെ അയക്കുന്ന കാര്യം കോടതി രണ്ടു മാസത്തിനു ശേഷം പരിഗണിക്കും.