ബിജെപി കുഴിച്ച കുഴിയിലേക്ക് സ്വയം എടുത്തു ചാടാൻ സിപിഐ(എം) തയ്യാറായിരിക്കുകയാണ്

ബിന്ദു അമ്മിണി 

ഇടതുപക്ഷം ഒരു പ്രതീക്ഷ ആയിരുന്നു. എന്നാൽ BJP കുഴിച്ച കുഴിയിലേക്ക് സ്വയം എടുത്തു ചാടാൻ CPM തയ്യാറായിരിക്കുകയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച കോൺഗ്രസ്സിനെ ജനങ്ങൾ വിശ്വാസത്തിലെടുത്തില്ല. ചിലർ ഭയം കൊണ്ട് NDA യ്ക്ക് വോട്ട് ചെയ്തു, മറ്റ് ചിലർ മാറി നിന്നു, മറ്റ് ചിലരെ ഭീഷണിപ്പെടുത്തി മാറ്റി നിർത്തി.

സംഘപരിവാറിനെ പ്രതിരോധിയ്ക്കാൻ പ്രാപ്തമായ ഒരു ബദൽ ഇല്ലാത്തതു കൊണ്ട് നിസഹായരായ മത ന്യൂനപക്ഷങ്ങൾക്ക് സംഘപരിപാറിന് തന്നെ വോട്ട് ചെയ്യേണ്ടി വന്നു.

എന്നാൽ കേരളത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. അഖിലേന്ത്യാടിസ്ഥാനത്തിൽ വീണ്ടും NDA വരരുത് എന്നാഗ്രഹിച്ച മത ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി UDf ന് വോട്ടു ചെയ്തു.

അവർ ശബരിമലയിലെ നിലപാടിന്റെ അടിസ്ഥാനത്തിൽ അല്ല അത്തരം തീരുമാനത്തിലെത്തുന്നത്. അതിൽ മുസ്ലീം – കൃസ്ത്യൻ മത ന്യൂനപക്ഷങ്ങൾക്ക് വലിയ താല്പര്യം ഉണ്ടാകാനിടയില്ല. പിന്നെ ആചാര സംരക്ഷകർ എന്നു പറഞ്ഞു വന്നവരുടെ ഒക്കെ വോട്ട് BJP യ്ക്ക് കിട്ടുകയും ചെയ്തു.

എന്നാൽ കേരളത്തിലെ ഇടതുപക്ഷം എന്താണ് ചെയ്തത്. ശബരിമല വിഷയത്തിൽ തെറ്റുതിരുത്തും എന്ന് പറയുന്ന CPM കേന്ദ്ര കമ്മിറ്റി മറുപടി പറയണം.

1. നിങ്ങൾ എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണോ ബിന്ദു അമ്മിണി എന്ന ഞാനും കനക ദുർഗ്ഗയും ശബരിമലയിലേക്ക് പുറപ്പെട്ടത്?

2. ഇന്ന് ഈ ദിവസം വരെ എന്റെയോ കനക ദുർഗ്ഗയുടെ യോ വീട്ടിലേക്ക് പാർട്ടി ബ്രാഞ്ച് സെക്രട്ടറി എങ്കിലും സൗഹൃദ സന്ദർശനം എങ്കിലും നടത്തിയിട്ടുണ്ടോ?

3. യുവതീ പ്രവേശനവുമായ് ബന്ധപ്പെട്ട് -ലിംഗ നീതിയുമായ് ബന്ധപ്പെട്ട് പാർട്ടി നിലപാട് എന്താണ്?

4. തെരഞ്ഞെടുപ്പിന് മുൻപ് നിരവധി പ്രോഗ്രാമുകളിലേക്ക് ക്ഷണിച്ചിരുന്നു എങ്കിലും ഏതെങ്കിലും തരത്തിൽ പാർട്ടിക്ക് സ്വാധീനം ഉള്ളതാണെങ്കിൽ പാർട്ടി ഇടപെട്ട് അത് മുsക്കിയതെന്തിന്?

5. അനാചാരങ്ങൾ സംരക്ഷിയ്ക്കുന്നതിൽ പാർട്ടി നിലപാട് എന്നാണ്?

6. എന്തുകൊണ്ട് കൃത്യമായ രാഷ്ട്രീയം അണികളുടെ ഇടയിൽ പോലും ചർച്ച ചെയ്യാൻ തയ്യാറായില്ല?

7. നിങ്ങളും പറയാതെ പറഞ്ഞു കൊണ്ട് ഞങ്ങളും വിശ്വാസ സംരക്ഷകർ ആണെന്ന് വരുത്തിത്തീർക്കാനല്ലേ ശ്രമിച്ചത്?

8. ഇവിടെ ഇടതു പക്ഷത്തുനിന്ന് മാറി നിന്നിരുന്ന ഇടതു സഹയാത്രികരെ നിങ്ങൾ എന്തുകൊണ്ട് കാണാതെ പോയി. അവരുടെ തിരിച്ചുവരവ് എന്തുകൊണ്ട് ചർച്ച ചെയ്യപ്പെട്ടില്ല?

9. എവിടെ വി.എസ്സ്?

10. കേരള സർക്കാരും CPM ഉം രണ്ടല്ലേ? CPM കൃത്യമായ നിലപാട് എപ്പോഴെങ്കിലും പറഞ്ഞോ?

11.സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ സർക്കാർ അത് സാധ്യമല്ല എന്ന് പറയുമോ
ഭരണഘടനാപരമായ ചില ബാധ്യതകൾ സർക്കാരിനുണ്ട്. എന്നാൽ പാർട്ടിയ്ക്ക് വ്യത്യസ്ത നിലപാട് സ്വീകരിയ്ക്കാം.

ഞാൻ CPM കാരനായ സഖാവ് പിണറായി വിജയന്റെ വാക്ക് വിശ്വസിച്ചല്ല ശബരിമലയിലേക്ക് ഇറങ്ങി പുറപ്പെട്ടത്. കേരളത്തിന്റെ മുഖ്യ മന്ത്രിയായ സഖാവ് പിണറായി വിജയൻ പബ്ലിക്കായ് നിലയ്ക്കലോ പമ്പയിലോ എത്തിയാൽ സംരക്ഷണം നല്കുമെന്ന് പറഞ്ഞത് വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ടതാണ്.

ക്യത്യമായ് രാഷ്ട്രീയം പ്രചരിപ്പിയ്ക്കുന്നതിൽ വരുത്തിയ ബോധപൂർവ്വമായ വീഴ്ച ആണ് ഇടതുപക്ഷത്തിന്റെ തകർച്ചയ്ക്കു കാരണമായത്.

നിങ്ങൾ വിലയിരുത്തിയത് തീർത്തും തെറ്റാണ്. ചരിത്രപരമായ തെറ്റ്. കാലം അത് തെളിയിക്കും. സവർണ്ണ മാടമ്പിത്തരത്തിന് വളരാനുള്ള മണ്ണ് പാകപ്പെടുത്തിക്കൊടുത്ത വർ എന്ന് സ്വയം വിമർശനം ചെയ്യേണ്ടി വരും. പക്ഷേ അന്ന് വൈകിപ്പോയിട്ടുണ്ടാവും. സഖാവ് പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങൾ സൂക്ഷിച്ചിരുന്ന ഞാൻ യുവതീ പ്രവേശനവുമായ് ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടിനെ പൂർണ്ണമായ് പിന്തുണയ്ക്കുന്നു. അതേ സഖാവ് പിണറായി വിജയനൊപ്പം.